ഭോപാൽ:നാലുദിവസത്തോളമായി മദ്ധ്യപ്രദേശിലെ ജൂനിയർ ഡോക്ടർമാർ നടത്തിവരുന്ന സമരം നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി. ഉടൻ തന്നെ ജോലിയിൽ പ്രവേശിക്കണമെന്നുമുള്ള ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ആറ് മെഡിക്കൽ കോളേജുകളിൽ നിന്നുള്ള 3000ഓളം ജൂനിയർ ഡോക്ടർമാർ രാജിവച്ചു.

വിധിക്കെതിരെ അപ്പീൽ പോകുമെന്ന് സമരംചെയ്യുന്ന ഡോക്ടർമാർ അറിയിച്ചു.ശമ്പളവർദ്ധനവ്, കോവിഡ് ബാധിച്ചാൽ തങ്ങൾക്കും കുടുംബാംഗങ്ങൾക്കും സൗജന്യ ചികിത്സ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർമാർ സമരത്തിനിറങ്ങിയത്.എന്നാൽ സമരം നിയമവിരുദ്ധമാണെന്നും ഡോക്ടർമാർ എത്രയുംവേഗം ജോലിക്ക് ഹാജരാകണമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

മൂന്നാംവർത്തേക്കുള്ള എന്റോൾമെന്റ് മദ്ധ്യപ്രദേശ് സർക്കാർ നേരത്തെ തന്നെ റദ്ദാക്കിയിരുന്നെന്നും അതിനാൽതന്നെ തങ്ങൾക്കാർക്കും ഇക്കൊല്ലം പരീക്ഷയ്ക്ക് ഹാജരാകാൻ സാധിക്കില്ലെന്നും സമരത്തിലുള്ള ഡോക്ടർമാർ പറഞ്ഞു. എന്തുവന്നാലും സമരവുമായി മുന്നോട്ടുപോകുമെന്നും അവർ അറിയിച്ചു.