ന്യൂഡൽഹി: കോവിഡ് വാക്സിനേഷനിൽ വിതരണ ദൗത്യത്തിൽ ഇന്ത്യൻ വ്യോമസേനയും പങ്കാളികളാകും. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ വാക്സിൻ സമയബന്ധിതമായി എത്തിക്കുന്നതിനാണ് വ്യോമസേനയുടെ സഹായം തേടുന്നത്. വാക്സിൻ വിതരണത്തിന് വ്യോമസേനയുടെ വിമാനങ്ങളും മറ്റു കമ്പനികളുടെ വിമാനങ്ങളും ഉപയോഗിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അരുണാചൽ പ്രദേശ്, ലഡാക്ക് തുടങ്ങിയ മേഖലകളിലായിരിക്കും വ്യോമസേനാ വിമാനങ്ങളുടെ സേവനം കൂടുതലായി വേണ്ടിവരിക. ആവശ്യമെങ്കിൽ വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ഈ ആവശ്യത്തിന് ഉപയോഗിക്കും.

ഗതാഗത സൗകര്യങ്ങൾ കുറഞ്ഞ ഉൾപ്രദേശങ്ങളിൽ വാക്‌സിൻ എത്തിക്കുന്നതിന് വ്യോമസേനയുടെ സി-130ജെഎസ്, എഎൻ-32എസ് എന്നീ വിമാനങ്ങളടക്കമുള്ളവ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രാദേശിക ഭരണകൂടങ്ങൾക്ക് വാക്‌സിൻ കൈമാറുന്നതുവരെ 24 മണിക്കൂർ നേരം നിശ്ചിത അളവിൽ തണുപ്പിച്ച് സൂക്ഷിക്കാവുന്ന പ്രത്യേക കണ്ടെയ്‌നറുകളിലാക്കിയായിരിക്കും വിമാനങ്ങളിൽ വിവിധയിടങ്ങളിൽ എത്തിക്കുക. വാക്‌സിൻ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് വിശദാംശങ്ങളിൽ തീരുമാനമെടുക്കുന്നതിനായി ചർച്ചകൾ നടന്നുവരികയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

വ്യോമ മാർഗമുള്ള വാക്‌സിൻ വിതരണത്തിന്റെ പ്രധാന പങ്കും നിർവഹിക്കുക വാണിജ്യ വിമാനങ്ങൾ വഴിയായിരിക്കും. വിമാനത്താവളങ്ങൾ ഇല്ലാത്ത പ്രദേശങ്ങളിൽ വ്യോമസേനയുടെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നതിന് വാണിജ്യ വിമാനങ്ങൾക്ക് അനുമതി നൽകും. രണ്ടു ദിവസത്തിനുള്ളിൽ വാക്സിൻ വിവിധ പ്രദേശങ്ങളിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ആഴ്ചയാണ് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ രണ്ട് വാക്‌സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. ഓക്‌സ്‌ഫഡ്-ആസ്ട്രസെനക വികസിപ്പിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനുമാണ് അനുമതി ലഭിച്ചത്.