കൊച്ചി: കോവിഡ് രോഗത്തിന്റെ പ്രതിരോധത്തിന് ഹോമിയോ മരുന്നുകൾ ഉപയോഗിക്കാമെന്ന് ഹെക്കോടതി. രോഗപ്രതിരോധ ചികിത്സയ്ക്ക് ഹോമിയോ മരുന്ന് നിർദ്ദേശിക്കാൻ ഹോമിയോ ഡോക്ടർക്ക് അധികാരമുണ്ട്. ഇതുസംബന്ധിച്ച് ആയുഷ് മന്ത്രാലയത്തിന്റെ മാർഗ നിർദേശങ്ങളുണ്ടെന്നും ഇവ നടപ്പാക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം സ്വദേശിയായ ഹോമിയോ ഡോക്ടർ ജയപ്രസാദ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കോവിഡ് പ്രതിരോധ ചികിത്സ നടത്തിയതിന് തനിക്കെതിരെ കേസെടുക്കുമെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചെന്ന് കാട്ടിയാണ് ഡോക്ടർ ഹൈക്കോടതിയെ സമീപിച്ചത്. ആയുഷ് മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ള മരുന്നുകൾ തടസപ്പെടുത്താൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

കോവിഡ് പ്രതിരോധ ചികിത്സയ്ക്ക് ഹോമിയോ ഡോക്ടർമാർക്ക് അധികാരമുണ്ടെന്ന് കേന്ദ്രസർക്കാർ മുൻപ് സുപ്രീംകോടതിയിൽ അറിയിച്ചിട്ടുള്ളതാണ്.