തിരുവനന്തപുരം: പ്രാസം ഒപ്പിച്ചു കവിത എഴുതുന്നതായിരുന്നില്ല അനിൽ പനച്ചൂരാന്റെ ശൈലി. അത് ജനങ്ങൾക്കൊപ്പം നിൽക്കുന്ന ജനകീയ ശൈലിയായിരുന്നു. എന്നും ഇടതുപക്ഷത്തിനൊപ്പം നിന്നിരുന്ന അനിൽ പനച്ചൂരാന്റെ മരണവാർത്ത പുറത്തുവരുമ്പോൾ ആദ്യം ജനഹൃദയങ്ങളിലേക്ക് എത്തിയത് 'ചോരവീണ മണ്ണിൽനിന്നുയർന്നുവന്ന പൂമരം' എന്ന സിനിമാഗാനമായിരുന്നു. അറബിക്കഥ എന്ന സിനിമക്ക് വേണ്ടി അനിൽ എഴുതി ആലപിച്ച ഗാനം ഇടതു വിപ്ലവസരണിയിൽ എന്നും ശ്രദ്ധേയമായ ഗാനമായിരുന്നു. അപ്രതീക്ഷിതമായ മരണം അദ്ദേഹത്തെ തേടിയെത്തുമ്പോൾ അത് നികത്താൻ സാധിക്കാത്ത വിടവായി മാറുകയാണ് താനും.

എസ്എഫ് ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായിരുന്ന പനച്ചൂരാൻ ആനുകാലികങ്ങളിൽ ഒരുവരിയുമെഴുതാതെയാണ് കവിയായി മാറിയത്. കാസെറ്റുകളിലൂടെ യായിരുന്നു അനിൽ പനച്ചൂരാന്റെ കവിജന്മം കൊണ്ടത്. ഇതാകട്ടെ അതിവേഗം ജനകീയമായകുകയും ചെയ്തു. സാധാരണക്കാരന്റെ ഭാഷയായിരുന്നു അദ്ദേഹത്തിന്. 5 കവിതാ സമാഹാരങ്ങളും കസെറ്റിലൂടെ പ്രകാശിതമായി. 'പ്രവാസിയുടെ പാട്ടു'മുതൽ 'മഹാപ്രസ്ഥാനം'വരെയുള്ള സമാഹാരങ്ങളിലെ കവിതകൾ പനച്ചൂരാനെ കവിയരങ്ങുകളിലെ തീപ്പന്തമാക്കി. ഈ സമാഹാരത്തിലുള്ള 'അനാഥൻ' എന്ന കവിത 'മകൾക്ക്' എന്ന സിനിമയിൽ സംവിധായകൻ ജയരാജ് ഉൾപ്പെടുത്താൻ തീരുമാനിക്കുന്നതോടെ പുതിയൊരു വിസ്മയം മഴവില്ലു വിടർത്തി. 'ഇടവമാസപ്പെരുമഴ പെയ്ത രാവിൽ' എന്ന കവിത ആലപിച്ചത് കവി ബാലചന്ദ്രൻ ചുള്ളിക്കാടായിരുന്നു.

'അറബിക്കഥ'യ്ക്കുവേണ്ടി പനച്ചൂരാനെക്കൊണ്ടു പാട്ടെഴുതിക്കാൻ സംവിധായകൻ ലാൽജോസ് തീരുമാനിച്ചത് തിരക്കഥാകൃത്തുമായ എം. സിന്ധുരാജിന്റെ വാക്കുകളുടെ ബലത്തിലാണ്. 'തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും' എന്ന കവിത ബിജിബാലിന്റെ ഈണത്തിൽ യേശുദാസ് പാടിയപ്പോൾ അനിൽ പനച്ചൂരാൻ എന്ന സിനിമാ ഗാനരചയിതാവ് പിറന്നു. 'അറബിക്കഥ'യ്ക്കുവേണ്ടി എഴുതിയ ഗാനങ്ങളും 'ചോരവീണ മണ്ണിൽനിന്നുയർന്നുവന്ന പൂമരം' എന്ന കവിതയും ശ്രദ്ധേയമായി. ചിത്രം റിലീസ് ചെയ്യും മുൻപുതന്നെ കൈനിറയെ പടങ്ങൾ.സിനിമയിൽ അനിൽ പനച്ചൂരാനായിത്തന്നെ കവി അഭിനയിക്കുകയും ചെയ്തു.

അവിടെനിന്നിങ്ങോട്ട് ഓരില, ഈരിലയായി കവിത വിടർന്നു, പാട്ടുകൾ നിറഞ്ഞു. ഒരുവർഷം 16 പാട്ടുകൾവരെ എഴുതി. അമ്മയ്ക്ക് അസുഖമായപ്പോൾ ഒരു വർഷം മാറിനിന്ന കാലത്തു സിനിമ മാറി. പക്ഷേ, അപ്പോഴേക്കു നൂറിലേറെ സിനിമകളിൽ നൂറ്റി അൻപതിലേറെ ഗാനങ്ങൾ അനിൽ സംഭാവന ചെയ്തിരുന്നു. 'അണ്ണാറക്കണ്ണാ വാ...', 'കുഴലൂതും പൂന്തെന്നലേ...' (ഭ്രമരം), 'ചെറുതിങ്കൾ തോണി...' (സ്വ. ലേ), 'വ്യത്യസ്തനാമൊരു ബാർബറാം ബാലനെ...' (കഥ പറയുമ്പോൾ), 'ഒത്തൊരുമിച്ചൊരു ഗാനം പാടാൻ...' (മകന്റെ അച്ഛൻ), 'അരികത്തായാരോ...' (ബോഡി ഗാർഡ്), 'നീയാം തണലിനു താഴെ...' (കോക്ക്‌ടെയിൽ), 'എന്റടുക്കെ വന്നടുക്കും...,' 'കുഞ്ഞാടേ കുറുമ്പനാടേ...' (മേരിക്കുണ്ടൊരു കുഞ്ഞാട്), ചങ്ങാഴിമുത്തുമായി കൂനിക്കൂനി (ലൗഡ് സ്പീക്കർ), 'ചെമ്പരത്തിക്കമ്മലിട്ട്...' (മാണിക്യക്കല്ല്), 'ചെന്താമരത്തേനോ...' (916), 'ഒരു കോടി താരങ്ങളേ...' (വിക്രമാദിത്യൻ)

കെപിഎസിയുടെയും കെ.എസ്.ജോർജിന്റെയും വിപ്ലവ ഗാനങ്ങൾക്ക് ശേഷം കോരിത്തരിപ്പുണ്ടാക്കിയ വിപ്ലവഗാനസരണിയിൽ അനിൽ പനച്ചൂരാന്റെ 'ചോരവീണപൂമരം' എന്നും പൂത്തുനിൽക്കും. വിപ്ലവ നേതാവ് പുതുപ്പള്ളി രാഘവന്റെ നാടായ കായംകുളത്ത് പിറന്ന അനിലിന്റെ ഉയിരിൽരാഷ്ട്രീയം പണ്ടേയുണ്ടായിരുന്നു. അങ്ങനെയാണ് 'വലയിൽ വീണ കിളികളാണു നാം' ഉൾപ്പെടെയുള്ള കവിതകളെഴുതിയത്. ആദ്യ ഗാനം തന്നെ വിപ്ലവഗാനമായിരുന്നെങ്കിലും 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട്ട് മത്സരിച്ച രമേശ് ചെന്നിത്തലയ്ക്കു േവണ്ടി അനിൽ പാട്ടെഴുതുക മാത്രമല്ല പ്രചാരണത്തിനും ഇറങ്ങി. പിൽക്കാലത്ത് ഇടതുപക്ഷത്തിനെതിരായ നിലപാടെടുത്ത അനിൽ വിപ്ലവ ഗാനം എഴുതില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു അനിൽ.

ഒരു മെക്‌സിക്കൻ അപാരതയിലും അനിൽ തന്റെ വിപ്ലവമാജിക് ആവർത്തിച്ചിരുന്നു. 'എന്നാളും പോരിനായി പോരുമോ സഖാവേ..മുന്നേറാൻ സമയമായ് ലാൽസലാം... എന്ന ഗാനവും തീയറ്ററുകളിൽ വലിയ ഹിറ്റായി മാറി. സ്വ.ലേ. എന്ന ചിത്രത്തിൽ ബിജിബാലിന്റെ സംഗീതത്തിൽ ഒരുങ്ങിയ 'ചെറുതിങ്കൾത്തോണി നിൻ പുഞ്ചിരിപോലൊരു തോണി...' എന്ന ഗാനം. ചുരുങ്ങിയകാലംകൊണ്ടുതന്നെ മലയാളസിനിമാഗാനശാഖയിൽ തന്റേതായ ഇടം സൃഷ്ടിക്കാൻ പനച്ചൂരാനു കഴിഞ്ഞു. 'ചോരവീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം' എന്നെഴുതിയ അതേയാൾതന്നെ 'ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ടു കാത്തുനിന്നതാര്' എന്ന പ്രണയവരികളും കുറിച്ചു.

ഭ്രമരത്തിനു വേണ്ടിയെഴുതിയ 'അണ്ണാറക്കണ്ണാ വാ...' എന്ന ഗാനം കുട്ടികൾക്കും പ്രിയപ്പെട്ടതായി. നാടും നാട്ടിൻപുറവും ഗ്രാമ്യഭംഗിയും ഏറെ നിറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന്റെ വരികളിൽ. പേരില്ലാ രാജ്യത്തെ രാജകുമാരി അതിരില്ലാ രാജ്യത്തെ രാജകുമാരാ ആരോരും കാണാതെൻ അരികെ വരാമോ...(ബോഡി ഗാർഡ്) എന്നിവ നമ്മോടു അരികുചേർന്നുനിന്ന ചില ഗാനങ്ങൾ മാത്രം. 'എന്റമ്മേടെ ജിമിക്കിക്കമ്മൽ' എഴുതിയതിന് വിമർശനങ്ങൾ കേട്ടിരിക്കാം. പക്ഷേ, ഒരുഘട്ടത്തിൽ ഈ പാട്ടല്ലാതെ നമുക്കുചുറ്റും മറ്റൊന്നും കേൾക്കാനുണ്ടായിരുന്നില്ല. പനച്ചൂരാൻ എഴുതിയിട്ടുണ്ട്, വ്യത്യസ്തനാമൊരു ബാർബറാം ബാലനെ. അതെ, പനച്ചൂരാനും വ്യത്യസ്തനായിരുന്നു. കൃത്യമായ കള്ളികളിൽ ഒതുങ്ങാത്തയാളാണ് അദ്ദേഹം.