മലപ്പുറം: ഐ.എസിലേക്ക് ആകൃഷ്ടരായവരെ ബോധവൽക്കരിച്ച് തിരിച്ചുകൊണ്ടുവരാൻ 2016ൽ ആരംഭിച്ച ' ഓപ്പറേഷൻ പീജിയന്റെ' ഏകദേശ പൂർത്തീകരണത്തോടെ 2018ൽ ഇന്റലിജൻസ് മേധാവിക്കു കീഴിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് 'കൗണ്ടർ റാഡികലിസം.' ഐ.എസിലേക്ക് യുവാക്കൾപോയ മേഖലകളിലെ മുസ്ലിംമഹല്ല്കമ്മിറ്റികളുമായി സഹകരിച്ചുകൊണ്ടു പള്ളിക്കമ്മറ്റി ഭാരവാഹികൾക്കും, പള്ളയിലെ ഇമാമുമാർക്കും ഐ.എസിന്റെ സാധ്യതകളും, ഇവ തടയാനുള്ള വിവരങ്ങളും പ്രത്യേക ക്യാമ്പിലൂടെ കൈമാറുന്നതാണ് പദ്ധതി.

2018 ഫെബ്രുവരി മാസത്തിൽ ആദ്യമായി വളപട്ടണത്ത് ആരംഭിച്ച ഈ പദ്ധതി വഴി പാലക്കാട് മുതൽ മലപ്പുറംവരെയുള്ള ആറുജില്ലകളിലെ മൂവായിരത്തോളം പള്ളിക്കമ്മിറ്റി ഭാരവാഹികളെ പദ്ധതിയുടെ ഭാഗമാക്കാൻ സാധിച്ചതായി പദ്ധതിക്ക് നേതൃത്വം നൽകുന്ന ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഓരോ ക്യാമ്പിലും 30 മുതൽ 300വരെ ആളുകളാണ് പങ്കെടുത്തത്. യാതൊരുവാർത്താപ്രധാന്യവും നൽകാതെ തികച്ചും രഹസ്യമായും എന്നാൽ ഫലപ്രദമായും നടപ്പാക്കുന്ന ഈ പദ്ധതി നിലവിൽ വിജയകരമായി മൂന്നേറുന്നതായും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

നിലവിൽ 30ക്യാമ്പുകളിലായാണ് പള്ളികമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തത്. ഐ.എസിലേക്ക് യുവാക്കളെ ആകർഷിപ്പിക്കന്ന രീതികൾ, മദ്രസകളിൽ മതപഠനം നടത്താതെ സ്വന്തമായി ഖുർആനും ഹദീസും പഠിക്കുന്നവർ, ഖുർആനിലെ ദുർവ്യാഖ്യാന സാധ്യതകൾ, നേരത്തെ ഐ.എസിൽ ആകൃഷ്ടരായ യുവാക്കളിൽനിന്നും ലഭ്യമായ വിവരണങ്ങൾ, എന്നിവ പള്ളിയിലെ ഇമാമുമാരുമായും, ഭാരവാഹികളുമായും പങ്കിടുകയും ഇതിന്റെ സാധ്യതകൾ അതാത് മഹല്ല്കമ്മിറ്റിക്ക് കീഴിൽ പരിശോധിക്കാനും വിവരങ്ങൾ പൊലീസിന് കൈമാറുന്നതുമാണ് പദ്ധതി.

പുറത്തുനിന്നുള്ള ഒരു അഭിഭാഷകനും, റിട്ടയേർഡ് സ്‌കൂൾ പ്രധാനധ്യാപകനും ഈപദ്ധതയിൽ പൊലീസിന്റെ ഈക്യാമ്പുകളിൽ സഹായത്തിനുണ്ട്. ഡി.വൈ.എസ്‌പി, സിഐ. റാങ്കിലുള്ള പൊലീസുദ്യോഗസ്ഥനും ക്യാമ്പിൽ ക്ലാസെടുക്കും. വിവിധ സെഷനുകളിലായി നാലുപേരുടെ ക്ലാസുകൾക്കു പുറമെ ഭാരവാഹകളുമായി ചർച്ചകളും, സംശയനവാരണവും നടക്കും. ഇത്തരത്തിലുള്ള ഒരു ക്യാമ്പ് കഴിയുന്നതോടെ പള്ളിക്കമ്മിറ്റി ഭാരവാഹികളുമായി പൊലീസ് അടുത്ത ബന്ധംസ്ഥാപിക്കുകയും പിന്നീട് മഹല്ല് കമ്മിറ്റിയിലെ വിവരങ്ങൾ ഫോണിലൂടെ പൊലീസിന് കൈമാറുകയും ചെയ്യുന്ന പ്രവണത നടന്നുവരുന്നു.

പള്ളികമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, പള്ളിയിലെ ഇമാം, സ്വാധീനമുള്ള പള്ളിയോടടുത്ത ബന്ധമുള്ള മറ്റ് ഉസ്താദുമാർ തുടങ്ങിയവരെയാണ് ക്യാമ്പിന്റെ ഭാഗമാക്കുന്നത്. ക്യാമ്പിന് ശേഷം വെള്ളിയാഴ്്ച്ചകളിലെ ജുമുഅ നമസ്‌കാരത്തിന് ആളുകൾ കൂടുന്ന സമയത്ത് ഐ.എസ് തീവ്രവാദത്തിന്റെ ഭവിഷ്യത്തുകളും യഥർഥ ഇസ്ലാം പഠിപ്പിക്കുന്ന രീതികളും പ്രത്യേക പ്രസംഗത്തിലൂടെ പള്ളികളിലെ ഇമാമുമാർ നടത്തിയ ആളുകളെ ബോധവൽക്കരിക്കാൻ ശ്രമിക്കും.

നിലവിലെ കോവിഡ് പ്രതിസന്ധികാരണം മാസങ്ങളാണ് ഇത്തരം ക്യാമ്പുകളും ചർച്ചകളും നടക്കുന്നില്ലെങ്കിലും നേരത്തെ പങ്കെടുത്ത പള്ളിക്കമ്മിറ്റി ഭാരവാഹികളുമായി ഫോണിലൂടെ ബന്ധപ്പെട്ട് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇനി ഇത്തരം ക്യാമ്പുകൾ ഓൺലൈനായി സംഘടിപ്പിക്കുന്നതും സംസ്ഥാന സ്പെഷ്യൽബ്രാഞ്ച് ആലോചിക്കുന്നുണ്ട്. കാസർകോഡ്-നാല്, കണ്ണൂർ-എട്ട്, കോഴിക്കോട് റൂറൽ-ആറ്, കോഴിക്കോട് സിറ്റി-നാല്, വയനാട്-മൂന്ന്, മലപ്പുറം-രണ്ട്, പാലക്കാട്-രണ്ട് എന്നിങ്ങനെയാണ് 'കൗണ്ടർ റാഡികലിസം ക്യാമ്പകൾ നടന്നത്.

ഇതിന് പുറമെ ഐ.എസ് ആശയം വിദ്യാർത്ഥികളിലേക്ക് എത്തുന്നത് തടയുന്നതിനായി പത്തംക്ലാസ് മുതൽ പ്ലസ്ടുവരെയുള്ള വിദ്യാർത്ഥികൾക്കും സംസ്ഥാന സ്പെഷ്യൽബ്രാഞ്ചിന്റെ പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ നൽകിവരുന്നു. 2018മുതൽ ആരംഭിച്ച ഈപദ്ധതിയിലടെ കാസർകോഡ് -13, കണ്ണൂർ-രണ്ട്, കോഴിക്കോട് റൂറൽ-മൂന്ന്, കോഴിക്കോട് സിറ്റി-മൂന്ന്, വയനാട്-ഏഴ്
എന്നീ രീതിയിൽ നിലിവിൽ ബോധവൽക്കരണ ക്ലാസുകൾ നൽകിയിട്ടുണ്ട്. മറ്റുജില്ലകളിലേക്ക്കൂടി ഇത്തരം ബോധവൽക്കരണ ക്ലാസുകൾ ആരംഭിക്കാനിരിക്കെയാണ് കോവിഡ് മഹാമാരിയുണ്ടായതെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

ഓപ്പറേഷൻ പീജിയനിലൂടെ 500പേരെ തിരിച്ചുകൊണ്ടുവന്നു

കേരളത്തിൽ നടക്കുന്ന ഐ.എസ് റിക്രൂട്മെന്റുകളെ നിശ്ശബ്ദമായും തന്ത്രപരമായുമുള്ള പ്രവർത്തനങ്ങളിലൂടെ തടയാൻ കേരളാ പൊലീസ്
2016ൽ ആരംഭിച്ച പദ്ധതിയാണ് ' ഓപ്പറേഷൻ പീജിയൻ'. മൂൻ ഇന്റലിജൻസ് മേധാവി ബി.മുഹമ്മദ് യാസീന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി പിന്നീട് പുതിയ മേധാവിയായ ടി.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ ഫലപ്രദമായ രീതിയിൽ രഹസ്യമായും പരസ്യമായും പ്രവർത്തിച്ചു. ഈ ഓപ്പറേഷനിലടെ മാത്രം ഐ.എസ് ആശയങ്ങളിൽ ആകൃഷ്ടരായ അഞ്ഞൂറോളം മലയാളി ചെറുപ്പക്കാരെ ബോധവൽക്കരിച്ച് തിരിച്ചുകൊണ്ടുവരാൻ സാധിച്ചതായി പൊലീസ് ഉന്നത വ്യത്തങ്ങൾ വ്യക്തമാക്കി. പൊലീസിന്റെ ഇടപെടലിലൂടെ എൻിനിയറിങ്, മെഡിസിൻ പശ്ചാത്തലങ്ങളിലുള്ള ഉന്നത വിദ്യാഭ്യാസമുള്ള യുവാക്കളെയാണ് ഭൂരിഭാഗവും പിന്തിരിപ്പിച്ചത്.

യുവജനങ്ങൾക്ക് തനിച്ചും കൂട്ടായും നൽകിയ കൗൺസിലിങ്ങിലൂടെയാണ് ഐ.എസ്. റിക്രൂട്മെന്റിൽ നിന്നുംഇവരെ വഴി തിരിക്കാൻ പൊലീസിന് കഴിഞ്ഞത്. എൻ.ഐ.എയിൽ നിന്നും ഐ ബിയിൽ നിന്നും പരിശീലനം ലഭിച്ച മികച്ച ഉദ്യോഗസ്ഥരാണ് ഇവർക്ക് കൗൺസിലിങ് നൽകിയത്. നാലുവർഷം മുമ്പ് ആരംഭിച്ച പദ്ധതി രണ്ടു ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. ഇത്തരം ആശയങ്ങളിലേക്ക് ആകൃഷ്ടരാകുന്നവരെ കൗൺസലിങ്ങിലൂടെയും മറ്റു മാർഗങ്ങളിലൂടെയും പിന്തിരിപ്പിക്കുകയും ഒപ്പം പ്രദേശങ്ങൾ കേന്ദ്രീകരിച്ചും മസ്ജിദുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും ബോധവത്കരണം നടത്തിയുമാണ് തടയുന്നത്.

തീവ്രവാദ ആശയങ്ങളിലേക്ക് വഴിതെറ്റുന്നവരെ സൈബർഡോമിന്റെയും മറ്റും സഹായത്തോടെ കണ്ടെത്തുകയും അവർക്ക് കൗൺസലിങ് ഉൾപ്പെടെ നൽകുകയുമാണ് ചെയ്യുന്നത്. പൂർണമായും ഐ.എസ് ആശയങ്ങളിൽ ആകൃഷ്ടരായിരുന്ന അഞ്ഞൂറോളംപേരെ പിന്തിരിപ്പിക്കാനായതായി പൊലീസ് പറയുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ തീവ്രവാദ ആശയങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം കൂടിവരുന്നതായ റിപ്പോർട്ടുകളെ തുടർന്നാണ് ഈപദ്ധതി ആരംഭിച്ചത്. കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽനിന്നാണ് കൂടുതൽ പേരെ പിന്തിരിപ്പിക്കാനായത്. പത്തനംതിട്ട ഒഴികെയുള്ള സ്ഥലങ്ങളിൽനിന്ന് ഇത്തരക്കാരെ കണ്ടെത്താനായെന്നും പൊലീസ് പറയുന്നു.

മസ്ജിദുകളും മറ്റു മുസ്ലിംമതസ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് ഓപ്പറേഷൻ പിജിയന്റെ പ്രധാന പ്രവർത്തനം. ജമാഅത്ത് കമ്മിറ്റികളുടെ സഹകരണത്തോടെ നടത്തിയ ബോധവത്കരണ പ്രവർത്തനങ്ങളിൽ ഇമാമുമാരുടെയും മറ്റും സഹായം ലഭ്യമായിരുന്നതായി പൊലീസ് വ്യക്തമാക്കി. ആദ്യം കാസർകോട് ജില്ലയിലെ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനമെങ്കിലും പിന്നീടത് സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കുകയായിരുന്നു. സംസ്ഥാനത്ത് പത്തനംതിട്ട ജില്ല ഒഴികെയുള്ള എല്ലാ ജില്ലകളിലും ഐ എസ് റിക്രൂട്ടർമാരുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. തീവ്ര ആശയത്തിലേക്ക് ആകൃഷ്ടരാവുന്നതിൽ ഭൂരിഭാഗവും 20-30 വയസ്സിന് ഇടയിൽ പ്രായമുള്ളവരാണ്.

മിക്കവരും എഞ്ചിനിയറിങ്, മെഡിസിൻ വിദ്യാർത്ഥികൾ. ഇത്തരം ക്യാമ്പയ്നുകൾക്ക് പൂർണപിന്തുണയുമായി മസ്ജിദുകളും മാതാപിതാക്കളും രംഗത്തുവന്നതും പിന്തുണ നൽകിയതും പദ്ധതി നടത്തിപ്പ് സുഖകരമാക്കി.