ഇടുക്കി: കമ്പത്ത് പഴയതു പോലെ ഇപ്പോൾ കഞ്ചാവ് ലോബി സജീവമല്ല. ഇതിന് കാരണം ഒരു പൊലീസുകാരനാണ്. കമ്പത്തെ കഞ്ചാവ് വിൽപനക്കാരുടെ പേടിസ്വപ്നമാണ് കമ്പം സിഐ കെ. ശിലൈമണി. ഒന്നര വർഷം മുൻപ് ഇദ്ദേഹം ഇവിടെ ചുമതലയേൽക്കുമ്പോൾ ഈ പ്രദേശം കഞ്ചാവ് ലോബിയുടെ കേന്ദ്രമായിരുന്നു. ഇതുമനസ്സിലാക്കി ശിലൈമണി ഇടപെടൽ നടത്തി.

കോവിഡിനിടെ നിയന്ത്രണങ്ങൾ പാലിച്ചു നടത്തിയ വിവാഹച്ചടങ്ങിലൂടെ പുതിയ ജീവിതത്തിലേക്കു കാലെടുത്തുവച്ച വധൂവരന്മാർക്കു മുഖാവരണത്തിന്റെ കരുതൽ മറക്കരുതെന്നു ഉപദേശിച്ച് സോഷ്യൽ മീഡിയയുടെ കൈയടി നേടിയ പൊലീസ് ഉദ്യോഗസ്ഥനാണ് സിഐ ശിലൈമണി. കമ്പം വടക്കേപെട്ടി സ്റ്റേഷൻ പരിധിയിലാണ് രസകരമായ സംഭവം അരങ്ങേറിയത്. ഇവിടെ നടന്ന വിവാഹച്ചടങ്ങിന് ശേഷം വധുവും വരനും വിവാഹമണ്ഡപത്തിൽ നിന്ന് പുറത്ത് റോഡിലേക്കിറങ്ങിയപ്പോഴാണ് സിഐ ശിലൈമണി പട്രോളിങ്ങിന്റെ ഭാഗമായി ഇതുവഴിയെത്തിയത്.

വരനും വധുവും മാസ്‌ക് ധരിച്ചിട്ടില്ലെന്ന കണ്ടതോടെ വാഹനം നിർത്തി പുറത്തിറങ്ങിയ സിഐ തന്റെ കൈവശമുണ്ടായിരുന്ന മാസ്‌ക് ഇവർക്ക് സമ്മാനിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന ഉപദേശവും ഇവർക്ക് നൽകിയാണ് സിഐ മടങ്ങിയത്. ഇങ്ങനെ സമൂഹത്തോടെ കരുതലുകൾ സൂക്ഷിക്കുന്ന ശിലൈമണി കഞ്ചാവുകാർക്ക് നൽകുന്നത് ഉറക്കമില്ലാ രാത്രികളാണ്. ഇതോടെ കഞ്ചാവ് ലോബിയുടെ പിടിയിൽ കമ്പം മുക്തിയും നേടുകയാണ്.

കഞ്ചാവുകാരെ പിടികൂടാൻ പ്രത്യേക സംഘത്തിനു രൂപീകരിച്ച സിഐ ഗുണ്ടാ ആക്ട് പ്രകാരം 30 പേരെയും 6 മാസം വരെ വിചാരണ കൂടാതെ തടവിലിടാവുന്ന വകുപ്പ് പ്രകാരം 19 പേരെയും അറസ്റ്റ് ചെയ്തു. പുറമേ 156 ചില്ലറ വിൽപനക്കാരും പിടിയിലായി. 650 കിലോ കഞ്ചാവാണ് പിടികൂടി. കമ്പംമെട്ട് അടിവാരത്ത് നട്ടുവളർത്തിയിരുന്ന കഞ്ചാവ് തോട്ടത്തിലെ 300 കിലോ കഞ്ചാവ് വെട്ടി നശിപ്പിച്ചു. ഇതോടെ കമ്പം സ്റ്റേഷന്റെ അധികാര പരിധിക്കു പുറത്തേക്കു താവളം മാറ്റി. കമ്പത്തിനും ഗൂഡല്ലൂരിനും ഇടയിലുള്ള ഉൾഗ്രാമങ്ങളാണ് കഞ്ചാവുകാരുടെ താവളം.

ഇവിടെ നിന്നാണ് ഇപ്പോൾ ഇടുക്കിയിലേക്ക് കഞ്ചാവ് എത്തുന്നത്. ലോക്ഡൗണിൽ ഇടുക്കി നിശ്ചലമാകുമ്പോഴും സജീവമായി കഞ്ചാവ് ലോബി നിറയുകാണ്. ബാറുകൾ അടച്ചതും കഞ്ചാവുകാർക്ക് ഗുണകരമായി. കുമളിയിൽ 2 ദിവസത്തിനിടെ 5.2 കിലോ കഞ്ചാവ് പിടികൂടിയതോടെ പൊലീസും എക്‌സൈസും അതീവ ജാഗ്രതയിലാണ്. കമ്പം സിഐ കെ. ശിലൈമണിയുടെ മോഡൽ ഇടുക്കിയിലേക്കും കൊണ്ടു വരാനാണ് നീക്കം.

തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ഗൂഡല്ലൂരിൽ നിന്നാണ് ഇപ്പോൾ പ്രധാനമായും കഞ്ചാവ് എത്തുന്നത്. മുൻപ് കച്ചവടക്കാർ നേരിട്ടു തമിഴ്‌നാട്ടിലെത്തി കഞ്ചാവ് വാങ്ങുകയായിരുന്നു പതിവ്. ലോക്ഡൗൺ കാരണം യാത്ര തടസ്സപ്പെട്ടതോടെ തമിഴ്‌നാട്ടിൽ നിന്ന് അവശ്യസാധനങ്ങളുമായി എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാരെ ഉപയോഗിച്ചാണ് കടത്ത്. കുമളിയിൽ പച്ചക്കറി വണ്ടിയിൽ നിന്നാണു കഞ്ചാവ് കണ്ടെടുത്തത്.

ഊടുവഴികളിലൂടെ തലച്ചുമടായും കഞ്ചാവ് കടത്തുന്നു. സമാന്തരപാതകളിലൂടെ 20 മിനിറ്റ് കാൽനടയായി സഞ്ചരിച്ചാൽ തമിഴ്‌നാട്ടിലെ അതിർത്തി ഗ്രാമങ്ങളിൽ എത്താം. വ്യാജ മദ്യവും ഇടുക്കിയിൽ സജീവമാണ്. 38 ദിവസത്തിനിടെ ജില്ലയിൽ എക്‌സൈസ് പിടികൂടിയതു 13,824 ലീറ്റർ കോട. മെയ്‌ 1 മുതൽ ജൂൺ 7 വരെ നടത്തിയ പരിശോധനകളിലാണു ഇത്രയുമധികം കോട പിടികൂടി നശിപ്പിച്ചത്.