സേലം : കുടുംബകലഹത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ ആസിഡ് ഒഴിച്ചു കൊന്നു. തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം. നാമക്കൽ സ്വദേശിയായ 47 വയസ്സുള്ള രേവതിയാണ് മരിച്ചത്. ഭർത്താവ് യേശുദാസനാണ് രേവതിക്ക് മേൽ ആസിഡ് ഒഴിച്ചത്. സംഭവത്തിൽ ശുചീകരണത്തൊഴിലാളിയായ ഭർത്താവ് യേശുദാസനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകീട്ട് സേലം പഴയ ബസ് സ്റ്റാൻഡിൽ വച്ചാണ് ആക്രമണം ഉണ്ടായത്. കുടുംബവഴക്കിനെ തുടർന്ന് യേശുദാസനും രേവതിയും കഴിഞ്ഞ മൂന്നുമാസമായി അകന്നു കഴിയുകയാണ്. യേശുദാസൻ ഭീഷണിപ്പെടുത്തുന്നു കാണിച്ച് രേവതി സേലം വനിതാ പൊലീസിൽ നൽകിയ പരാതിയിൽ ഇരുവരെയും സ്റ്റേഷനിലേക്ക് പൊലീസ് വിളിപ്പിച്ചിരുന്നു. ഒരുമണിക്കൂറിലധികം നേരം അനുരഞ്ജന ചർച്ചയും നടത്തിയിരുന്നു.

പിരിഞ്ഞു കഴിയാൻ തന്നെയാണ് താൽപ്പര്യമെന്ന് രേവതി അറിയിച്ചതിനെതുടർന്ന് താക്കീത് നൽകി പൊലീസ് ഇരുവരെയും വിട്ടു. തുടർന്ന് നാട്ടിലേക്ക് പോകാനായി രേവതിയും അമ്മയും ബസ് സ്റ്റാൻഡിൽ നിൽക്കെയാണ് പിറകെ എത്തിയ യേശുദാസ കയ്യിൽ കരുതിയ കന്നാസിലെ ആസിഡ് ഒഴിച്ചത്.

മുഖത്തും നെഞ്ചിലുമെല്ലാം രേവതിക്ക് ഗുരുതര പൊള്ളലേറ്റിരുന്നു. കൂടെയുണ്ടായിരുന്ന രേവതിയുടെ അമ്മയ്ക്കും ആസിഡ് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച രേവതി ഇന്നു രാവിലെയാണ് മരിച്ചത്. യേശുദാസന് രേവതിയെ സംശയമായിരുന്നു. ഇതേച്ചൊല്ലി യേശുദാസനും ഭാര്യയും തമ്മിൽ മിക്കപ്പോഴും വഴക്കായിരുന്നു. ദമ്പതികൾക്ക് മൂന്നു കുട്ടികളുണ്ട്.