തിരുവനന്തപുരം: 17 വർഷത്തിന് ശേഷം ഹയർ സെക്കണ്ടറി പരീക്ഷ മാനുവൽ പുതുക്കി പ്രസിദ്ധീകരിച്ചു. ഇനിമുതൽ റീ വാല്യുവേഷന് അപേക്ഷിക്കുന്ന ഉത്തരക്കടലാസുകൾക്ക് ഇരട്ട മുല്യനിർണയം ഉണ്ടാകും. പ്രാക്ടിക്കൽ പരീക്ഷകൾ കുറ്റമറ്റതാക്കാൻ വേണ്ടി നിരീക്ഷണ സ്‌ക്വാഡ് രൂപീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

2005ൽ തയ്യാറാക്കിയ ഹയർസെക്കണ്ടറി പരീക്ഷ മാനുവലാണ് ഇപ്പോൾ പുതിയ മാറ്റങ്ങളോടെ് പ്രസിദ്ധീകരിച്ചിരിക്കുന്നത് .കാലാനുസൃതമായ മാറ്റങ്ങളാണ് മാനുവലിൽ ചേർത്തിരിക്കുന്നത്. റീവാലുവേഷൻ സംബന്ധിച്ച് സമഗ്രമായ മാറ്റം മാനുവലിൽ വരുത്തിയിട്ടുണ്ട്. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ ഉത്തരക്കടലാസിൽ മാർക്ക് 10 ശതമാനത്തിൽ താഴെയാണെങ്കിൽ ഇരട്ടമൂല്യനിർണയത്തിന്റെ ശരാശരിയെടുക്കും.

പരമാവധി ലഭിക്കാവുന്ന മാർക്കിന്റെ 10 ശതമാനത്തിൽ കൂടുതൽ വ്യത്യാസം വന്നാൽ മൂന്നാമതും ഉത്തരകടലാസ് മൂല്യ നിർണയത്തിന് വിധേയമാക്കും. തുടർന്ന് അതിൽ ലഭിക്കുന്ന സ്‌കോറും, ഇരട്ട മൂല്യ നിർണയത്തിലെ സ്‌കോറിന്റേയും ശരാശരിയാകും നൽകുക. പുനർ മൂല്യനിർണയത്തിൽ ആദ്യം ലഭിച്ച മാർക്കിനേക്കാൾ കുറവാണ് വരുന്നതെങ്കിൽ, ആദ്യം ലഭിച്ച മാർക്ക് തന്നെ നിലനിർത്തും.

ഹയർസെക്കണ്ടറി പരീക്ഷ ചോദ്യപേപ്പർ തയ്യാറാക്കുന്നതിന് വേണ്ടി അദ്ധ്യാപകരുടെ പൂൾ രൂപീകരിക്കും. പരീക്ഷകൾ അവസാനിക്കുന്നതിനനുസരിച്ച് ചോദ്യപേപ്പറും ഉത്തരസൂചികയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. രണ്ടാംവർഷ തിയറി പരീക്ഷ എഴുതിയവിദ്യാർത്ഥിക്ക് പ്രായോഗിക പരീക്ഷ എഴുതാൻ കഴിയാതെ വന്നാൽ അതിനുള്ള അവസരം സേ പരീക്ഷകൾ നടക്കുന്ന സമയം നൽകും.

മൂല്യനിർണയം പൂർത്തിയായ ഉത്തരക്കടലാസുകൾ സൂക്ഷിക്കുന്തിന്റെ കാലവധി രണ്ട് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചിട്ടുണ്ട്. ഇനിമുതൽ പരീക്ഷ സർട്ടിഫിക്കറ്റിൽ ഗ്രേസ് മാർക്ക് പ്രത്യേകമായാകും രേഖപ്പെടുത്തുന്നത്.