കൊച്ചി: ദത്തു നൽകാനായി ശിശുക്ഷേമ സമിതിക്കു കൈമാറിയ ഒരു വയസ്സുകാരിയെ മാതാപിതാക്കൾക്കു തിരികെ നൽകാൻ ഹൈക്കോടതി നിർദ്ദേശം. വിവാഹം ചെയ്യും മുൻപ് ഒരുമിച്ചു ജീവിക്കുന്നതിനിടെയുണ്ടായ കുഞ്ഞിനെ അമ്മ ശിശുക്ഷേമ സമിതിക്കു കൈമാറിയെങ്കിലും പിന്നീട് തിരികെ ആവശ്യപ്പെട്ട് ദമ്പതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തിരികെ നൽകുന്നതിനുള്ള നിയമാനുസൃത നടപടികൾ ഒരുമാസത്തിനുള്ളിൽ ആരംഭിക്കാനാണു ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ഡോ.കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

സാമൂഹിക പ്രവർത്തകരായ ദമ്പതികൾ വിവാഹിതരാകാതെ ഒന്നിച്ചു താമസിക്കുന്നതിനിടെ കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണു കുഞ്ഞു ജനിച്ചത്. ബന്ധം മുറിഞ്ഞതോടെ 2020 മെയ്‌ 8ന് അനിത കുഞ്ഞിനെ എറണാകുളം ശിശുക്ഷേമ സമിതിക്കു കൈമാറി. ദത്തുനൽകുന്നതിന് ഉൾപ്പെടെയുള്ള കരാറിലും ഒപ്പിട്ടു. അവിവാഹിതയായ അമ്മയായി അനിതയെ പരിഗണിച്ച് ഇതനുസരിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ശിശുക്ഷേമ സമിതി കുഞ്ഞിനെ ഏറ്റെടുത്തത്.

ഈ ഫെബ്രുവരി 2നു കുടുംബക്കോടതി ഉത്തരവിനെ തുടർന്ന് കുഞ്ഞിനെ ഒരു കുടുംബം ദത്തെടുത്തു. എന്നാൽ, ഫെബ്രുവരി 10ന് മാതാപിതാക്കൾ കുഞ്ഞിനുവേണ്ടി ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകി. തുടർന്നു കോടതി ഹർജി സ്വമേധയാ റിവിഷൻ പെറ്റിഷനായി പരിഗണിക്കുകയായിരുന്നു.

ലിവ്ഇൻ റിലേഷൻഷിപ്പിലുണ്ടായ കുട്ടിയെ വിവാഹിതരായ ദമ്പതികൾക്കുണ്ടായ കുട്ടിയായി കണക്കാക്കണമെന്നു ബാലനീതി നിയമത്തിന്റെ (ജുവനൈൽ നിയമം) അടിസ്ഥാനത്തിൽ കോടതി വിലയിരുത്തി.