ലണ്ടൻ: കടമകളും പ്രണയവും ഇഴപിരിഞ്ഞുകിടന്ന ഒരു ജീവിതയാത്രയിൽ ഫിലിപ്പ് രാജകുമാരന്റെ അവസാന നാളുകളിൽ രാജ്ഞിക്കും രാജകുമാരനും ഏറെനാൾ ഒരുമിച്ചു കഴിയാനായി എന്നതാണ് ഒരു പക്ഷെ അവർക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം. ഈയടുത്ത നാളുകളിൽ രാജ്ഞിക്ക് ശക്തിപകർന്നതും തന്റെ പ്രിയതമന്റെ ഭൗതിക സാന്നിദ്ധ്യമായിരുന്നു. ഒരു ജീവിതം മുഴുവൻ പൂർണ്ണ പിന്തുണയേകി കൂടെനിന്ന പങ്കാളിയേയാണ് രാജ്ഞിക്ക് നഷ്ടമായിരിക്കുന്നത്.

രാജകുമാരൻ എത്തുമെന്നുറപ്പായാൽ, അത്താഴം വരെ വൈകുപ്പിക്കുമായിരുന്നു. അവസാന നാളുകളിൽ ആരോഗ്യം മോശമായി വന്നപ്പോൾ പോലും രണ്ടുപേരും ഒരുമിച്ച് ധാരാളം സമയം ചെലവഴിക്കാൻ അവസരം കണ്ടെത്തി. തികഞ്ഞ ശാന്തനും സൗമ്യനുമായിരുന്നു അവസാന നാളുകളിൽ ഫിലിപ്പ് രാജകുമാരൻ. അതിന് ഏറ്റവും വലിയൊരു ഉദാഹരണമായിരുന്നു അദ്ദേഹത്തിന്റെ കൈയിൽ നിന്നും കണ്ണട താഴെ വഴുതിപ്പോയത്. അത് എടുക്കാൻ തുനിഞ്ഞ സഹായിയെ വിലക്കിക്കൊണ്ട് അദ്ദേഹം തന്നെ അത് എടുക്കുകയായിരുന്നു.

മാത്രമല്ല, തന്റെ ശ്രവണസഹായി ഉപയോഗിക്കുവാൻ അദ്ദേഹം വിസമ്മതിച്ചിരുന്നതായി രാജ്ഞി തന്നെ പറയുമായിരുന്നു എന്ന് കൊട്ടാരം വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ നൂറാം പിറന്നാൾ ആഘോഷത്തിന് കൊട്ടാരം തയ്യാറെടുക്കുമ്പോഴും അദ്ദേഹം ശാന്തനായി സൗമ്യനായി ഇരിക്കുകയായിരിന്നു. ഇനി ആ ആഘോഷങ്ങളെല്ലാം റദ്ദ് ചെയ്യപ്പെടുകയാണ്. ആശുപത്രിയിൽ നിന്നും തിരികെയെത്തിയ ശേഷം ഏറിയപങ്കും അദ്ദേഹം തന്റെ മുറിയിൽ തന്നെ കഴിച്ചുകൂട്ടുകയായിരുന്നു. ഭക്ഷണക്രമത്തിലും ചില മാറ്റങ്ങൾ വരുത്തിയിരുന്നു.

ഇടയ്ക്ക് അല്പം സുഖം തോന്നുമ്പോൾ അദ്ദേഹം തന്റെ മുറിക്ക് പുറത്തിറങ്ങുമായിരുന്നു. ഇളം ചൂടുള്ള ദിവസങ്ങളിൽ അദ്ദേഹം കൊട്ടാരത്തിന്റെ അങ്കണത്തിലിറങ്ങി കസേരയിലിരുന്ന് വെയിൽ കായാറുണ്ടായിരുന്നു. നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നതിനാൽ, അവസാന ദിവസങ്ങളിൽ അദ്ദേഹം വീൽ ചെയറിനെ ഏറെ ആശ്രയിച്ചിരുന്നു.

മറ്റെല്ലാ ബ്രിട്ടീഷുകാരെയും പോലെ ഒരുവർഷത്തിലധികമായി അദ്ദേഹവും സ്വന്തക്കാരെയും ബന്ധുക്കളെയും കാണാനാകാതെ ദുഃഖത്തിലായിരുന്നു. തന്റെ മകൻ ഒരു ബാലപീഡകന്റെ സുഹൃത്താണെന്ന ആരോപണമുയർന്നത്, പ്രിയപ്പെട്ട കൊച്ചുമകൻ ഹാരി തന്റെ കുടുംബവുമൊത്തുകൊട്ടാരം വിട്ടിറങ്ങിയത് അങ്ങനെ നിരവധി സംഭവങ്ങളായിരുന്നു അവരുടെ കുടുംബത്ത് ഈയടുത്ത കാലത്ത് നടന്നത്. ശക്തമായ ഒരു കാരണവരെപോലെ രാജകുമാരൻ അതെല്ലാം ശാന്തമായി നേരിട്ടു. ഉർവശീ ശാപം ഉപകാരമെന്നതുപോലെ, കോവിഡ് ലോക്ക്ഡൗൺ കാരണം ഏറെ സമയം തന്റെ പ്രിയതമയ്ക്കൊത്ത് കഴിയാനുമായി അവസാന കാലത്ത്.

അടുത്തകാലത്ത് ജനിച്ച രണ്ട് കൊച്ചുമക്കളെ അദ്ദേഹത്തിന് കാണാനായില്ല. അതുപോലെ മകൻ ചാൾസും കൊച്ചുമകൻ വില്യമും കോവിഡ് ബാധിതരായി ഇരുന്ന സമയത്ത് അവരെ സന്ദർശിക്കുവാനും കഴിഞ്ഞില്ല. അതിനിടയിലാണ് വംശീയ വിദ്വേഷമെന്ന ആരോപണവുമായി ഹാരിയും മേഗനും എത്തുന്നത്. എന്നാൽ അവർ രാജ്ഞിയേയും ഫിലിപ്പ് രാജകുമാരനെയും സംശയത്തിന്റെ നിഴലിൽ നിന്നും മാറ്റിനിർത്തിയിരുന്നു. എന്നും രാജകുടുംബത്തിന്റെ യശസ്സ് മാത്രം ലാക്കാക്കി പ്രവർത്തിച്ചിരുന്ന ഫിലിപ്പ് രാജകുമാരന് പക്ഷെ തന്റെ മകൻ ആൻഡ്രു രാജകുമാരനെ മനസ്സില്ലാക്കുന്നതിൽ മാത്രമായിരുന്നു തെറ്റുപറ്റിയത്.

പുത്തൻ പണക്കാരുമായും അധികരികളുമായും ചങ്ങാത്തം വേണ്ടെന്ന് അദ്ദേഹം എപ്പോഴും മകനെ ഉപദേശിക്കുമായിരുന്നു. എന്നാൽ ബാലപീഡകൻ എപ്സ്റ്റീനെ പോലുള്ളവരായിരുന്നു ആൻഡ്രൂ രാജകുമാരന്റെ കമ്പനി. സാറാ ഫെർഗുസണുമായുള്ള അദ്ദേഹത്തിന്റെ പരാജയപ്പെട്ട വിവാഹവും അന്താരാഷ്ട്ര വ്യാപാര പ്രതിനിധി എന്ന നിലയിലുള്ള പരാജയവും ആൻഡ്രുവിനെ ഒരു പരിഹാസ കഥാപാത്രമാക്കി മാറ്റുകയായിരുന്നു.