ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡൽഹി ഓൾ ഇന്ത്യ മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചു. തിങ്കളാഴ്ച അർധരാത്രിയാണ് അദ്ദേഹത്തെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർ രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. കോവിഡ് ബാധിതനായിരുന്നെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച ഫലം നെഗറ്റീവായതോട അദ്ദേഹം ആശുപത്രി വിട്ടിരുന്നു.

കഴിഞ്ഞ മൂന്നോ നാലോ ദിവസങ്ങളായി ക്ഷീണവും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് അമിത് ഷാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് എയിംസ് അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.'' അദ്ദേഹം ഇപ്പോൾ സുഖമായിരിക്കുന്നു. ആശുപത്രയിൽ കഴിഞ്ഞുകൊണ്ട് ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നു''- അൽപ സമയത്തിന് മുൻപ് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

കോവിഡ് ബാധിതനായി രണ്ടാഴ്ച മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ പരിശോധനാഫലം നെഗറ്റീവായിരുന്നു. ഇതിന് പിന്നാലെ വീട്ടിൽ ക്വറന്റീനിലായിരുന്നു അദ്ദേഹം. ഓഗസ്റ്റ് ആദ്യവാരത്തിലാണ് 55 കാരനായ അമിത് ഷായ്ക്ക് കോവിഡ് പരിശോധനാ ഫലം പോസിറ്റീവായത്.