അബുദാബി: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഓസ്ട്രേലിയയ്ക്ക് 119 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പ്രോട്ടിസീനെ 20 ഓവറിൽ 9 വിക്കറ്റിന് 118 റൺസ് എന്ന നിലയിൽ ഓസീസ് മെരുക്കി. മികച്ച പ്രകടനം പുറത്തെടുത്ത ഓസീസ് ബൗളർമാർക്ക് മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാന്മാർ അടിപതറി വീണു.

36 പന്തിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 40 റൺസെടുത്ത ഏയ്ഡൻ മാർക്രമിന് മാത്രമാണ് ഓസീസ് ബൗളിങ് നിരയ്ക്കെതിരേ അൽപമെങ്കിലും പിടിച്ചുനിൽക്കാനായത്. രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ ജോഷ് ഹേസൽവുഡ് , ആദം സാംപ , മിച്ചൽ സ്റ്റാർക്ക് എന്നിവരുടെ ബൗളിംഗാണ് ഓസീസിനെ തുണച്ചത്.

മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ 10 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിലാണ്.

അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റൻ ടെമ്പ ബാവുമയെ (12) നഷ്ടമായി. പിന്നാലെ മൂന്നാം ഓവറിൽ റാസ്സി വാൻഡെർ ദസ്സനും (2) മടങ്ങി. ഹെയ്സൽവുഡെറിഞ്ഞ അഞ്ചാം ഓവറിൽ മോശം ഷോട്ടിന് ശ്രമിച്ച ക്വിന്റൺ ഡിക്കോക്കിന്റെ ബാറ്റിൽ തട്ടി പന്ത് വിക്കറ്റിലേക്ക് വീണതോടെ ദക്ഷിണാഫ്രിക്കയുടെ തകർച്ചയും തുടങ്ങി. പുറത്താകുമ്പോൾ ഏഴു റൺസായിരുന്നു ഡിക്കോക്കിന്റെ സമ്പാദ്യം.

എട്ടാം ഓവറിൽ ഹെയ്ന്റിച്ച് ക്ലാസെനെ (13) പുറത്താക്കി പാറ്റ് കമ്മിൻസും വരവറിയിച്ചു. പിന്നാലെ 14-ാം ഓവറിൽ ആദം സാംപയെ സ്വീപ് ചെയ്യാനുള്ള ശ്രമത്തിനിടെ ഡേവിഡ് മില്ലർ (16) വിക്കറ്റിന് മുന്നിൽ കുടുങ്ങിയതോടെ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ മാർക്രം മാത്രമായി. എന്നാൽ 18-ാം ഓവറിൽ മിച്ചൽ സ്റ്റാർക്ക് മാർക്രമിനെ മാക്സ്വെല്ലിന്റെ കൈയിലെത്തിച്ചതോടെ പ്രോട്ടീസിന്റെ പ്രതീക്ഷ അവസാനിച്ചു. ഡ്വെയ്ൻ പ്രെറ്റോറിയസ് (1), കേശവ് മാഹാരാജ് (0), ആന്റിച്ച് നോർക്യ (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.

20 ഓവർ പൂർത്തിയാകുമ്പോൾ 118/9 എന്ന സ്‌കോറിൽ ദക്ഷിണാഫ്രിക്ക ഒതുങ്ങി. സ്റ്റാർക്കിന്റെ അവസാന ഓവറിൽ ആന്റിച്ച് നോർക്യ(2) വീണു. കാഗിസോ റബാഡയും(19*), തംബ്രൈസ് ഷംസിയും(0*) പുറത്താകാതെ നിന്നു. ഹേസൽവുഡിന്റെയും സാംപയുടെയും സ്റ്റാർക്കിന്റേയും രണ്ട് വിക്കറ്റുകൾക്ക് പുറമെ മാക്സ്വെല്ലും കമ്മിൻസും ഓരോ വിക്കറ്റ് നേടി.