കൊച്ചി: ബിവറേജസ് ഔട്‌ലെറ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളിൽ ഓഡിറ്റ് നടത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി. നിലവിൽ ബെവ്‌കോ സ്വീകരിച്ച നടപടികളിൽ തൃപ്തിയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.അതേസമയം കേരളത്തിൽ ബിവറേജസ് ഔട്‌ലെറ്റുകളിൽ ഇത്രയധികം തിരക്ക് ഉണ്ടാകാൻ കാരണമെന്താണെന്നും ഹൈക്കോടതി ചോദിച്ചു.സംസ്ഥാനത്തെ ബവ്‌റിജസ് ഔട്ട്‌ലെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങളിൽ ഓഡിറ്റ് നടത്തുന്നത് പരിഗണിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

സംസ്ഥാനത്ത് മദ്യവിൽപ്പനശാലകളുടെ എണ്ണം വളരെക്കുറവാണെന്നും, അയൽസംസ്ഥാനങ്ങളിൽ ഇതിനേക്കാൾ മദ്യശാലകളുണ്ടല്ലോ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. അയൽസംസ്ഥാനങ്ങളിൽ രണ്ടായിരം മദ്യവിൽപ്പനശാലകളുള്ളപ്പോൾ കേരളത്തിൽ 300 എണ്ണം മാത്രമാണ് ഉള്ളത്. ചെറിയ പ്രദേശമായ മാഹിയിൽ ഇതിനേക്കാൾ കൂടുതൽ മദ്യഷാപ്പുകളുണ്ട്. എണ്ണം കുറവായ സ്ഥിതിക്ക്, മദ്യവിൽപ്പന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ കൂട്ടാൻ നടപടിയെടുത്തുകൂടേ എന്നും ഹൈക്കോടതി ചോദിച്ചു.

സംസ്ഥാനത്തെ ബിവറേജസ് ഔട്‌ലെറ്റുകളിലെ തിരക്ക് സംബന്ധിച്ച് നിരവധി പരാതികൾ ഹൈക്കോടതിയിൽ എത്തിയിരുന്നു. തുടർന്ന് സ്വമേധയാ കോടതി വിഷയത്തിൽ ഇടപെടുകയും ചെയ്യുകയായിരുന്നു. തുടർന്നാണ് എക്‌സൈസ് കമ്മിഷണറടക്കം നൽകിയ വിശദീകരണത്തിൽ ഹൈക്കോടതി തൃപ്തി അറിയിച്ചിരിക്കുന്നത്.അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് വേണ്ട നടപടികൾ ചെയ്തിട്ടുണ്ട്. ബിവറേജസ് ഔട്‌ലെറ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളിൽ ഓഡിറ്റ് നടത്താമെന്നും തിരക്ക് നിയന്ത്രിക്കുന്നതിൽ ക്രിയാത്മകമായ ചില നടപടികൾ തങ്ങൾ നടത്തിയിട്ടുണ്ടെന്നും എക്‌സൈസ് കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചു.

ചില ബിവറേജ് ഔട്‌ലെറ്റുകളിലെ തിരക്ക് പൊതുജനങ്ങൾക്കും മറ്റ് സ്ഥാപനങ്ങളും ബുദ്ധിമുട്ടുണ്ടാക്കുന്നതായുള്ള ഹർജി കോടതിയുടെ മുന്നിൽ എത്തിയിരുന്നു. ഈ ഔട്‌ലെറ്റുകൾ പൂട്ടിയതായും എക്‌സൈസ് കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.