ഉഡുപ്പി : ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ സർക്കാരും വിദ്യാഭ്യാസ വകുപ്പും അനുമതി നൽകിയാൽ ഹിന്ദു വിദ്യാർത്ഥികൾ കാവി ഷാൾ ധരിക്കുമെന്ന് ഹിന്ദു ജാഗരണ വേദികെ (എച്ച്ജെവി) പറഞ്ഞു.എച്ച്ജെവി ഉഡുപ്പി ജില്ല പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

''ജില്ലയിലെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, ചില വർഗീയ സംഘടനകൾ, സൗഹാർദ്ദം തകർക്കാൻ, ഒരു പ്രത്യേക മതത്തിൽപ്പെട്ട വിദ്യാർത്ഥികളെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വിഷയം അന്താരാഷ്ട്ര തലത്തിലുള്ള പ്രശ്നമായി അവതരിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്.അത് ഞങ്ങൾ ഗൗരവമായി എടുത്തിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പും സർക്കാരും ഹിജാബ് ധരിക്കാൻ അനുവദിച്ചാൽ ജില്ലയിലെ മുഴുവൻ ഹിന്ദു വിദ്യാർത്ഥികളെയും ഒരുമിപ്പിച്ച് യൂണിഫോമിനൊപ്പം കാവി ഷാൾ അണിയിക്കും. .'

എച്ച്ജെവി നേതാക്കൾ കോളേജ് സന്ദർശനവും നടത്തി.''കോളേജുകളിൽ യൂണിഫോം ഡ്രസ് കോഡ് ഉണ്ടായിരിക്കണം. ഇപ്പോൾ അവർ ബുർഖയും തൊപ്പിയും ചോദിക്കുന്നു. പിന്നീട് ശരീഅത്ത് നിയമം ആവശ്യപ്പെടും. ഒരു വർഗീയ സംഘടന വിദ്യാർത്ഥികളുടെ മനസ്സിൽ വിഷവിത്ത് പാകിയിരിക്കുകയാണ് . രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് നടക്കുന്നത്. ഉഡുപ്പി ജില്ലയുടെ വിദ്യാഭ്യാസ പ്രശസ്തി ഇല്ലാതാക്കാൻ ശ്രമം നടക്കുന്നു. ജില്ലയുടെ വിദ്യാഭ്യാസ അന്തരീക്ഷം തകർക്കാനുള്ള ശ്രമത്തെ എച്ച്ജെവി അനുവദിക്കില്ല. ഇസ്ലാം നിയമം നടപ്പാക്കാൻ കോളേജ് അനുവദിക്കരുത്. അവർക്ക് കോളേജ് വിദ്യാഭ്യാസം വേണ്ടെങ്കിൽ മദ്രസയിൽ പോയി പഠിക്കട്ടെ. ഇക്കാര്യത്തിൽ പ്രിൻസിപ്പലിന്മേൽ സമ്മർദ്ദം ചെലുത്തുന്നത് ഞങ്ങൾ നോക്കി നിൽക്കില്ല..സംഘടന നേതാക്കൾ മുന്നറിയിപ്പ് നൽകി

ഹിജാബ് സമരം വെള്ളിയാഴ്ച 22-ാം ദിവസത്തിലെത്തിയിരിക്കുകയാണ് . കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനുവരി 21 ന് കോളേജ് വിദ്യാർത്ഥികൾക്ക് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. എന്നാൽ ഹിജാബ് ധരിക്കുന്നതിനെ അനുകൂലിക്കുന്ന വിദ്യാർത്ഥി സംഘടനകൾ തങ്ങളുടെ പ്രതിഷേധത്തെ തുടർന്നണ് കോളേജിന്റെ അവധി നൽകാൻ തീരുമാനച്ചതെന്നും ഇത് വിജയസൂചകമാണെന്ന് ഇവർ അവകാശപ്പെട്ടു.

അതേസമയം കർണാടകയിലെ മുഴുവൻ കോളജുകളിലും യൂണിഫോം നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട് ഉണ്ട് .