ലൂസിയാന: അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര അപകടകാരിയായ ചുഴലിക്കൊടുങ്കാറ്റ് അമേരിക്കൻ മണ്ണിൽ എത്തിക്കഴിഞ്ഞിരിക്കുന്നു എന്ന മുന്നറിയിപ്പ് ഉണ്ടായിരിക്കുന്നു. ലൂസിയാന തീരത്തണഞ്ഞ കൊടുങ്കാറ്റ് മണിക്കൂറിൽ 240 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിച്ചത്. ഭൂമിയിൽ നിന്നും കേവലം 16 അടി ഉയരത്തിൽ വരെ ആഞ്ഞടിക്കുന്ന ഈ കാറ്റ് വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്ന് ആശങ്കയുണർന്നിട്ടുണ്ട്. ഞായറാഴ്‌ച്ച വൈകിട്ടു തന്നെ ഏകദേശം 5 ലക്ഷത്തോളം പേർ വൈദ്യൂതി മുടങ്ങിയതിനാൽ കഷ്ടതകൾ അനുഭവിക്കാൻ തുടങ്ങിയിട്ടുണ്ട്.

കാറ്റഗറി 4 ൽ ഉൾപ്പെടുത്തിയിരുന്ന കാറ്റ് പക്ഷെ ഞായറാഴ്‌ച്ച പ്രാദേശിക സമയം വൈകിട്ട് 7 മണിയോടെ അല്പം ദുർബലപ്പെട്ടതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറിൽ 200 കിലോമീറ്ററായി കുറഞ്ഞതോടെ ഇതിനെ കാറ്റഗരി 3 ലേക്ക് തരംതാഴ്‌ത്തിയിട്ടുണ്ട്. കൊടുങ്കാറ്റ് ആഞ്ഞടിച്ചതിനെ തുടർന്ന് പ്ലേക്യൂമൈൻസ് പാരിഷിന്റെ കിഴക്കൻ കരയിൽ കനത്ത മഴപെയ്തതായി ന്യു ഓലിയോൺസിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. ബ്രെയ്ത്വെയ്റ്റ് ഭാഗത്തെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ കൂടുതൽ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.

കൊടുങ്കാറ്റിൽ പാരിഷ് ഷെരീഫിന്റെ ഓഫീസ് നിലംപൊത്തിയതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. ലഫോർഷെ പാരിഷിലെ ഒരു പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലെ ജനറേറ്റർ തകരാറിലായതിനെ തുടർന്ന് ജീവൻ രക്ഷാ ഉപകരണങ്ങളിൽ ജീവൻ നിലനിർത്തുന്ന രോഗികൾ ഉൾപ്പടെ നിരവധി രോഗികളെ മറ്റൊരിടത്തേക്ക് മാറ്റേണ്ടതായും വന്നു. ന്യു ഓർലിയൺസും അതിന്റെ ചുറ്റുമുള്ള പാരിഷുകളും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. ന്യു ഓർലിയോൻസിന് 100 മൈൽ തെക്കുമാറിയാണ് കൊടുങ്കാറ്റ് ആഞ്ഞടിച്ചതെങ്കിലും നഗരത്തിലെ വിമാനത്താവളത്തിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ വരെ കാറ്റു വീശിയതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

16 വർഷം മുൻപ് കത്രീന കൊടുങ്കാറ്റ് ലൂസിയാനയിലും മിസ്സിസ്സിപ്പിയിലും കനത്ത നാശം വിതച്ച അതേ ദിവസം തന്നെയാണ് ഇപ്പോൾ ഇഡ എന്ന ഈ അതിമാരക കൊടുങ്കാറ്റും വീശിയടിക്കുന്നത് എന്നത് കേവലം ഒരു യാദൃശ്ചികതയാകാം. കത്രീന വൻകരയെ സ്പർശിച്ചപ്പോൾ മുതൽ തന്നെ കാറ്റഗറി 3 ൽ ആയിരുന്നെങ്കിൽ ഇഡ കാറ്റഗറി 4 ൽ ആണ് ഭൂമിയെ സ്പർശിച്ചത്. ഇതുതന്നെ ഇഡ കത്രീനയേക്കാൾ കൂടുതൽ വിനാശകാരിയാണെന്ന് തെളിയിക്കുന്നു. 1800 പേരോളമാണ് കത്രീനയിൽ കുടുങ്ങി മരണമടഞ്ഞത്.