തിരുവനന്തപുരം: കെ. എസ്. എഫ്. ഇ. ഏജന്റ് ചമഞ്ഞ് കെ.എസ്.എഫ്.ഇ. യിൽ നിന്നും ഭവനവായ്പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ വസ്തു ജാമ്യം വച്ച് 21 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ വിശ്വാസ വഞ്ചനാ കേസിൽ രണ്ടു പ്രതികൾക്കും ജാമ്യമില്ല.

തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് ജൂലൈ 20 മുതൽ റിമാന്റിൽ കഴിയുന്ന പ്രതികൾക്ക് ജാമ്യം നിരസിച്ചത്. വഞ്ചനാ കേസിൽ ഒന്നും രണ്ടും പ്രതികളായ പെരുമ്പഴുതൂർ തൊഴുക്കൽ കൈപ്പുറത്ത് വീട്ടിൽ പ്രേം ചന്ദ് (34) , കാട്ടാക്കട കരിയംകോട് തോട്ടരികത്ത് വീട്ടിൽ അനിൽ കുമാർ (23) എന്നിവർക്കാണ് ജാമ്യം നിഷേധിച്ചത്. ഗൗരവമേറിയ കൃത്യം ചെയ്ത പ്രതികളെ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കുമെന്നും നിരീക്ഷിച്ചാണ് ജഡ്ജി മിനി. എസ്. ദാസ് ജാമ്യ ഹർജി തള്ളിയത്.

2017 മുതലാണ് തട്ടിപ്പ് ആരംഭിച്ചത്. കെ.എസ്.എഫ്.ഇ. ഏജന്റുമാർ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആക്കുളം മുണ്ടനാട് കുന്നിൽ വീട്ടിൽ മിനിയെയാണ് പ്രതികൾ കബളിപ്പിച്ച് പണം തട്ടിയെടുത്തത്. ഹോം ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വസ്തുവിന്റെ ആധാരമടക്കമുള്ള രേഖകൾ കൈക്കലാക്കിയ പ്രതികൾകെ.എസ്.എഫ്.ഇ യുടെ തിരുവനന്തപുരം സിറ്റി മെഡിക്കൽ കോളേജ് ബ്രാഞ്ചിൽ വീട്ടമ്മ അറിയാതെ ചിട്ടികൾ പിടിക്കുന്നതിന് ജാമ്യം വച്ചാണ് പലപ്പോഴായി 21 ലക്ഷം രൂപ തട്ടിയെടുത്തത്.

2019 ൽ ഡിമാന്റ് നോട്ടീസു വന്നപ്പോൾ തട്ടിപ്പ് മനസ്സിലാക്കിയ വീട്ടമ്മയുടെ പരാതിയിലാണ് കേസെടുത്തത്. ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ 2021 ജൂലൈ 20 നാണ് കഴക്കൂട്ടം സൈബർ സിറ്റി അസി. പൊലീസ് കമ്മീഷണർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.