തിരുവനന്തപുരം: രണ്ടായിരം രൂപ ഗുണ്ടാ പിരിവു നൽകാത്തതിന് കരാറുകാരന്റെ 22 ലക്ഷം രൂപ വിലയുള്ള റ്റാറ്റാ ഹിറ്റാച്ചി എക്സ്സ്‌കവേറ്റർ (മണ്ണുമാന്തിയന്ത്രം) അഗ്‌നിക്കിരയാക്കിയ കേസിൽ പ്രതികൾക്ക് ജാമ്യമില്ല. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്. അറസ്റ്റ് ഭയന്ന് കോടതിയിൽ കീഴടങ്ങിയ പ്രതികൾ സമർപ്പിച്ച ജാമ്യഹർജി തള്ളിയ കോടതി പ്രതികളെ പൂജപ്പുര ജില്ലാ ജയിലിലേക്ക് റിമാന്റ് ചെയ്യുകയായിരുന്നു.

തീവെയ്‌പ്പ് കേസിലെ ഒന്നും രണ്ടും പ്രതികളായ അരുവിക്കര വില്ലേജിൽ കടമ്പനാട് അറപ്പുര വീട്ടിൽ രാജേഷ് (42) , കടമ്പനാട് പുന്നവിള പുത്തൻവീട്ടിൽ അനിൽ കുമാർ (35) എന്നിവരുടെ ജാമ്യ ഹർജിയാണ് കോടതി തള്ളിയത്. ഒരു ഇടവേളയ്ക്ക് ശേഷം തലസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടം സജീവമാകുന്നതിന്റെ സൂചനയാണിത്. കഴിഞ്ഞ ദിവസം സിറ്റി മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ലിമിറ്റിൽ കാർ ആക്രമിച്ച് കത്തി കാണിച്ച് യാത്രികനെ കവർച്ച ചെയ്തതും ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണവും മൊബൈലും കവർച്ച ചെയ്തതിനും പിന്നാലെയാണ് ഈ സംഭവം.

ഗൗരവമേറിയ കുറ്റം ചെയ്ത പ്രതികളെ അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ ജാമ്യത്തിൽ വിട്ടയച്ച് സ്വതന്ത്രരാക്കിയാൽ പ്രതികൾ സാക്ഷികളെയും കേസിന്റെ വസ്തുത അറിയാവുന്നവരെയും സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തിതിക്കാൻ സാധ്യതയുണ്ട് എന്ന് ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. പ്രതികൾ തെളിവു നശിപ്പിക്കാനും ഒളിവിൽ പോകാനും സാധ്യതയുണ്ട്. പ്രതികൾ ഒളിവിൽ പോയാൽ വിചാരണ വേളയിൽ പ്രതികളെ പ്രതിക്കൂട്ടിൽ നിർത്തി വിചാരണ ചെയ്യാൻ പറ്റാത്ത സ്ഥിതി സംജാതമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. തീവെയ്‌പ്പിന് മുമ്പ് പ്രതികൾ ഹിറ്റാച്ചിയിൽ നിന്ന് മോഷ്ടിച്ചുവെന്നാരോപിക്കുന്ന വാഹനത്തിന്റെ പാർട്ട്‌സായ ' പ്രീ ക്ലീനർ ''പ്രതികളെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്ത് വീണ്ടെടുക്കേണ്ടതായുണ്ട്. അതിനാൽ പ്രതികളെ കസ്റ്റഡിൽ വച്ച് ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നുണ്ടെന്നും സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചു.

നവംബർ മൂന്ന് വെളുപ്പിനാണ് 22 ലക്ഷം രൂപ വിലപിടിപ്പുള്ള ഹിറ്റാച്ചി എക്‌സവേറ്റർ അഗ്‌നിക്കിരയായത്. ഒക്ടോബർ 30 ന് രാവിലെ 10.30 മണിക്ക് ടിപ്പർ ലോറിയിൽ പരാതിക്കാരൻ തന്റെ ഭാര്യയുടെ പേരിലുള്ള റ്റാറ്റാ ഹിറ്റാച്ചി മണ്ണുമാന്തി യന്ത്രം മണ്ണെടുപ്പിനായി കൊണ്ടു വരവേ പ്രതികൾ രണ്ടായിരം രൂപ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടു. അടുത്ത ദിവസം കരാറുകാരൻ വരുമെന്നും അയാളോട് ചോദിച്ചോളാനും പരാതിക്കാരൻ മറുപടി നൽകി. അതിന് ശേഷം 31 ന് ഹിറ്റാച്ചിയിലെ പ്രീ ക്ലീനർ എന്ന പാർട്ട്‌സ് ആരോ മോഷ്ടിച്ചു കൊണ്ടു പോയി. തുടർന്ന് പരാതിക്കാരൻ ആ പാർട്ട്‌സ് വാങ്ങി ഹിറ്റാച്ചിയിൽ ഫിറ്റ് ചെയ്തു. അങ്ങനെയിരിക്കെ നവംബർ 3 ന് വെളുപ്പിനാണ് ഹിറ്റാച്ചി അഗ്‌നിക്കിരയായത്. ഫയർഫോഴ്‌സും പൊലീസും എത്തി തീ കെടുത്താൻ ശ്രമം നടത്തിയിരുന്നു. ദൃക്‌സാക്ഷികളില്ലാത്ത കേസ് പരാതിക്കാരൻ പ്രതികൾ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടതിൽ കൊടുക്കാത്തതൽ വച്ചുള്ള വിരോധത്താൽ തീയിട്ടതാകാമെന്ന സംശയം പ്രകടിപ്പിച്ചതിൽ വച്ച് പൊലീസ് രണ്ടു പേരെ പ്രതിചേർത്ത് കേസെടുക്കുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 384 (ഭയപ്പെടുത്തിയുള്ള പണാപഹരണം) , 435 (തീവെയ്‌പ്പ് ) , 34 (കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിച്ചുള്ള കൂട്ടായ്മ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 379 (മോഷണക്കുറ്റം) ചുമത്തി അഡീഷണൽ റിപ്പോർട്ട് പ്രതികൾ കോടതിയിൽ കീഴടങ്ങിയ വേളയിൽ പൊലീസ് കോടതിയിൽ ഹാജരാക്കി.