കൊച്ചി: സർക്കാർ ഉൾപ്പെടെയുള്ളവരുടെ നയങ്ങളെയും മറ്റും വിമർശിച്ച് അപകീർത്തികരമായ പ്രസ്താവനകൾ ഇടരുതെന്നുള്ള നിർദ്ദേശമടക്കം നിയമരംഗത്തുള്ളവർക്കു സമൂഹമാധ്യമ പെരുമാറ്റ ചട്ടം ഹൈക്കോടതി നടപ്പാക്കി. ജില്ലാ ജഡ്ജിമാർ ഉൾപ്പെടെ ഹൈക്കോടതി, കീഴ്‌ക്കോടതി ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഇതു ബാധകമാണ്. അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കരട് പെരുമാറ്റച്ചട്ടം അംഗീകരിച്ചെന്ന് രജിസ്റ്റ്രാർ ജനറൽ സോഫി തോമസ് അറിയിച്ചു.

സർക്കാർ സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ, വകുപ്പ് മേധാവികൾ, ജഡ്ജിമാർ, രാഷ്ട്രീയ നേതാക്കൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർക്കെതിരെയും നിന്ദ്യമായ പ്രസ്താവനകൾക്കു സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നു നിർദ്ദേശം നൽകിയിട്ടുണ്ട്. കോടതികളിലെ കംപ്യൂട്ടർ, ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിക്കാനുള്ള മോണിറ്ററിങ് സെൽ, ഓഫിസ് സമയങ്ങളിൽ ഔദ്യോഗിക ആവശ്യത്തിനുമാത്രം ഇന്റർനെറ്റ് ഉപയോഗം തുടങ്ങിയ നിർദ്ദേശങ്ങളാണ് പ്രധാനമായും മുന്നോട്ട് വെക്കുന്നത്.

പെരുമാറ്റച്ചട്ടത്തിലെ മറ്റു പ്രധാന നിർദ്ദേശങ്ങൾ

കോടതികളിലെ കംപ്യൂട്ടർ, ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിക്കാനുള്ള മോണിറ്ററിങ് സെൽ, സമൂഹ മാധ്യമ ദുരുപയോഗം രജിസ്റ്റ്രാർ ജനറലിനു റിപ്പോർട്ട് ചെയ്യും.

ഇമെയിൽ വിലാസങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും അറിയിക്കണം.

വ്യാജ ഐഡികളും സമൂഹ മാധ്യമ അക്കൗണ്ടുകളും ഉപയോഗിക്കരുത്.

ഓഫിസ് സമയങ്ങളിൽ ഔദ്യോഗിക ആവശ്യത്തിനുമാത്രം ഇന്റർനെറ്റ് ഉപയോഗം.

ഔദ്യോഗിക സൈറ്റ് വഴി വ്യക്തിപരമായ ആശയവിനിമയം പാടില്ല.

മുൻകൂർ അനുമതിയില്ലാതെ ഔദ്യോഗിക രേഖകളും ഡേറ്റയും സമൂഹമാധ്യമങ്ങളിലും മറ്റും പ്രസിദ്ധീകരിക്കരുത്.

മൊബൈൽ ഫോൺ, ടാബ്ലറ്റ്, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ ഹാക്കിങ്ങിനോ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കോ ഉപയോഗിക്കരുത്, നിന്ദ്യവും അപമാനകരവുമായ ഭാഷ സമൂഹമാധ്യമങ്ങളിൽ ഉപയോഗിക്കരുത്.