കൊച്ചി: ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പത്ത് കോടി രൂപ തിരിച്ച് നല്കണമെന്ന് ഹൈക്കോടതി. ദേവസ്വം ബോർഡ് പണം നല്കിയത് നിയമവിരുദ്ധമെന്നും ദേവസ്വം ആക്ട് പ്രകാരം മറ്റ് കാര്യങ്ങളാക്കായി ദേവസ്വം ബോർഡിന്റെ പണം അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി ഫുൾ ബഞ്ച് ചൂണ്ടികാട്ടി. ദേവസ്വം ഫണ്ട് ദുരിതാശ്വാസ നിധിക്ക് നൽകാനുള്ള തീരുമാനം നിയമ വിരുദ്ധവും സ്വേഛാപരവുമാണെന്നു ചൂണ്ടികാട്ടി ഹിന്ദു ഐക്യ വേദി അടക്കം നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്.

ദേവസ്വം ആക്ടിലെ 27ാം വകുപ്പ് പ്രകാരം മറ്റ് ആവശ്യങ്ങൾക്കായി പണം ചെലവൊഴിക്കാൻ കഴിയില്ല എന്ന ഹൈക്കോടതിയുടെ മുൻ ഉത്തരവാണ് ഫുൾ ബെഞ്ച് ശരിവെച്ചത്. ഈ വിഷയത്തിൽ വ്യക്തത വരുത്താനാണ് ഹൈക്കോടതി ഫുൾബെഞ്ചിന് കൈമാറിയത്. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ദേവസ്വം ബോർഡിന്റെ പ്രവർത്തനപരിധിയിൽ വരുന്നതല്ല. കൂടാതെ ഇക്കാര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് ദേവസ്വംബോർഡിന് നിർദ്ദേശം നൽകാൻ സർക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. പ്രളയകാലത്തും കോവിഡ് കാലത്തുമായി ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വംബോർഡ് നൽകിയ 10 കോടി രൂപ തിരികെ നൽകണമെന്നാണ് ഹൈക്കോടതി മൂന്നംഗ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും പണം നൽകുന്നതിനാൽ ദേവസ്വത്തിന്റേത് സെക്യുലർ പണമാണെന്നും അതിനാൽ ക്ഷേത്ര ആവശ്യങ്ങൾക്കല്ലാതെയും പണം നൽകുന്നതിൽ തെറ്റില്ലെന്നായിരുന്നു ദേവസ്വംബോർഡിന്റെ വാദം. എന്നാൽ പണം നൽകിയത് വകുപ്പുകളുടെ ലംഘനമാണെന്ന വിലയിരുത്തലിലാണ് ഹൈക്കോടതി മൂന്നംഗ ബെഞ്ചിന്റെ വിധി. ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പത്ത് കോടി രൂപ എങ്ങനെ തിരികെ പിടിക്കണമെന്ന് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന് തീരുമാനമെടുക്കാമെന്നും കോടതി നിർദ്ദേശിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പനാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ട്രസ്റ്റി എന്ന നിലയിൽ സ്വത്തുവകകൾ പരിപാലിക്കൽ ആണ് ദേവസ്വം ബോർഡിന്റെ ചുമതല.ദേവസ്വം നിയമത്തിന് പരിധിക്കുള്ളിൽ നിന്നു മാത്രമേ ഭരണസമിതിക്ക് പ്രവർത്തിക്കാനാകു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയ തുക എങ്ങനെ തിരികെ ഈടാക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തീരുമാനിക്കണമെന്നും ഫുൾ ബെഞ്ച് നിർദ്ദേശം നൽകി.

അതേസമയം, ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകണമോയെന്നതിൽ തീരുമാനമായില്ലെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ ബി മോഹൻദാസ് പ്രതികരിച്ചു. ഈ മാസം 22 ന് ചേരുന്ന ഭരണ സമിതി യോഗത്തിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.