കാഞ്ഞങ്ങാട്: കൊച്ചി സ്വദേശിയായ മധ്യവയസ്‌ക്കനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വർണ്ണവും വിലപിടിപ്പുള്ള മൊബൈൽഫോണും തട്ടിയെടുത്ത യുവതിയടക്കം നാലുപേരെ ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊവ്വൽ പള്ളിയിലെ സാജിദ (30 ), ഉമ്മർ(41), യൂസഫ് (35), ബഷീർ (40), ഉസ്മാൻ (50) എന്നിവരെയാണ് ഹോസ്ദുർഗ് പൊലീസ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്. കൊച്ചി കടവ്രന്തയിലെ സി.എ.സത്താറിന്റെ (58) പരാതിയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്

നേരത്തെ പരിചയത്തിലായിരുന്ന സാജിദയുമായി സത്താറിനെ കൊണ്ട് ഈമാസം രണ്ടിന് പിടിയിലായ പ്രതികൾ കല്യാണം കഴിപ്പിച്ചിരുന്നു. അതിനുശേഷം സാജിദയോടൊപ്പം കൊവ്വൽ പള്ളി കല്ലൻചിറയിൽ വാടക വീട്ടിലാണ് സത്താർ താമസി ച്ചിരുന്നത്. ഇതിനിടയിൽ സംഘം കിടപ്പറയിൽ വെച്ച് സാജിദയുടെയും സത്താറിന്റെയും ദൃശ്യങ്ങൾ പകർത്തിയശേഷം ഇവ സമുഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി പ്പെടുത്തി.

മുന്നേമുക്കാൽ ലക്ഷം രൂപയും ഏഴരപവന്റെ സ്വർണ്ണമാലയുമാണ് 15700 രൂപയും തട്ടിയെടുത്തത്. കല്യാണം കഴിച്ച കാര്യം കൊച്ചിയിലെ ബന്ധുക്കൾ അറിയാതിരിക്കാനാണ് സത്താർ പണം നൽകിയത്. എന്നാൽ പിന്നീട് വീണ്ടും ലക്ഷങ്ങൾ ആവശ്യപ്പെട്ട് സത്താറിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്. മുൻസംഭവങ്ങളിൽ നിന്നും വ്യത്യസ്തമായി മധ്യവയസ്‌കരെ കല്യാണം കഴിച്ചാണ് പുതിയ ബ്ലാക്ക്‌മെയിൽ രീതികൾ ഇവർ പുറത്തെടുത്തത്.

നേരത്തെയും സമാന രീതിയിലുള്ള തട്ടിപ്പ് ഈ സംഘം നടത്തിയിരുന്നു. സാജിദയെ ഉപയോഗപ്പെടുത്തി കാസർകോട്ടെയും പരിസരത്തെയും നിരവധി പേരെ സംഘം കെണിയിൽ പെടുത്തിയിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സാജിദ മിസ്‌കോൾ അടിച്ചാണ് തട്ടിപ്പിന് തുടക്കം ഇടുന്നത്.സാജിദയുടെ നമ്പറിലേക്ക് തിരികെ വളിക്കുന്നവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവരെ പ്രത്യേക സ്ഥലത്തേക്ക് യുവതി വിളിപ്പിക്കും.

തുടർന്ന് യുവതിക്കൊപ്പം നിർത്തി സംഘം ദൃശ്യങ്ങൾ പകർത്തും. പിന്നീട് ഈ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് സംഘം ചെയ്തിരുന്നത്. ഇത്തരത്തിലായിരുന്നു കാസർകോടുള്ള വ്യാപാരി തട്ടിപ്പിൽ കുടുങ്ങിയത്. 48000 രൂപയാണ് വ്യാപാരിയിൽ നിന്ന് ആദ്യം സംഘം തട്ടിയെടുത്ത്. പിന്നീട് വീണ്ടും കൂടുതൽ തുക ആവശ്യപ്പെട്ടതോടെ വ്യാപാരി പൊലീസിനെ സമീപിക്കുകയായിരുന്നു.