ടോക്കിയോ: മെഡൽ പ്രതീക്ഷ നിലനിർത്തി ഹോക്കിയിൽ ഇന്ത്യയ്ക്ക് രണ്ടാം ജയം. ഒളിംപിക്സ് പുരുഷ വിഭാഗം ഹോക്കിയിൽ രണ്ടാം ജയം. പൂൾ എയിലെ മൂന്നാം മത്സരത്തിൽ സ്പെയിനിനെയാണ് ഇന്ത്യ തോൽപ്പിച്ചത്. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം.

ഇന്ത്യയ്ക്ക് വേണ്ടി രൂപീന്ദർ പാൽ സിങ് ഇരട്ട ഗോളുകൾ നേടിയപ്പോൾ സിമ്രാൻജീത് സിങ്ങും സ്‌കോർ ചെയ്തു. ആദ്യ രണ്ട് ഗോളുകളും ആദ്യ ക്വാർട്ടറിലാണ് പിറന്നത്. മൂന്നാം ഗോൾ അവസാന ക്വാർട്ടറിലും വന്നു. സ്പെയിൻ മികച്ച ആക്രമണം നടത്തിയെങ്കിലും മലയാളി താരമായ ഗോൾകീപ്പർ പി.ആർ.ശ്രീജേഷിന്റെ തകർപ്പൻ സേവുകൾ ഇന്ത്യയ്ക്ക് തുണയായി.

പൂളിലെ മറ്റൊരു മത്സരത്തിൽ ആതിഥേയരായ ജപ്പാൻ ഏകപക്ഷായമായ ഒരു ഗോളിന് ന്യൂസിലാന്റിനെ തോൽപ്പിച്ചു. ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെ 3-2ന് തോൽപ്പിച്ച് ഇന്ത്യ രണ്ടാം മത്സരത്തിൽ ശക്തരായ ഓസ്ട്രേലിയയോട് കൂറ്റൻ തോൽവി ഏറ്റു വാങ്ങി. ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് ഓസീസ് ഇന്ത്യയെ തോൽപ്പിച്ചത്.

ജപ്പാൻ ,അർജന്റീന ടീമുകളുമായിട്ടാണ് ഇനി ഇന്ത്യയ്ക്ക് മത്സരം ഉള്ളത്. 6 പോയിന്റുമായി ആസ്ട്രേലിയയാണ് പട്ടികയിൽ മുന്നിൽ. 6 പോയിന്റുള്ള ഇന്ത്യ രണ്ടാമതാണ്. 4 പോയിന്റുമായി അർജന്റീന മൂന്നാമതും. മുന്നു പോയിന്റുമായി ജപ്പാൻ നാലാം സ്ഥാനത്താണ്. ഇനിയുള്ള മത്സരമെല്ലാം ജയിച്ചാൽ ഇന്ത്യക്ക് സാധ്യത ഏറെയാണ്.

എന്നാൽ ഒളിന്പിക്‌സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മനു ഭാകർ-സൗരഭ് ചൗധരി സഖ്യം പുറത്ത്. 10 മീറ്റർ എയർ പിസ്റ്റളിൽ മെഡൽ റൗണ്ടിലെത്താതെയാണ് സഖ്യം പുറത്തായത്. ആറ് ലോകകപ്പിൽ അഞ്ചിലും സ്വർണം നേടിയ സഖ്യമാണ് ടോക്കിയോയിൽ വീണത്.