തൃശൂർ: ധീര ജവാൻ എ.പ്രദീപിന്റെ കുടുംബാംഗങ്ങൾക്ക് എന്ത് ആവശ്യം വന്നാലും മടിയില്ലാതെ ബന്ധപ്പെടണമെന്ന് വ്യോമസേന എയർ വൈസ് മാർഷൽ ബി.വി ഉപാധ്യായ്. സംസ്‌ക്കാര ചടങ്ങുകൾക്ക് ശേഷം പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയോട് അദ്ദേഹം നേരിട്ടാണ് ഇക്കാര്യം പറഞ്ഞത്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നുണ്ടെന്നും സൈന്യത്തിന്റെ സഹായം എപ്പോഴും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സഹോദരൻ പ്രസാദിനോടും ബന്ധുക്കളോടും അദ്ദേഹം സംസാരിച്ചു. ശ്രീലക്ഷ്മിയോട് കൈകൂപ്പി യാത്ര പറഞ്ഞാണ് എയർ വൈസ് മാർഷൽ ഇറങ്ങിയത്. പ്രദീപിന്റെ യൂണിഫോമും ദേശീയ പതാകയും ഉദ്യോഗസ്ഥർ കൈമാറി.

ശനിയാഴ്ച വൈകിട്ടാണ് പൊന്നൂക്കരയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കാര ചടങ്ങുകൾ നടന്നത്. പ്രദീപ് പഠിച്ച പുത്തൂർ ഗവൺമെന്റ് സ്‌കൂളിലും വീട്ടിലും പൊതുദർശനത്തിനുവച്ച ശേഷമായിരുന്നു സംസ്‌കാരം. കേരളാ പൊലീസിന്റെ ഗാർഡ് ഓഫ് ഓണറിന് ശേഷമായിരുന്നു എയർഫോഴ്സിന്റെ ഫ്യൂണറൽ പരേഡ്. അറുപതോളം എയർഫോഴ്സ് ഉദ്യോഗസ്ഥരാണ് പ്രദീപിന്റെ ഭൗതീക ശരീരത്തിനോപ്പം ജന്മനാട്ടിലേക്ക് എത്തിയത്. മകൻ ദക്ഷിൺ ദേവാണ് അന്തിമ ചടങ്ങുകൾ നിർവ്വഹിച്ചത്. ഒപ്പം സഹോദരൻ പ്രസാദും ഉണ്ടായിരുന്നു.

എയർ ഫോഴ്സ് ഉദ്യോഗസ്ഥർ ആചാര പ്രകാരം ഭൗതീക ശരീരം ചിതയിൽ വച്ചു. ഈ സമയം കൂടി നിന്നവർ വാറണ്ട് ഓഫീസർ പ്രദീപ് അമർ രഹേ... എന്ന് ഉറക്കെ വിളിച്ചു. പിന്നീട് ചടങ്ങുകൾ പൂർത്തിയാക്കി ദക്ഷിൺ ദേവ് ചിതക്ക് തീ കൊളുത്തി. കണ്ടു നിന്നവരുടെ ഹൃദയം വിങ്ങി.

സുലൂർ വ്യോമതാവളത്തിൽനിന്നു വിലാപയാത്രയായാണ് മൃതദേഹം ജന്മനാടായ പൊന്നൂക്കരയിൽ എത്തിച്ചത്. ഉച്ചയ്ക്കു 12.30യ്ക്കു വിലാപയാത്ര വാളയാർ അതിർത്തിയിൽ എത്തിയപ്പോൾ മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, കെ.രാജൻ, കെ.രാധാകൃഷ്ണൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. ദേശീയപാതയുടെ ഇരുവശത്തും ആദരാഞ്ജലികൾ അർപ്പിക്കാൻ ദേശീയപതാകയുമായി നിരവധിപേർ കാത്തുനിന്നു. പൊരിവെയിലിൽ

ഡൽഹിയിൽനിന്നു പ്രത്യേക വിമാനത്തിൽ രാവിലെ 11 മണിയോടെയാണ് പ്രദീപിന്റെ മൃതദേഹം സുലൂർ വ്യോമതാവളത്തിൽ എത്തിച്ചത്. ഇവിടെവച്ചു ടി.എൻ.പ്രതാപൻ എംപി ആദരാഞ്ജലി അർപ്പിച്ചു. ടി.എൻ.പ്രതാപനും കേന്ദ്രമന്ത്രി വി.മുരളീധരനും ആംബുലൻസിനെ സുലൂരിൽനിന്നു അനുഗമിച്ചു.

പുത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു പൂർത്തിയാക്കിയതിന് ശേഷം 2002-ലാണ് പ്രദീപ് വായുസേനയിൽ ചേർന്നത്. വെപ്പൺ ഫൈറ്റർ ആയാണ് ആദ്യനിയമനം. പിന്നീട് എയർ ക്രൂവായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ ഉടനീളം പ്രദീപ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാധാകൃഷ്ണൻ, കുമാരി എന്നിവരാണ് മാതാപിതാക്കൾ. ശ്രീലക്ഷ്മിയാണ് ഭാര്യ. മക്കൾ: ദക്ഷിൺദേവ്, ദേവപ്രയാഗ.