തിരുവനന്തപുരം: കൃത്യമായ സേവനപ്രവർത്തനങ്ങളിലുടെയും ഇടപെടലുകളിലുടെയും എന്നും ലോകശ്രദ്ധ നേടിയിട്ടുണ്ട് കേരളത്തിലെ നഴ്‌സുമാർ. ആവശ്യം വരുമ്പോൾ മാത്രം മാലാഖമാരാവുകയും അല്ലാത്തപ്പോൾ നഴ്‌സുമാർ മാത്രമാവുകയും ചെയ്യുന്ന പ്രതിഭാസത്തിന് പലതവണ സാക്ഷികളായിട്ടുണ്ടെങ്കിലും തങ്ങളുടെ പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ട് പോകാൻ ഈ കൂട്ടർ തയ്യാറാല്ല. ഇവരുടെ കഠിനധ്വാനത്തിന്റെ ക്രെഡിറ്റ് മൊത്തമായി സംസ്ഥാനം ഏറ്റെടുക്കുകയാണെങ്കിൽപ്പോലും.ഇപ്പോഴിത നഴ്‌സുമാരുടെ ഇടപെടൽ മറ്റൊരു നേട്ടത്തിന് കുടെ സംസ്ഥാനത്തെ അർഹമാക്കിയിരിക്കുകയാണ്. നിലവിൽ രാജ്യത്ത് ജീവനോളം തന്നെ വിലകൽപ്പിക്കപ്പെടുന്ന കോവിഡ് വാക്‌സിൻ ഒരു തുള്ളി പോലും പാഴാക്കാത്ത സംസ്ഥാനം എന്ന നേട്ടം കേരളത്തെത്തേടിയെത്തിയിരിക്കുകയാണ്. നഴ്‌സുമാരുടെ ഇടപെടൽ ഒന്നുമാത്രമാണ് ഇതിന് പിന്നിലെന്ന് ആരോഗ്യവകുപ്പും തുറന്ന് സമ്മതിച്ച് കഴിഞ്ഞു.

രാജ്യത്ത് 44.78 ലക്ഷം ഡോസ് കോവിഡ് വാക്‌സീൻ പാഴായിപ്പോയപ്പോളാണ് കേരളത്തിൽ ഒരു തുള്ളി വാക്‌സീൻ പോലും പാഴാകാതിരുന്നത് എന്നത് അറിയുമ്പോഴാണ് ഇ നേട്ടത്തിന്റെ പ്രാധാന്യം വ്യക്തമാവുക.അനുഭവ സമ്പത്തുള്ള നഴ്‌സുമാരുടെ മികവു മൂലം തന്നെയാണ് ഇത്തരമൊരു നേട്ടത്തിലേക്ക് സംസ്ഥാനം എത്തിച്ചേർന്നതും. ആരോഗ്യവകുപ്പു നടത്തിയ പരിശോധനയിൽ ഒരു വാക്‌സീൻ വയലിൽ (കുപ്പി) നിന്നു നൽകാവുന്ന പരമാവധിയിലേറെ വാക്‌സീനും രോഗികൾക്കു നൽകിയതായും കണ്ടെത്തി. ഇതാണു സംസ്ഥാനത്തു വാക്‌സീൻ പാഴാകാതിരുന്നതിന്റെ പ്രധാന കാരണവും. 5 മില്ലീ ഗ്രാമിന്റെ വയലിൽ നിന്നു പരമാവധി 10 പേർക്കാണു വാക്‌സീൻ നൽകാൻ കഴിയുക. എന്നാൽ, ഉൽപാദന കമ്പനികൾ വാക്‌സീൻ പാഴാകാനുള്ള സാധ്യത മുന്നിൽ കണ്ട് മരുന്നു കുപ്പികളിൽ 5.5 6 എംഎൽ വരെ (.5 എംഎൽ മുതൽ 1 എംഎൽ വരെ അധികം) വാക്‌സീൻ നിറച്ചാണ് അയയ്ക്കുന്നത്.

ശരാശരി ഓരോ കുപ്പിയിൽനിന്നുമായി 10 മുതൽ 20 ശതമാനം വരെ പാഴാകാൻ സാധ്യതയുണ്ടെന്ന (വേസ്റ്റേജ് ഫാക്ടർ) വിലയിരുത്തലിനെ തുടർന്നാണ് ഇങ്ങനെ ചെയ്യാറുള്ളത്. എന്നാൽ, കേരളത്തിലെ, പ്രത്യേകിച്ചു സർക്കാർ മേഖലയിലെ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നഴ്‌സുമാർ വേസ്റ്റേജ് ഫാക്ടർ ആയി ഉൾപ്പെടുത്തിയിട്ടുള്ള വാക്‌സീൻ പോലും പാഴാക്കാതെ കുത്തിവയ്‌പ്പിന് ഉപയോഗിച്ചു. അതായത് 10 പേർക്കു കൊടുക്കാവുന്ന ഒരു വാക്‌സീൻ വയലിൽ നിന്ന് 11 പേർക്കു വരെ വാക്‌സീൻ കൃത്യമായി നൽകി കേരളത്തിലെ നഴ്‌സുമാർ. കേന്ദ്ര ആരോഗ്യ മന്ത്രാലയം വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിൽ കേരളത്തിൽ കോവിഡ് വാക്‌സീൻ പാഴാക്കൽ ഇല്ലെന്നു വ്യക്തമാക്കിയിരുന്നു. നിലവിൽ അനുവദനീയമായ പരിധിയിലും താഴെ മാത്രമാണ് അപൂർവമായി സംസ്ഥാനത്തു വാക്‌സീൻ പാഴാകുന്നത്. അതും കൂടുതൽ സ്വകാര്യ മേഖലയിലും.

മെച്ചമാകുക അടുത്ത വിതരണത്തിൽ

വാക്‌സിൻ പാഴാക്കാത്തതിന്റെ ഗുണം കേരളത്തിന് ലഭിക്കുന്നത് വിതരണത്തിന്റെ രണ്ടാംഘത്തിലാണ്. കാരണം വാക്‌സിൻ പാഴാക്കിയ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ഡോസിന്റെ അളവ് പ്രഖ്യാപിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി കഴിഞ്ഞു. കേരളം വാക്‌സിൻ പാഴാക്കാത്തത് കാരണം ഈ ഘട്ടത്തിലും മുഴുവൻ ഡോസും സംസ്ഥാനത്തിന് ലഭിക്കും.ഇതുവരെ വിതരണം ചെയ്തതിൽ 23 ശതമാനം വാക്‌സീൻ പാഴാക്കിയെന്നാണു കേന്ദ്രസർക്കാരിന്റെ കണക്ക്. തമിഴ്‌നാട്, ഹരിയാന, പഞ്ചാബ്, മണിപ്പൂർ, തെലങ്കാന സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ വാക്‌സീൻ പാഴാക്കിയത്. കുത്തിവയ്‌പ്പു വേഗത്തിൽ പൂർത്തിയാക്കുന്ന സംസ്ഥാനങ്ങൾക്കും മുൻഗണന ലഭിക്കും. നിലവിൽ ഗുജറാത്ത്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നിവയാണു വേഗത്തിൽ വാക്‌സിനേഷൻ പൂർത്തിയാക്കുന്നത്.

നേരത്തെ കേന്ദ്രം സംഭരിക്കുന്ന വാക്‌സീനുകൾ സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കുമായി നൽകുകയാണു ചെയ്തിരുന്നത്. എന്നാൽ, മെയ്‌ 1 മുതൽ കേന്ദ്ര വിഹിതത്തിനു പുറമേ സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും നേരിട്ടു വാങ്ങാം. കോവിഡ് ബാധിതർ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങൾക്കുള്ള വാക്‌സീൻ വിഹിതം വർധിപ്പിക്കാനുള്ള സാധ്യതയും ഏറി. രാജ്യത്തു കോവിഡ് രൂക്ഷമായ 10 സംസ്ഥാനങ്ങളിലൊന്നാണു കേരളമെന്നതിനാൽ കേന്ദ്രവിഹിതത്തിൽ കൂടുതൽ പരിഗണന കേരളത്തിനു ലഭിക്കുമെന്നും ഉറപ്പായി.

പാഴായത് 44 ലക്ഷം ഡോസ്

വിവരാവകാശ രേഖ അനുസരിച്ച് ഏപ്രിൽ 11 വരെ ആകെ വിതരണം ചെയ്ത 10.34 കോടി ഡോസ് വാക്‌സീനിൽ 44.78 ലക്ഷം ഡോസ് വാക്‌സീനാണു പാഴാക്കിയത്. അതായത് ത്രിപുരയിലെ മുഴുവൻ ജനങ്ങൾക്കും നൽകാനുള്ളത്ര വാക്‌സീൻ പാഴായി. ഏറ്റവും കൂടുതൽ വാക്‌സീൻ പാഴാക്കിയത് തമിഴ്‌നാടാണ്. 100 ഡോസ് ഇവിടെ വിതരണം ചെയ്യുമ്പോൾ 12 ഡോസ് പാഴായി.

വേണം കൂടുതൽ കരുതൽ
വാക്‌സീനേഷൻ ക്യാംപുകൾ കൂടുതൽ ശ്രദ്ധാപൂർവവും കൃത്യമായ ആസൂത്രണത്തോടും നടത്തിയാൽ വാക്‌സീൻ പാഴാകുന്നതിൽ കാര്യമായ കുറവുണ്ടാകുമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഒരു വയലിൽ നിന്നു വാക്‌സീൻ നൽകേണ്ട 10 പേരും എത്തിയ ശേഷം മാത്രം വയൽ തുറക്കുക, വാക്‌സിനേഷൻ നൽകുന്ന ജീവനക്കാർക്കു കൃത്യമായ പരിശീലനം നൽകുകയും വാക്‌സീൻ നിറയ്ക്കുന്നതിൽ വീഴ്ചയുണ്ടാകാതെ നോക്കുകയും ചെയ്യുക, വാക്‌സീനേഷന് എതിരായുള്ള അപവാദ പ്രചാരണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുക, വാക്‌സീൻ സൂക്ഷിക്കുന്ന കോൾഡ് ചെയിൻ സംവിധാനം കൂടുതൽ മികവുറ്റതുള്ളതാക്കുക തുടങ്ങിയ നിർദേശങ്ങളും അവർ പങ്കുവയ്ക്കുന്നു.