കൊച്ചി: പോക്സോ കേസുകളിൽ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് മാർ​ഗരേഖ പുറപ്പെടുവിച്ച് ഹൈക്കോടതി. ജില്ലകളിൽ പോക്‌സോ കേസ് മേൽനോട്ടത്തിന് വനിത ഐ പി എസ് ഉദ്യോഗസ്ഥയെ നിയമിക്കണം. മാനസികവും ശാരീരികവുമായി തയ്യാറാക്കാതെ ഇരകളുടെ മൊഴി രേഖപ്പെടുത്തരുത്. പോക്‌സോ കേസിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുന്ന അന്വേഷണം വേണമെന്നും മാർ​ഗരേഖയിൽ നിർദ്ദേശിക്കുന്നു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് ജുവനൈൽ ജസ്റ്റിസ് ആക്ടിനെക്കുറിച്ചു വ്യക്തമായ ധാരണ ഉണ്ടാകണം. ഇരകളുടെ സംരക്ഷണത്തിന് വണ് സ്റ്റോപ്പ്‌ സെന്റർ സ്ഥാപിക്കണം. ഫോറൻസിക് ലാബുകളിലെ ഒഴിവുകൾ നികത്തണം. പബ്ലിക് പ്രൊസിക്യൂട്ടർമാരെയും ആവശ്യത്തിന് നിയമിക്കണം. പോക്‌സോ കേസ് കൈകാര്യം ചെയ്യുന്നവർക്ക് ട്രെയിനിങ് അടക്കം ഉറപ്പാക്കാൻ നോഡൽ ഓഫീസറെ നിയമിക്കണമെന്നും മാർ​ഗരേഖയിലുണ്ട്.