അമിതമായ വില വർധനവ് മൂലം വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിലെ ജനങ്ങൾ എൽപിജി സിലിണ്ടർ ഉപേക്ഷിക്കുന്നു. ഝാർഗ്രാമിലെയും പശ്ചിമ മിഡ്‌നാപ്പൂരിലെയും 100 വിദൂര ഗ്രാമങ്ങളിൽ നിന്നുള്ള 42 ശതമാനം ആളുകളും വിലക്കയറ്റം കാരണം എൽപിജി സിലിണ്ടറുകൾ ഉപയോഗിക്കുന്നത് ഉപേക്ഷിച്ചുവെന്ന് രണ്ട് അക്കാദമിക് വിദഗ്ദ്ധർ നടത്തിയ ഒരു സർവേ വെളിപ്പെടുത്തുന്നുവെന്ന് ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്യുന്നു.

പ്രധാൻ മന്ത്രി ഉജ്ജ്വല യോജന പ്രകാരം ഗ്രാമീണർക്കും വനവാസികൾക്കും പാചക വാതക കണക്ഷനുകൾ നൽകിയത് ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ജീവിതത്തെ മാറ്റിമറിച്ചുവെന്ന ബിജെപി അവകാശവാദങ്ങളെ വെല്ലുവിളിക്കുന്നതാണ് സർവേ ഫലം.

ഝാർഗ്രാമിലെയും പശ്ചിമ മിഡ്‌നാപൂരിലെയും 13 ബ്ലോക്കുകളിലെ 100 ഗ്രാമങ്ങളിൽ നിന്നുള്ള 560 വീടുകളിൽ നടത്തിയ സർവേയിൽ 42 ശതമാനം ആളുകളും തങ്ങളുടെ ഗ്യാസ് സിലിണ്ടറുകൾ ഉപേക്ഷിച്ച് വിറകിലേക്ക് മടങ്ങിയെന്ന് കണ്ടെത്തിയതായി സർവേ നടത്തിയ പ്രവത് കുമാർ ഷിറ്റ് പറയുന്നു. പകർച്ചവ്യാധി സമയത്ത് ഇവർക്ക് എൽപിജി സിലിണ്ടറുകൾ വാങ്ങാൻ കഴിയാതെ പോയി.

ശുദ്ധമായ പാചക ഇന്ധനത്തിന്റെ ഉപയോഗം വർധിപ്പിക്കുന്നതിനും രോഗങ്ങൾ കുറയ്ക്കുന്നതിനുമായി 2016-ൽ ആരംഭിച്ച യോജന പ്രധാന തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ സഹായിച്ചതായി വിശ്വസിക്കപ്പെടുന്നു. രാജ്യത്തുടനീളമുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ രാജ്യത്തിന്റെ 98 ശതമാനവും ഉൾക്കൊള്ളുന്ന പദ്ധതിയെക്കുറിച്ച് വീമ്പിളക്കിയിട്ടുണ്ട്.

രാജ എൻ.എൽ. ഖാൻ വനിതാ കോളജിലെ അസിസ്റ്റന്റ് പ്രഫസർ ആയ ഷിറ്റും ഐഐടി ഖരഗ്പൂരിലെ ജിയോളജി ആൻഡ് ജിയോഫിസിക്‌സ് പ്രൊഫസറുമായ ദേബാശിഷ് സെൻഗുപ്തയും ഗ്രാമീണ ദരിദ്രർക്കിടയിൽ എൽപിജി സിലിണ്ടറുകളുടെ വില എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സർവേ നടത്തിയത്.

ഗ്യാസ് വില വർധനവ്, ലോക്ക്ഡൗൺ കാലത്തെ ഗ്യാസ് ലഭ്യത പ്രശ്‌നം, ഗാർഹിക വരുമാനം കുറയൽ എന്നിങ്ങനെ മൂന്ന് കാരണങ്ങളാൽ എൽപിജി വാങ്ങുന്നവരുടെ എണ്ണം അതിവേഗം കുറഞ്ഞുവെന്ന പഠനം പറയുന്നു.ആളുകൾ എൽപിജി ഉപയോഗിക്കുന്നത് ഉപേക്ഷിച്ചപ്പോൾ, അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വനത്തിലേക്ക് പോകാൻ അവർ നിർബന്ധിതരായി.

2020 സെപ്റ്റംബറിൽ 620.50 രൂപയായിരുന്ന ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 2021 നവംബർ 5 ആയപ്പോഴേക്കും 926 രൂപയായി ഉയർന്നു.സംസ്ഥാന സർക്കാരിന്റെ സയൻസ്, ടെക്‌നോളജി, ബയോടെക്‌നോളജി വകുപ്പിന്റെ പ്രോജക്ടിന് കീഴിലുള്ള 'ജാർഗ്രാം ജില്ലയിലെ ഒരു ഉഷ്ണമേഖലാ വനത്തിലെ ജൈവവസ്തുക്കളുടെയും കാർബൺ സ്റ്റോക്കുകളുടെയും ജിയോസ്‌പേഷ്യൽ വിലയിരുത്തൽ' എന്നതിനെക്കുറിച്ചുള്ള പഠനത്തിൻെ്റ ഭാഗമാണ് സർവേയെന്ന് ഷിറ്റ് പറഞ്ഞു.

''വീടുകൾ സന്ദർശനങ്ങളിൽ, ആളുകൾ അവരുടെ എൽപിജി സിലിണ്ടറുകളും ഓവനുകളും ഉപേക്ഷിക്കുന്നതായി ഞങ്ങൾ കണ്ടെത്തി. എൽപിജി സിലിണ്ടറുകളുടെ വില വർധിച്ചതിനാൽ പലരും ഒരു വർഷം മുമ്പ് അവരെ സ്റ്റോർറൂമുകളിലേക്ക് പുറത്താക്കിയിരുന്നു. കഴിഞ്ഞ വർഷം നവംബറിനും ഈ വർഷം സെപ്റ്റംബറിനുമിടയിലാണ് ഫീൽഡ് പഠനം നടത്തിയതെന്ന് ഷിറ്റ് പറഞ്ഞു.

വെസ്റ്റ് മിഡ്നാപ്പൂരിലെ സാൽബനി ബ്ലോക്കിലെ ബഗ്മാരി വില്ലേജിലെ താമസക്കാരിയായ അമ്പതുകാരി ഗീത 2019 നവംബറിൽ ഉജ്വൽ പദ്ധതിയിൽ എൽപിജി സിലിണ്ടർ എടുത്തു. ഇക്കഴിഞ്ഞ ജനുവരിയിൽ അവർ കണക്ഷൻ ഉപേക്ഷിച്ചു. 900 രൂപ കൊടുത്ത് ഒരു സിലിണ്ടർ എടുത്താൽ ഒരു മാസത്തേക്ക് പോലും തികയില്ല. അതേ സമയം 800 രൂപയ്ക്ക് വിറക് വാങ്ങിയാൽ മൂന്നു മാസത്തേക്ക് തികയില്ലെന്ന് ഗീതാ സിങ് പറയുന്നു. ദിവസക്കൂലിക്ക് പണിയെടുക്കുന്ന തങ്ങളെ പോലുള്ളവർക്ക് ഗ്യാസ് സിലിണ്ടർ ലാഭകരമല്ല. പ്രതിമാസ റേഷൻ ആയിരം രൂപയ്ക്ക് കിട്ടുമ്പോഴണ് ഒരു സിലിണ്ടറിന് അത്രയും തന്നെ നൽകേണ്ടി വരുന്നതെന്നും ഗീത പറയുന്നു.


ഗ്യാസ് സിലിണ്ടർ സാധനങ്ങൾ തൂക്കിയിടാനുള്ള ഒരു സ്റ്റാൻഡാക്കി മാറ്റിയ നൂറുകണക്കിന് കുടുംബങ്ങളിൽ ഒന്ന് മാത്രമാണ് ഗീതയുടേതെന്ന് പഠനസംഘം അംഗങ്ങൾ പറഞ്ഞു.

(ചില) വിദൂര പ്രദേശങ്ങളിൽ എൽപിജി സിലിണ്ടറുകളുടെ വാതിൽപ്പടി വിതരണമില്ല, അതായത് ഗതാഗതച്ചെലവായി 100 രൂപ കൂടുതലായി ചിലവഴിക്കുന്നു,'' ജാർഗ്രാമിലെ ബുരിസോളിലെ മന ഭുനിയ പറഞ്ഞു.