കൊച്ചി: വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നല്ല ഐ.എ.എസുകാർ പഠിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകളെ പറ്റിക്കാനല്ല വാട്സാപ്പിൽ മെസേജുകൾ അയക്കേണ്ടതെന്നും കൊച്ചിയിലെ എൽ.ഡി.എഫ് പൊതുയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്‌ഐ.ഡി.സി എം.ഡി എൻ.പ്രശാന്തിനെ പേരെടുത്ത് പറയാതെയായിരുന്നു പിണറായി വിജയന്റെ വിമർശനം.

ഈ പറയുന്ന കോർപ്പറേഷൻ (കെ.എസ്‌ഐ.ഡി.സി) എം.ഡി ഫയലുകൾ ഒരാളുടെ അടുത്തും അയച്ചിട്ടില്ല. ബന്ധപ്പെട്ട മന്ത്രിയോ സെക്രട്ടറിയോ ആരും ഒന്നു അറിയില്ല. ഗൂഢലക്ഷ്യം വെച്ച് വാട്സാപ്പ് മെസേജുകൾ അയക്കുകയാണ് ചെയ്തത്. ഇങ്ങനെ മെസേജ് കിട്ടിയാൽ ചിലർ ഒക്കെ എന്നു മെസേജ് അയക്കും.

അതിനർത്ഥം മെസേജ് അംഗീകരിച്ചു എന്നല്ല മെസേജ് കണ്ടു എന്നു മാത്രമാണ്. ഇയാൾ എല്ലാരേയും അറിയിച്ചു എന്നു തെളിവുണ്ടാക്കാൻ വേണ്ടി ഇത്തരം മെസേജുകൾ അയച്ചതാണെന്ന് അദ്ദേഹം തന്നെ പുറത്തു പറയുകയാണ്. എത്ര വലിയ ഗൂഢാലോചനയാണ് അരങ്ങേറിയതെന്ന് നോക്കൂ - പ്രശാന്തിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധനക്കരാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവും മുഖ്യമന്ത്രി ഉന്നയിച്ചു. പ്രതിപക്ഷ നേതാവിന്റെ ആളുകൾ ചേർന്നാണ് സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.