ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ വീണ്ടും എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വസിക്കുന്നതിന് ചില ബുദ്ധിമുട്ടുകൾ നേരിടുന്നതുകൊണ്ടാണ് അമിത് ഷാ വീണ്ടും ചികിത്സ തേടിയത്. തുടർച്ചയായി നിരീക്ഷിക്കാം എന്നതിനാൽ ആശുപത്രിയിൽ തുടരുന്നതാണ് നല്ലതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതായാണ് റിപ്പോർട്ടുകൾ.

ഓഗസ്റ്റ് 2 ന് കോവിഡ് ബാധിതനായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അമിത് ഷാ രോഗമുക്തനായി ഓഗസ്റ്റ് 14 ന് ആശുപത്രി വിട്ടിരുന്നു. തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നിരീക്ഷണത്തിൽ കഴിയവേ ഓഗസ്റ്റ് 18 ന് എയിംസിൽ പ്രവേശിപ്പിച്ചു. കോവിഡാനന്തര ചികിത്സയിൽ സുഖംപ്രാപിച്ച അദ്ദേഹത്തെ ഓഗസ്റ്റ് 31 ന് ഡിസ്ചാർജ് ചെയ്തു. ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് 18 നാണ് അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 31 ന് 13 ദിവസത്തിന് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. ആഭ്യന്തരമന്ത്രി സുഖം പ്രാപിച്ചുവെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.

പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ ആരംഭിക്കാനിരിക്കെയാണ് അമിത് ഷാ വീണ്ടും ആശുപത്രിയിലാകുന്നത്. കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധിയും രാഹുൽ ​ഗാന്ധിയും പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കില്ല. സോണിയയുടെ വാർഷിക മെഡിക്കൽ പരിശോധനക്കായി ഇരുവരും കഴിഞ്ഞ ദിവസം അമേരിക്കയിലേക്ക് പോയി എന്നാണ് റിപ്പോർട്ടുകൾ. കോവിഡ് ഭീഷണിക്കിടെ 18 ദിവസത്തെ സമ്മേളനമാണ് നിശ്ചയിച്ചിരിക്കുന്നത്. ലോക്സഭയും രാജ്യസഭയും നാല് മണിക്കൂർ വീതമാകും ഓരോ ദിവസവും സമ്മേളിക്കുക. സമ്മേളനത്തിന് മുന്നോടിയായ സ്പീക്കർ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഇന്ന് രാവിലെ ഡൽഹിയിൽ ചേരും.

ചൈന അതിർത്തിയിലെ സാഹചര്യം, കോവിഡ് പ്രതിരോധം, സാമ്പത്തിക രംഗത്തെ തിരിച്ചടി തുടങ്ങിയ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. കേരളത്തിലെ സ്വർണ്ണക്കടത്ത് വിഷയവും പാർലമെൻറിൽ ബഹളത്തിന് ഇടയാക്കാനാണ് സാധ്യത. നേരത്തെ പാർലമെന്റിലെ വർഷകാല സമ്മേളനത്തിൽ നിന്ന് ചോദ്യോത്തരവേള ഒഴിവാക്കി കേന്ദ്ര സർക്കാർ തീരുമാനം വന്നിരുന്നു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നാണ് സർക്കാരിന്റെ വാദം.

എന്നാൽ കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം അറിയിച്ചു. പ്രതിപക്ഷ അംഗങ്ങൾക്ക് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും കൊറോണ വൈറസ് മഹാമാരിയെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിക്കാനുള്ള അവസരം നിഷേധിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.