ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ ഐസിഎസ്ഇ പത്താംക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കി. ഐഎസ്സി പന്ത്രണ്ടാംതരം പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം തന്നെ നടക്കും.

വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സുരക്ഷിതത്വത്തിനാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് പരീക്ഷ റദ്ദാക്കിക്കൊണ്ട് പ്രിൻസിപ്പൽമാർക്കയച്ച സർക്കുലറിൽ കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് വ്യക്തമാക്കി.

സി ഐ എസ് സി ഇ അഫിലിയേഷൻ ഉള്ള സ്‌കൂളുകളിൽ പതിനൊന്നാം ക്ലാസിലേക്കുള്ള പ്രവേശനനടപടികൾ ആരംഭിക്കാനും നിർദേശമുണ്ട്. പതിനൊന്നാം ക്ലാസുകാർക്കുള്ള ഓൺലൈൻ ക്ലാസുകൾ എത്രയും വേഗത്തിൽ ആരംഭിക്കുന്നതിനായി ഒരു ഷെഡ്യൂൾ തയ്യാറാക്കാനും നിർദേശിച്ചിട്ടുണ്ട്.