മനില: വിവാഹങ്ങൾ ആഘോഷവും ആർഭാടവുമാകുന്ന കാലത്ത് വേറിട്ടൊരു വിവാഹ കഥയാണ് ഫിലിപ്പെൻസിലെ റോമ്മെൽ ബാസ്‌ക്കോയുടെയും റോസ്‌ലിൻ ഫെററുടെയും വിവാഹം.റോമ്മെൽ ബാസ്‌ക്കോയ്ക്ക് വയസ് അമ്പത്തിയഞ്ചായി. റോസ്‌ലിൻ ഫെറർക്ക് അമ്പതും. വലിയ ആഘോഷപൂർവമായിരുന്നു ഇവരുടെ വിവാഹം. തൂവെള്ള വസ്ത്രമൊക്കെയണിഞ്ഞ് ശരിക്കും ആർഭാടപൂർവം തന്നെ. സാക്ഷികളായി ആറ് മക്കളും.

ഔദ്യോഗികമായി വിവാഹിതരാകും മുൻപ് ഇരുപത്തിനാല് വർഷം ഫിലിപ്പീൻസിലെ തെരുവിൽ പാട്ട പെറുക്കി ഉപജീവനം കഴിക്കുകയായിരുന്നു ഇവർ.തെരുവിൽ കഴിയുമ്പോഴും പഴയ പാട്ടയും കുപ്പിയും പെറുക്കി ജീവിക്കുമ്പോഴും വിവാഹത്തിനുള്ള സാഹചര്യമൊന്നുമുണ്ടായിരുന്നില്ല ഇവർക്ക്. എങ്കിലും ചെറിയൊരു മോഹം ഇരുവരും മനസിൽ ഒളിപ്പിച്ചുവച്ചു. സാമാന്യം ഭേദപ്പെട്ട രീതിയിലുള്ള ഒരു വിവാഹം.

അപ്രതീക്ഷിതമായി ഇവരുടെ ഇടയിലേക്ക് കയറിവന്ന ഒരു അതിഥിയാണ് ഇവരുടെ സ്വപനം യാഥാർത്ഥ്യമാക്കിയത്.പഴയ പാട്ട പെറുക്കുന്നതിനിടെയാണ് ഇവർ ഹെയർ ഡ്രസ്സറായ റിച്ചാർഡ് സ്ട്രാൻഡ്‌സിനെ പരിചയപ്പെടുന്നത്.ഇവരുടെ ദുരിതജീവിതം അടുത്തറിഞ്ഞ സ്ട്രാൻഡ്‌സ് കൂട്ടുകാരുമായി ബന്ധപ്പെട്ട് വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു. വിവാഹത്തിനുള്ള ലൈസൻസ് സംഘടപ്പിച്ചതും ഫോട്ടോഷൂട്ടിനുവേണ്ട ഒരുക്കങ്ങൾ നടത്തിയതും പള്ളിയിൽ വച്ചുള്ള വിവാഹത്തിനുള്ള പണം കണ്ടെത്തിയതുമെല്ലാം സ്ട്രാൻഡ്‌സ് തന്നെ.

റൊമ്മെൽ ഒരു വെള്ള സ്യൂട്ടും റോസ്‌ലിൻ ഒരു വെള്ള ഗൗൺ ധരിച്ചുമാണ് വിവാഹത്തിനെത്തിയത്. ഇത്തരമൊരു വിവാഹവേഷം ചെറുപ്പകാലം മുതലുള്ള തന്റെ മോഹമായിരുന്നുവെന്ന് റോസ്‌ലിൻ പറഞ്ഞു. ഞങ്ങളുടെ പക്കൽ ഒട്ടും പണമുണ്ടായിരുന്നില്ല. എങ്ങനെയും ഭക്ഷണം കണ്ടെത്തുന്നതിൽ മാത്രമായിരുന്നു ശ്രദ്ധ-റോസ്‌ലിൻ പറഞ്ഞു.

യഥാർഥ സ്‌നേഹം ആഘോഷിക്കപ്പെടേണ്ടതാണ്. നിങ്ങൾ പണക്കാരനാണോ പാവപ്പെട്ടവനാണോ എന്നതൊന്നും ഒരു വിഷയമല്ല-സ്ട്രാൻഡ്‌സ് പറഞ്ഞു.