ദുബായ്: ഐസിസി ട്വന്റി 20 ലോകകപ്പിൽ പുതിയ ലോക ചാംപ്യന്മാരെ ഇന്നറിയാം. കലാശപ്പോരാട്ടത്തിൽ ഓസ്ട്രേലിയ, ന്യുസിലൻഡിനെ നേരിടും. ദുബായിയിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് ഫൈനൽ.

ക്രിക്കറ്റ് കാർണിവലിന്റെ തുടക്കത്തിൽ സെമിക്കപ്പുറം കടക്കുമെന്ന് ഒരു ക്രിക്കറ്റ് വിദഗ്ധരും പ്രവചിക്കാത്ത രണ്ട് ടീമുകളാണ് കലാശപ്പോരിൽ ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയുമുണ്ട് ഓസീസ്-കിവീസ് പോരാട്ടത്തിന്.

സെമിയിൽ ആവേശകരമായ മത്സരങ്ങളിൽ ഇംഗ്ലണ്ടിനേയും പാക്കിസ്ഥാനെയും തകർത്താണ് ന്യൂസീലൻഡും ഓസ്ട്രേലിയയും ഫൈനലിന് യോഗ്യത നേടിയത്. ഇതുവരെ നടന്ന എല്ലാ മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീം വിജയിച്ചതുകൊണ്ട് തന്നെ ടോസ് നേടുന്ന ടീം ആദ്യം ബൗൾ ചെയ്യാനാണ് സാധ്യത.

ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ ജേതാക്കളായിട്ടുള്ള ഓസ്ട്രേലിയയും ടെസ്റ്റ് ഫോർമാറ്റിൽ നിലവിലെ ലോകചാംപ്യന്മാരായ ന്യൂസിലൻഡും. കംഗാരുക്കളുടെ ബാറ്റിങ് കരുത്തും, കിവികളുടെ ബൗളിങ് കൃത്യതയും തമ്മിലാകും പ്രധാന പോരാട്ടം.

ട്വന്റി 20 ക്രിക്കറ്റിന്റെ ഏല്ലാ സൗന്ദര്യവും നിറച്ച രണ്ട് സെമി ഫൈനൽ പോരാട്ടങ്ങൾക്ക് പിന്നാലെയാണ് കലാശപ്പോരിൽ അയൽക്കാരായ കിവീസും കങ്കാരുക്കളും ഏറ്റുമുട്ടുന്നത്.

ഇംഗ്ലീഷ് സ്വപ്നങ്ങളെ തകർത്ത് ന്യൂസീലൻഡും പാക്കിസ്ഥാന്റെ അപരാജിത കുതിപ്പിന് തടയിട്ട് ഓസ്‌ട്രേലിയയും ഫൈനലിലേക്ക് മുന്നേറി. മാച്ച് വിന്നർമാർ നിറഞ്ഞ രണ്ട് ടീമുകളും ഏറ്റമുട്ടുമ്പോൾ, പ്രവചനങ്ങൾ അപ്രസക്തമാകുന്നു. ഓസ്‌ട്രേലിയയും ന്യൂസീലൻഡും നേരത്തെ കിരീടം നേടിയിട്ടില്ലാത്തതിനാൽ പുതിയ ചാമ്പ്യനാവും ദുബായിൽ പിറവിയെടുക്കുക.

ഏകദിനത്തിൽ അഞ്ച് ലോകകിരീടം നേടിയിട്ടുള്ള ഓസ്‌ട്രേലിയക്ക് ട്വന്റി 20യിൽ അത് സാധ്യമാവാത്തത് അദ്ഭുതമാണ്. ഓസീസ് ഇപ്പോൾ പ്രതാപകാലത്തിലൂടെയല്ല കടന്നുപോകുന്നത്. നഷ്ടപ്രതാപം വീണ്ടെടുക്കാൻ ആരോൺ ഫിഞ്ചിനും സംഘത്തിനും സുവർണാവസരമാണ് കൺമുന്നിൽ.

അതേസമയം, ന്യൂസീലൻഡ് ലോകക്രിക്കറ്റിലെ വൻശക്തിയായി വളരുകയാണ്. 2019 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ നിർഭാഗ്യംകൊണ്ടാണ് അവർ തോറ്റുപോയത്. സൂപ്പർ ഓവറും ടൈ ആയപ്പോൾ ബൗണ്ടറികളുടെ എണ്ണത്തിൽ ഇംഗ്ലണ്ട് ലോകചാമ്പ്യന്മാരായി. അതേ, ഇംഗ്ലണ്ടിനെയാണ് കിവീസ് ഇക്കുറി സെമിയിൽ കടപുഴക്കിയത്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ അധീശത്വം അവസാനിപ്പിച്ചാണ് ന്യൂസീലൻഡ് കിരീടം നേടിയത്. ഒറ്റ വർഷത്തിൽതന്നെ രണ്ട് ലോകകിരീടങ്ങൾ - കെയ്ൻ വില്യംസണിനെയും സംഘത്തെയും അത് മോഹിപ്പിക്കുന്നു.

2015 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ന്യൂസീലൻഡിനെ തോൽപ്പിച്ച് ഓസ്‌ട്രേലിയ ചാമ്പ്യന്മാരായിരുന്നു. അതിനുശേഷം ഓസ്‌ട്രേലിയക്ക് ലോകകിരീടങ്ങളൊന്നും നേടാനായിട്ടില്ല. അന്നത്തെ തോൽവിക്ക് കിവീസിന് പക്ഷേ, ഒരു കണക്കുതീർക്കാനുണ്ട്. 2016 ട്വന്റി 20 ലോകകപ്പിലെ ഗ്രൂപ്പുമത്സരത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ എട്ട് റൺസിന് ജയിച്ചത് ന്യൂസീലൻഡാണ്.

സെമിഫൈനലിൽ ന്യൂസീലൻഡിന്റെ ബാറ്റിങ് കരുത്ത് തെളിഞ്ഞു. ട്വന്റി 20യിൽ ഓസ്‌ട്രേലിയക്കെതിരേ മികച്ച റെക്കോഡാണ് ഓപ്പണർ മാർട്ടിൻ ഗപ്ടിലിനുള്ളത്. മറ്റൊരു ഓപ്പണർ ഡാരിൽ മിച്ചെലാവട്ടെ, കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സാണ് ഇംഗ്ലണ്ടിനെതിരേ പുറത്തെടുത്തത്.

വലിയ സ്‌കോർ നേടാൻ കഴിയാത്തതിന് പരിഹാരം കണ്ടെത്താനാവും ഫൈനലിൽ കെയ്ൻ വില്യംസൺ ശ്രമിക്കുക. മധ്യനിരയിൽ തന്റെ വിലയെന്തെന്ന് ജിമ്മി നീഷാം തെളിയിച്ചുകഴിഞ്ഞു. പരിക്കുകാരണം ഡെവൺ കോൺവേ പുറത്തായതിൽ ടിം സീഫെർട്ടായിരിക്കും വിക്കറ്റ് കീപ്പർ. ടിം സൗത്തി, ട്രെന്റ് ബോൾട്ട്, ആദം മിൽനെ, ലെഗ് സ്പിന്നർ ഇഷ് സോധി എന്നിവരുൾപ്പെട്ട ബൗളിങ് നിര അതിശക്തമാണ്.

ന്യൂസീലൻഡിനെതിരേ മികച്ച റെക്കോഡാണ് ഓസ്‌ട്രേലിയൻ ക്യാപ്റ്റനും ഓപ്പണറുമായ ആരോൺ ഫിഞ്ചിനുള്ളത്. മറ്റൊരു ഓപ്പണർ ഡേവിഡ് വാർണർ ഈ ലോകകപ്പോടെ ഫോമിലേക്ക് മടങ്ങിയെത്തിയതാണ് ഓസീസിന് കരുത്തായത്. ആറ് കളിയിൽ 236 റൺസ് നേടിക്കഴിഞ്ഞ ഡേവിഡ് വാർണർ ക്രീസിൽ ഉറച്ചാൽ കെയിൻ വില്യംസന്റെ പ്രതീക്ഷകൾ മങ്ങും.
അതേസമയം ഗ്ലെൻ മാക്സ്വെൽ, സ്റ്റീവൻ സ്മിത്ത് എന്നിവർ നിരാശപ്പെടുത്തുന്നു.

മാർക്കസ് സ്റ്റോയിനിസും മാത്യു വെയ്ഡും ചേർന്നാണ് സെമിയിൽ ഓസ്‌ട്രേലിയയെ അതിഗംഭീരജയത്തിലേക്ക് നയിച്ചത്.ബൗളിങ്ങിൽ ലെഗ് സ്പിന്നർ ആദം സാംപ സ്ഥിരത പുലർത്തുന്നു. മിച്ചെൽ സ്റ്റാർക്, പാറ്റ് കമിൻസ്, ജോഷ് ഹോസൽവുഡ് എന്നിവരുൾപ്പെട്ട പേസ് നിരയും ശക്തരാണ്.

സെമിയിൽ ഫിനിഷർമാർ തിളങ്ങിയെങ്കിലും ഓസീസ് മധ്യനിരയ്ക്ക് സ്ഥിരത പോരാ. സ്പിന്നർമാരെ അനായാസം നേരിട്ടിരുന്ന ഡെവൺ കോൺവെയ്ക്ക് പരിക്കേറ്റത് ന്യുസീലൻഡിന് കനത്ത പ്രഹരം. മധ്യഓവറുകളിൽ താളം കണ്ടെത്താൻ ആഡം സാംപയെ അനുവദിക്കാതിരിക്കുകയാകും ന്യൂസീലൻഡിന് മുന്നിലെ വെല്ലുവിളി.

മികച്ച പേസർമാർ ഇരുടീമിലും ഉള്ളതിനാൽ പവർപ്ലേയും പ്രവചനാതീതം. രണ്ടാമത് ബാറ്റുചെയ്യുന്നവർക്ക് മേൽക്കൈ ഉള്ള ദുബായിൽ ടോസ് നഷ്ടപ്പെടാൻ ഇരുനായകന്മാരും ആഗ്രഹിക്കില്ല. ഡെത്ത് ഓവറുകളേക്കാൾ നെഞ്ചിടിപ്പാണ് യുഎഇ ലോകകപ്പിൽ ടോസിന്റെ സമയം ടീമുകൾക്ക്.

രണ്ടാമത് ബാറ്റുചെയ്യുന്നവർക്ക് ജയസാധ്യത കൂടുതലെന്നതിനാൽ ടോസിലെ ഭാഗ്യം നിർണായകം. ദുബായിലെ 12 ലോകകപ്പ് മത്സരങ്ങളിൽ ആദ്യം ബാറ്റുചെയ്ത ടീം ജയിച്ചത് ഒരിക്കൽ മാത്രം. ആദ്യ ഇന്നിങ്സിലെ ശരാശരി സ്‌കോർ 127. ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത 5 കളിയിലും ഓസ്ട്രേലിയ ജയിച്ചു. ഇംഗ്ലണ്ടിനെതിരെ ടോസിലെ ഭാഗ്യം ആരോൺ ഫിഞ്ചിനെ കൈവിട്ടപ്പോൾ ഓസ്ട്രേലിയ ചിത്രത്തിലേയുണ്ടായില്ല.

ടോസിൽ താരതമ്യേന ഭാഗ്യം കുറവായിരുന്നു കെയിൻ വില്ല്യംസണ്. ന്യുസീലൻഡ് നായകൻ ടോസ് നേടിയത് ആറ് മത്സരങ്ങളിൽ രണ്ടിൽ മാത്രം. ആദ്യം ബാറ്റുചെയ്ത ഏക രാത്രി മത്സരത്തിലാണ് ടൂർണമെന്റിലെ ഒരേയൊരു തോൽവി കിവികൾ ഏറ്റുവാങ്ങിയത്.

ലോകകപ്പിൽ മാത്രമല്ല ഐപിഎല്ലിലും രണ്ടാമത് ബാറ്റുചെയ്തവർക്കായിരുന്നു ദുബായിൽ നേട്ടം. ഇവിടെ അവസാനം നടന്ന 17 ടി20യിൽ ആദ്യം ബാറ്റുചെയ്തിട്ടും ജയിച്ചത് ഐപിഎൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സ് മാത്രം.

ആദ്യ കിരീടം ലക്ഷ്യമിട്ട് കലാശപ്പോരിന് ഇറങ്ങുന്ന ഓസീസിനും കിവീസിനും സമാനതകൾ ഏറെയുണ്ട്. ഒന്നാം ഗ്രൂപ്പിലെ ഓസ്ട്രേലിയയും രണ്ടാംഗ്രൂപ്പിലെ ന്യൂസിലൻഡും സെമിയിലെത്തിയത് രണ്ടാമന്മാരായി. പാക്കിസ്ഥാനോട് തോറ്റുതുടങ്ങിയ കിവീസ് പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല.

ക്വാർട്ടർ ഫൈനലിന് തുല്യമായ പോരാട്ടത്തിൽ ഇന്ത്യയെ നിഷ്പ്രഭമാക്കിയപ്പോൾ സ്‌കോട്ലൻഡും നമീബിയയും അഫ്ഗാനിസ്ഥാനും ന്യൂസിലൻഡിന് വെല്ലുവിളിയായില്ല. ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയും ബംഗ്ലാദേശിനെയും വെസ്റ്റ് ഇൻഡീസിനെയും തോൽപിച്ച ഓസീസിന് കാലിടറിയത് ഇംഗ്ലണ്ടിന് മുന്നിൽ മാത്രം. സെമിയിലാണ് ഓസീസിന്റെയും കിവീസിന്റെയും പോരാട്ടവീര്യവും കരുത്തും ക്രിക്കറ്റ് ലോകം കണ്ടത്.

ഇംഗ്ലണ്ടിന്റെ 166 റൺസ് ന്യൂസിലൻഡ് മറികടന്നത് നാടകീമായി. നീഷവും കോൺവേയും മിച്ചലും ഇംഗ്ലണ്ടിനെ പഞ്ചറാക്കി. തോൽവി അറിയാതെയെത്തിയെ പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയ നേടിയത് അവിശ്വസനീയ വിജയം. 96 റൺസിന് അഞ്ച് വിക്കറ്റ് നഷ്മായിട്ടും സ്റ്റോയിനിസും മാത്യൂ വെയ്ഡും അസാധ്യമായത് സാധ്യമാക്കി.

ആറ് കളിയിൽ 236 റൺസെടുത്ത ഡേവിഡ് വാർണറാണ് ഓസീസിന്റെ ടോപ് സ്‌കോറർ. 197 റൺസുമായി ഡാരിൽ മിച്ചലാണ് കിവി ബാറ്റർമാരിൽ ഒന്നാമൻ. ബൗളർമാരിൽ 12 വിക്കറ്റുമായി ഓസീസിന്റെ ആഡം സാംപയും 11 വിക്കറ്റുമായി ട്രെന്റ് ബോൾട്ടും മുന്നിൽ.