കോഴിക്കോട്: കോഴിക്കോട് ചെറുകുളത്തൂരിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്ന് വീണു. ഒമ്പത് തൊഴിലാളികളാണ് അപകടസമയത്ത് കെട്ടിടത്തിന് അകത്തുണ്ടായിരുന്നത്. ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയിരുന്നു. ഇവരെയും രക്ഷപ്പെടുത്തി.

വെൺമാറയിൽ അരുൺ എന്നയാളുടെ വീട് പണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ടാം നില കെട്ടുന്നതിനിടെ കെട്ടിടം തകർന്ന് വീഴുകയായിരുന്നു. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി കോൺക്രീറ്റ് സ്ലാബിനുള്ളിൽ കുടങ്ങിയവരെ രക്ഷപ്പെടുത്തുകയായിരുന്നു.

രക്ഷപ്പെടുത്തിയ ഒമ്പത് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പരിക്കേറ്റവരുള്ളത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

കൊൽക്കത്ത സ്വദേശികൾ ആണ് അപകടത്തിൽപെട്ട തൊഴിലാളികളെല്ലാം. അസാർ ഹുസൈൻ, നസീം ഖാൻ, അസതുൽ, ഫിറോസ് ഖാൻ, റജബ്, ജാമിൽ, മുബാറക്ക്, റന എന്നിവരാണ് അപകടത്തിൽപ്പെട്ട തൊഴിലാളികൾ.