തിരുവനന്തപുരം: ആറ്റിങ്ങലിൽ വീട് നിർമ്മാണത്തിനായി പലതവണയായി 30 ലക്ഷം രൂപ കൈപ്പറ്റിയിട്ട് 15 ലക്ഷം രൂപയ്ക്ക് താഴെ മാത്രം ചെലവഴിച്ച് ബിൽഡർ മുങ്ങിയെന്ന് പരാതി. സ്വപ്ന കൺസ്ട്രക്ഷൻസ് ഉടമ തോമസ് ജോസഫിനെതിരെ ആറ്റിങ്ങൽ വെള്ളൂർകോണം എക്സ്മസ് കോട്ടേജിൽ സാറാമ്മയാണ് ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലും എസ്‌പിക്കും പരാതി നൽകിയിരിക്കുന്നത്.

വീട് വയ്ക്കുന്നതിന് 2021 ജനുവരിയിലാണ് സാറാമ്മയും ഭർത്താവ് മോറിസ് ബെന്നും സ്വപ്ന കൺസ്ട്രക്ഷൻസ് ഉടമ തോമസ് ജോസഫുമായി കരാറിലേർപ്പെട്ടത്. ഒമ്പത് മാസത്തിനുള്ളിൽ 3135000 രൂപയ്ക്ക് വീടുപണി പൂർത്തിയാക്കാമെന്നതായിരുന്ന കരാറിലെ വ്യവസ്ഥ. എന്നാൽ വീടുപണി തുടങ്ങിയപ്പോൾ തന്നെ കരാറിലെ തവണകൾ തെറ്റിച്ച് തോമസ് ജോസഫ് പലതവണയായി പണം ആവശ്യപ്പെടാൻ തുടങ്ങി. കോവിഡ് ആയതിനാൽ സാമ്പത്തിക ഞെരക്കം കൊണ്ടാണെന്നും സെപ്റ്റംബറിനുള്ളിൽ വീടുപണി പൂർത്തിയാക്കുമെന്നും പറഞ്ഞാണ് തോമസ് ജോസഫ് പണം വാങ്ങിച്ചെടുത്തത്.

ഓഗസ്റ്റ് മാസത്തിന് മുമ്പ് തന്നെ 30 ലക്ഷം രൂപ തോമസ് ജോസഫ് കൈപ്പറ്റിയിരുന്നതായി സാറാമ്മ പരാതിയിൽ പറയുന്നു. തുടർന്ന് 15 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെ അവർ ഞെട്ടിപ്പോയി. ആവശ്യത്തിനുള്ള പണം തന്നിട്ടുണ്ടെന്നും ഇനി ഒന്നേമുക്കാൽ ലക്ഷം രൂപ മാത്രമേ തരാനുള്ളുവെന്നും, ആദ്യം തന്ന പണത്തിനുള്ള പണി പൂർത്തിയാക്കണമെന്നും വീടുപണി പൂർത്തിയാകുംമുമ്പ് ബാക്കി പണംകൂടി കൈമാറുമെന്നും അവർ പറഞ്ഞു. എന്നാൽ 15 ലക്ഷം രൂപ കൂടി കിട്ടാതെ പണി ചെയ്യില്ല എന്ന തീരുമാനത്തിലേയ്ക്ക് തോമസ് ജോസഫ് മാറുകയായിരുന്നു.

മുപ്പത് ലക്ഷം രൂപ തോമസ് ജോസഫിന്റെ കൈകളിലായതിനാൽ കെട്ടിടംപണി പൂർത്തീകരിക്കുംവരെ സാറാമ്മയും വീട്ടുകാരും ക്ഷമിക്കാൻ തയ്യാറായിരുന്നു ഒടുവിൽ ഉഭയകക്ഷി സമ്മതതത്തോടെ ഒരു എൻജിനിയറെ വിളിച്ച് മൂല്യനിർണയം നടത്തിയപ്പോൾ തോമസ് ജോസഫ് വരാതെ മാറിനിന്നു. അന്ന് എൻജിനിയർ അതുവരെ നടന്ന പണികളുടെ മൂല്യമായി കണക്കാക്കിയത് 1667290/ രൂപ മാത്രമാണ്. ബാക്കി 1342704/ രൂപ സാറാമ്മയ്ക്ക് തിരിച്ചുകിട്ടേണ്ടതുണ്ട്. ആ പണം തിരിച്ചുതരുകയോ അല്ലാത്തപക്ഷം വീട് നിർമ്മാണം പൂർത്തിയാക്കി താക്കോൽ തരുകയോ ചെയ്യണമെന്ന് സാറാമ്മ ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് തോമസ് ജോസഫും സംഘവും സാറാമ്മയേയും കുടുംബത്തേയും വീട്ടിൽകയറി ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.

ഇതിനെ തുടർന്ന് സാറാമ്മ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലും ഡിവൈഎസ്‌പിയും എസ്‌പിയും മുഖ്യമന്ത്രിക്കും പരാതി നൽകി. മധ്യസ്ഥശ്രമമെന്ന നിലയിൽ ഡിവൈഎസ്‌പി ഇരുകൂട്ടരേയും ചർച്ചയ്ക്ക് വിളിക്കുകയും പൊലീസ് കൺസ്ട്രക്ഷൻ അഥോറിറ്റിയിലെ ഒരു റിട്ട. എൻജിനീയറെ വിളിച്ച് വീടിന്റെ മൂല്യനിർണയം നടത്താമെന്നും ഇരുകൂട്ടരും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ തോമസ് ജോസഫിന് അത് സമ്മതമായിരുന്നില്ല. എന്നാൽ തോമസ് ജോസഫിന് വിശ്വാസമുള്ള ഒരു എൻജിനീയറെ കൂടി കൊണ്ടുവരാമെന്ന് ഡിവൈഎസ്‌പി നിർദ്ദേശിച്ചു. ആ നിർദ്ദേശം സമ്മതിച്ച തോമസ് ജോസഫ് മൂല്യനിർണയദിവസം വരാൻ തയ്യാറായില്ല. പകരം കൊമേഴ്ഷ്യൽ കോടതിയിലെത്തി സാറാമ്മയ്ക്കെതിരെ പരാതി നൽകുകയാണ് ഉണ്ടായത്.

പ്രശ്നപരിഹാരത്തിന് തോമസ് ജോസഫ് സഹകരിക്കാത്തതിനെ തുടർന്ന് കേസെടുക്കാൻ സിഐയോട് ഡിവൈഎസ്‌പി നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ആറ്റിങ്ങൽ സിഐ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്. മാനസികപ്രശ്നങ്ങളുള്ള സഹോദരനും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഭർത്താവിനും വിശ്രമത്തിനും ആവശ്യമായി ചികിൽസ ലഭ്യമാക്കുന്നതിനും സ്വന്തമായൊരു വീടെന്ന സ്വപ്നവുമായി 2021 ജനുവരിയിൽ സാറാമ്മ ആരംഭിച്ച യാത്ര ഇപ്പോഴും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. സാറാമ്മയുടെ സ്വപ്നം പോലെ അപൂർണമായി ഇപ്പോഴും പണിതീരാത്ത ആ വീട് അവശേഷിക്കുന്നു.