റിയാദ്: കോവിഡ് വാക്‌സിൻ രണ്ട് ഡോസ് എടുത്തവരും ക്വാറന്റീനിൽ ഇളവ് കിട്ടിയ ചില വിഭാഗങ്ങളും ഒഴികെ എല്ലാവർക്കും ഹോം ക്വാറന്റീൻ നിർബന്ധമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. രാജ്യത്തേക്ക് പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തണം. ഫലം നെഗറ്റീഫ് ആയാൽ ക്വാറന്റീൻ അവസാനിപ്പിക്കാം.

എട്ട് വയസിന് താഴെയുള്ളവർക്ക് കോവിഡ് പരിശോധന വേണ്ട. എന്നാൽ അവർ രാജ്യത്തേക്ക് പ്രവേശിച്ചത് മുതൽ 48 മണിക്കൂർ ഹോം ക്വാറന്റീൻ പാലിക്കണം. പുതിയ ക്വാറന്റീൻ നിയമം ലംഘിച്ചാൽ പിഴ ശിക്ഷ നേരിടേണ്ടി വരും. ക്വാറന്റീൻ നിബന്ധന ലംഘനത്തിന് നേരത്തെ നിശ്ചയിച്ചിട്ടുള്ള അതേ പിഴകളാണ് മുകളിൽ പറഞ്ഞ നിബന്ധനകളിൽ ഏത് ലംഘിച്ചാലും ലഭിക്കുക. രാജ്യത്തേക്ക് വരുന്നവരെല്ലാം ആരോഗ്യ മുൻകരുതൽ നിയമങ്ങൾ പാലിക്കണം. അവ പാലിക്കുന്നതിൽ അലംഭാവം കാണിക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.