ദുബായ്: കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന ട്വന്റി 20 ലോകകപ്പ് യോഗ്യത മത്സരത്തിനിടെ വാതുവെയ്‌പ്പ് നടത്തിയ രണ്ട് യു.എ.ഇ താരങ്ങൾക്ക് ഐ.സി.സി വിലക്ക് ഏർപ്പെടുത്തി. ഐ.സി.സിയുടെ അഴിമതിവിരുദ്ധ ചട്ടം ലംഘിച്ചതിനാണ് വിലക്ക്. ആമിർ ഹയാത്ത്, അഷ്ഫാഖ് അഹമ്മദ് എന്നീ താരങ്ങളെയാണ് ഐ.സി.സി വിലക്കിയിരിക്കുന്നത്. ആമിർ ഹയാത്ത്, അഷ്ഫാഖ് അഹമ്മദ് എന്നിവർക്ക് ഇക്കാര്യത്തിൽ പ്രതികരണമറിയിക്കാൻ സെപ്റ്റംബർ 13 മുതൽ 14 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

ഐ.സി.സി അഴിമതിവിരുദ്ധ ചട്ടത്തിലെ 2.1.3 (ഒത്തു കളിക്കാൻ വേണ്ടി പണം വാങ്ങുക), 2.4.2 (ഇത്തരത്തിൽ ഉപഹാരങ്ങളും മറ്റും സ്വീകരിച്ചത് ഐ.സി.സിയുടെ അഴിമതിവിരുദ്ധ യൂണിറ്റിനെ അറിയിക്കാതിരിക്കുക), 2.4.3, 2.4.4, 2.4.5 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കുമെതിരേ നടപടിയെടുത്തിരിക്കുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന ട്വന്റി 20 ലോകകപ്പ് യോഗ്യത മത്സരത്തിനിടെയാണ് താരങ്ങൾ വാതുവെയ്‌പ്പ് നടത്തിയത്. ഈ സമയത്തു തന്നെ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് (ഇ.സി.ബി) ഇരുവർക്കും വിലക്കേർപ്പെടുത്തിയിരുന്നു. യു.എ.ഇക്ക് വേണ്ടി ഒമ്പത് ഏകദിനങ്ങളും നാല് ട്വന്റി 20 മത്സരങ്ങളും കളിച്ച താരമാണ് ആമിർ ഹയാത്ത്. അഷ്ഫാഖ് അഹമ്മദ് 16 ഏകദിനങ്ങളും 12 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.