കൊച്ചി: ലക്ഷദ്വീപ് വികസനവുമായി ബന്ധപ്പെട്ട് അഡ്‌മിനിസ്‌ട്രേഷൻ തയ്യാറാക്കിയ നിയമ നിർമ്മാണത്തെപ്പറ്റി പൊതു ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. അഡ്‌മിനിസ്‌ട്രേഷനും ജനങ്ങളുമായി മികച്ച ആശയ വിനിമയം ആവശ്യമാണെന്നും കോടതി പരാമർശിച്ചു.

ലോക്ഡൗണായതിനാൽ അഭിപ്രായം അറിയിക്കാൻ സാവകാശം തേടി ലക്ഷദ്വീപ് നിവാസികൾ തന്നെ സമർപ്പിച്ച ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.

ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിങ് റെഗുലേഷൻ 2021 എന്ന പേരിലുള്ള നിയമനിർമ്മാണത്തിന്റെ കരട് ചോദ്യം ചെയ്തുള്ള ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ലോക്‌ഡൗൺ ആയതിനാൽ കരട് സംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ ഒരു മാസത്തെ സാവകാശം കൂടി വേണമെന്നായിരുന്നു ആവശ്യം. എന്നാൽ ആവശ്യത്തിന് സമയം അനുവദിച്ചതാണെന്നും 593 അഭിപ്രായങ്ങൾ ഇതേവരെ പൊതുജനങ്ങളിൽ നിന്ന് കിട്ടിയിട്ടുണ്ടെന്നും കൂടുതൽ സമയം അനുവദിക്കേണ്ട കാര്യമില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

എന്നാൽ അഡ്‌മിനിസ്‌ട്രേഷൻ നടപ്പാക്കുന്ന നിയമപരിഷ്‌കാരത്തോട് പൊതു ജനങ്ങൾക്കിടയിൽ വലിയ വിയോജിപ്പ് ഉണ്ടെന്നും നടപടികൾ ഏകപക്ഷീയമാണെന്നും ഹർജിക്കാർ നിലപാടെടുത്തു. ഇതോടെയാണ് രണ്ടാഴ്ചത്തെക്കുടി സമയം കൂടി അനുവദിച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

പുതുതായി ലഭിക്കുന്ന നിർദേശങ്ങൾ അഡ്‌മിനിസ്‌ട്രേഷൻ കേന്ദ്ര സർക്കാരിന് കൈമാറണമെന്നും കോടതി നിർദേശിച്ചു. അതേ സമയം ലക്ഷദ്വീപിലെ പരിഷ്‌കാരങ്ങൾക്കെതിരെ പ്രതിഷേധം തുടരുകയാണ്.