കൊച്ചി: സിബിഎസ്ഇ സ്‌കൂളുകളിലെ ഫിസ് നിർണയത്തിന് സർക്കാർ സംവിധാനം വേണമെന്ന് ഹൈക്കോടതി. കോവിഡ് കാലത്ത് സിബിഎസ്ഇ സ്‌കൂളുകളുകൾ വിദ്യാർത്ഥികളിൽ നിന്ന് ഉയർന്ന് ഫീസ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്‌കൂളുകളുടെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ച് സർക്കാർ തീരുമാനമെടുക്കണമെന്നും സർക്കാർ രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നും ഹൈക്കോടതി അറിയച്ചു. ഫീസ് നിർണയത്തിൽ ഇടപെടാനാകില്ലെന്ന സിബിഎസ് സിയുടെ നിലപാടിൽ ഹൈക്കോടതി അതൃപ്തിയും പ്രകടിപ്പിച്ചു.

സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസിനു കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് സർക്കാർ നടപടി. സ്‌കൂൾ നടത്തിക്കൊണ്ട് പോകാൻ ആവശ്യമായ തുക മാത്രമേ ഫീസായി വാങ്ങാൻ പാടുള്ളൂ. നേരിട്ടോ അല്ലാതെയോ ലാഭമുണ്ടാക്കുന്ന തരത്തിൽ ഫീസ് വാങ്ങാൻ പാടില്ലെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ സർക്കുലറിൽ വ്യക്തമാക്കുന്നു.

ഹൈക്കോടതി വിധിയെ തുടർന്നാണ് സി.ബി.എസ്.ഇ സ്‌കൂളുകളിലെ ഫീസിനു സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. കോവിഡ് കാലത്ത് സ്‌കൂളുകൾ ഉയർന്ന ഫീസ് ആവശ്യപ്പെടുന്നതായി നിരവധി പരാതികളുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ ഫീസ് കുറയ്ക്കണമെന്നും മുൻവർഷത്തേക്കാൾ കൂടുതൽ ഫീസ് വാങ്ങരുതെന്നും മുഖ്യമന്ത്രി മാനേജ്‌മെന്റുകളോട് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ ഇത് അംഗീകരിക്കാതെ പല മാനേജ്‌മെന്റുകളും ഉയർന്ന ഫീസാണ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത്.

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ ഇത്തരം ആവശ്യം അനാവശ്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഫീസ് നിയന്ത്രിക്കുന്നതിൽ ഇടപെടാൻ നിർദ്ദേശിച്ചത്. ഒരു മാനേജ്‌മെന്റും ഈ അധ്യയന വർഷം സ്‌കൂൾ നടത്തിക്കൊണ്ട് പോകാൻ ചെലവാകുന്ന യഥാർത്ഥ തുകയേക്കാൾ അധികം തുക ഫീസായി വാങ്ങരുത്. കോവിഡ് മഹാമാരി എല്ലാ വിഭാഗം ജനങ്ങളേയും ബാധിച്ചിട്ടുണ്ട്. അതിനാൽ നേരിട്ടോ അല്ലാതെയോ ലാഭമുണ്ടാക്കുന്ന തരത്തിൽ ഫീസ് ഈടാക്കാൻ അനുവദിക്കില്ല. കോവിഡ് സാഹചര്യത്തിൽ ഓരോ സ്‌കൂളും വിദ്യാർത്ഥിക്ക് നൽകുന്ന സൗകര്യങ്ങൾ അനുസരിച്ചാകണം ഫീസ് നിശ്ചയിക്കേണ്ടത്. ഇതു അധിക തുകയല്ലെന്നും ലാഭമുണ്ടാക്കുന്നതല്ലെന്നും മാനേജ്‌മെന്റുകൾ ഉറപ്പാക്കണം. ഈ അധ്യയന വർഷത്തേക്ക് മാത്രമാണ് നിയന്ത്രണമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കുന്നു. ഇതുറപ്പാക്കാൻ എല്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.