കൊച്ചി : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ രാത്രി 11 മണിക്ക് 2396.44 അടിയാണ് ഡാമിലെ ജലനിരപ്പ്.ഇത് 12 -ന് 2396.48 ലേയ്ക്കും ഇന്ന് പുലർച്ചെ 5-ന് 2396.76 ലേയ്ക്കും 6-ന് 2396.82 അടിയിലേയ്ക്കും ഉയർന്നു.ജലനിരപ്പ് ഇനിയും ഉയരുന്നമെന്നാണ് നിവിലെ സ്ഥിതിഗതികളിൽ നിന്നും വ്യക്തമാവുന്നത്.2403 അടിയാണ് ഡാമിന്റെ പൂർണ സംഭരണ ശേഷി. ജലനിരപ്പ് ഉയർന്നുവരുന്നതിനാൽ ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതായി ജില്ലാ കളക്ടർ അറിയിച്ചു.

2397.86 അടിയിലെത്തുമ്പോഴാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുക. അപ്പർ റൂൾ കർവായ 2398.86 അടിയിൽ ജലനിരപ്പെത്തിയാൽ അണക്കെട്ടിന്റെ ഷട്ടർ തുറന്ന് ജലമൊഴുക്കേണ്ടിവരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഓരോ അലർട്ടിനും മുമ്പും കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ സംവിധാനം ഒരുക്കിയിട്ടുണ്ട്. ജാഗ്രത നിർദ്ദേശം സമയാസമയങ്ങളിൽ ജനങ്ങളിലേയ്‌ക്കെത്തിക്കാൻ വിപുലമായ സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

ഇടമലയാർ ഡാമിൽ ആശങ്കപ്പെടേണ്ട നിലയിൽ ജലനിരപ്പ് ഉയർന്നിട്ടില്ല. 165 മീറ്ററാണ് രാത്രി 11 മണിക്ക് ഡാമിലെ ജലനിരപ്പ്. 169 മീറ്ററാണ് പൂർണ്ണ സംരണശേഷി.സംഭരണശേഷിയുടെ 88.65 ശതമാനം വെള്ളമാണ് നിലവിൽ ഡാമിലുള്ളത്. ഈ മേഖലയിൽ കാര്യമായ മഴയില്ല.അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. പെരിയാറിൽ നിലവിലെ ജലനിരപ്പും ആശങ്കപ്പെടേണ്ട് സാഹചര്യത്തിലേയ്ക്ക് ഉയർന്നിട്ടില്ല. മഴയുടെ ശക്തി കുറഞ്ഞുനിൽക്കുന്നതാണ് ഇപ്പോഴത്തെ ആശ്വാസം.

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2398.86 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. റെഡ് അലർട്ട് പ്രഖ്യാപിച്ചാൽ എപ്പോൾ വേണമെങ്കിലും ഷട്ടറുകൾ തുറക്കാം. വേണ്ടിവന്നാൽ ഷട്ടറുകൾ തുറക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായി. സർക്കാരിന്റെയും ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. മൂലമറ്റം വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉൽപാദനം പൂർണതോതിലാക്കി. 5 ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. 3-ാം നമ്പർ ജനറേറ്ററിന്റെ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കും.

കമ്മിഷൻ ചെയ്തശേഷം 1981, 1992, 2018 വർഷങ്ങളിലാണ് ഇടുക്കിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ ഉയർത്തിയത്. നിലവിൽ തുറക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. മൂലമറ്റത്ത് വൈദ്യുതോൽപ്പാദനം കൂട്ടിയിട്ടുണ്ട്. തുലാവർഷം ശക്തമായാൽ ഇത്തവണ ഡാം തുറക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. 2018ന് സമാനമായ സാഹചര്യം ഇതുണ്ടാക്കും. കക്കി ഡാം തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് ഇടുക്കിയിലും ജലനിരപ്പ് ഉയരുന്ന്. അത് ആശങ്ക കൂട്ടുന്നുണ്ട്.

തെക്കുകിഴക്കൻ അറബിക്കടലിൽ കേരളതീരത്തിനു സമീപമുണ്ടായിരുന്ന ന്യൂനമർദം ദുർബലമായതിനാൽ സംസ്ഥാനത്ത് തിങ്കൾമുതൽ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്. എന്നാൽ, കിഴക്കൻ കാറ്റിന്റെ സ്വാധീനത്തിൽ ബുധന്മുതൽ നാലു ദിവസം വ്യാപക മഴയുണ്ടാകാം. വ്യാഴംവരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ബുധൻ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാഴം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

കേരളം, കർണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളിൽ തിങ്കൾ രാത്രിവരെ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കടലിൽ ഇറങ്ങുന്നത് ഒഴിവാക്കണം.