തൃശൂർ: തമിഴ്‌നാട് കൂനൂരിൽ ജനറൽ ബിപിൻ റാവത്തിനൊപ്പം ഹെലികോപ്ടർ ദുരന്തത്തിൽ ജീവൻ വെടിഞ്ഞ വ്യോമസേന ജൂനിയർ വാറന്റ് ഓഫീസർ എ.പ്രദീപിന് നാടിന്റെ അന്തിമോപചാരം. സംസ്‌കാരം വൈകിട്ട് 5.30 ഓടെ തൃശൂരിലെ വീട്ടുവളപ്പിൽ പൂർണ സൈനിക ബഹുമതികളോടെ നടന്നു.സംസ്ഥാന പൊലീസും ഗാർഡ്ഓഫ് ഹോണർ നൽകി. പ്രദീപിന്റെ അഞ്ച് വയസുള്ള മകൻ ദക്ഷൻ ദേവ് ആണ് ചിതയ്ക്ക് തീകൊളുത്തിയത്.ആയിരങ്ങളാണ് പ്രദീപിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്.

മൃതദേഹം ജന്മനാടായ തൃശൂർ പൊന്നൂക്കരയിൽ എത്തിച്ചു. പ്രദീപ് പഠിച്ച പുത്തൂർ ഗവൺമെന്റ് സ്‌കൂളിലേക്കാണ് മൃതദേഹം ആദ്യം കൊണ്ടുവന്നത്. ഇവിടെ പൊതുദർശനത്തിനുവച്ചശേഷം പ്രദീപിന്റെ വീട്ടിലേക്കു കൊണ്ടുവന്നു.

ഇന്ന് ഉച്ചയോടെ റോഡുമാർഗമാണ് കോയമ്പത്തൂരിൽ നിന്ന് മൃതദേഹം വാളയാറിലെത്തിച്ചത്. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ. രാജൻ, കെ കൃഷ്ണൻകുട്ടി എന്നിവർ ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ദേശീപാതയുടെ ഇരുവശത്തും അന്ത്യോപചാരമർപ്പിക്കാൻ ദേശീയപതാകയുമായി നിരവധിപേർ കാത്തുനിന്നിരുന്നു. ധീര ജവാന് മുദ്രാവാക്യം വിളിച്ചുകൊണ്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന നിരവധിപേരാണ് വിലാപയാത്ര വരുന്ന വഴിയിൽ കാത്തുനിന്നിരുന്നത്.

കേന്ദ്രമന്ത്രി വി മുരളീധരൻ, മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ കൃഷ്ണൻകുട്ടി, കെ രാജൻ തുടങ്ങിയവർ സ്‌കൂളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. പൊതുജനങ്ങൾക്കും സഹപാഠികൾക്കും അന്തിമോപചാരമർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ധീരസൈനികന് ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ സ്‌കൂളിലേക്ക് ഒഴുകിയെത്തി.

കോയമ്പത്തൂരിൽ ആയിരുന്ന പ്രദീപിന്റെ ഭാര്യയെയും രണ്ടുമക്കളെയും വ്യാഴാഴ്ച രാത്രിയോടെ പൊന്നൂക്കരയിലെ വീട്ടിലെത്തിച്ചിരുന്നു. വീട്ടിൽ വെന്റിലേറ്റർ സഹായത്തോടെ കഴിയുന്ന പ്രദീപിന്റെ പിതാവ് രാധാകൃഷ്ണനും അമ്മ കുമാരിയും മകനായി കാത്തിരിക്കുകയായിരുന്നു.
മരണവിവരം അറിഞ്ഞയുടൻ പ്രദീപിന്റെ സഹോദരൻ പ്രസാദ് മൃതദേഹം ഏറ്റുവാങ്ങാൻ കോയമ്പത്തൂരിലേക്ക് പോയിരുന്നു. എന്നാൽ ഡൽഹിയിലേക്ക് കൊണ്ടുപോയ ശേഷം മാത്രമേ വിട്ടുനൽകൂ എന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് മൃതദേഹം വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സഹോദരൻ തൃശൂരിലേക്ക് തിരിച്ചെത്തുകയായിരുന്നു.

അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്. 2004ലാണു വ്യോമസേനയിൽ ചേർന്നത്. പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും കശ്മീർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷനുകളിലും പങ്കെടുത്തിട്ടുണ്ട്.

2018ലെ പ്രളയകാലത്ത് രക്ഷാ പ്രവർത്തനത്തിനെത്തിയ ഹെലികോപ്റ്റർ സംഘത്തിൽ പ്രദീപുണ്ടായിരുന്നു. അന്നു സ്വയം സന്നദ്ധനായി ചുമതല ഏറ്റെടുക്കുകയായിരുന്നു. പ്രദീപ് ഉൾപ്പെട്ട ദൗത്യസംഘത്തിനു രാഷ്ട്രപതിയുടെയും സംസ്ഥാന സർക്കാരിന്റെയും പ്രത്യേക പ്രശംസയും ലഭിച്ചു. 6 മാസം മുൻപാണു കോയമ്പത്തൂർ സുലൂരിലെത്തിയത്.

തമിഴ്‌നാട്ടിലെ കൂനൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരെയുള്ള കട്ടേരി പാർക്കിൽ ഡിസംബർ എട്ട് ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം നടന്നത്. വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. കോയമ്പത്തൂരിലെ സുലൂർ വ്യോമസേനത്താവളത്തിൽ നിന്ന് വെല്ലിങ്ടൺ കന്റോൺമെന്റിലെ ഡിഫൻസ് സർവീസസ് കോളേജിലേക്ക് പോവുകയായിരുന്നു സംഘം.

കോളജിൽ സംഘടിപ്പിച്ച കേഡറ്റ് ഇന്ററാക്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാനായിരുന്നു യാത്ര. ഡൽഹിയിൽ നിന്ന് രാവിലെയാണ് ബിപിൻ റാവത്തും സംഘവും പ്രത്യേക വിമാനത്തിൽ സുലൂർ വ്യോമകേന്ദ്രത്തിൽ എത്തിയത്. പക്ഷെ കനത്തമഞ്ഞ് കാരണം ഹെലികോപ്ടർ ഇറക്കാൻ സാധിക്കാത്തതിനെ തുടർന്ന് സുലൂരിലേക്ക് മടങ്ങി. ഏകദേശം 12.20ന് ശേഷം കുനൂരിലെ കട്ടേരി ഫാമിന് സമീപത്തേക്കായി ഹെലികോപ്ടർ തകർന്നു വീഴുകയായിരുന്നു