ഇടുക്കി: ശക്തമായ മഴയ്ക്ക് ശമനം വരാത്ത സാഹചര്യത്തിൽ ഇടുക്കിയിലും ജലനിരപ്പ് കുത്തനെ ഉയരുന്നു. ജലനിരപ്പ് ഇനിയും ഉയർന്നാൽ ഡാം തുറക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും വ്യക്തമാക്കിയത്. നിലവിൽ ഓറഞ്ച് അലേർട്ട് ആണ് ഇടുക്കി ഡാമിൽ. 2397.18 അടിയാണ് ഇടുക്കി ഡാമിന്റെ ജലനിരപ്പ്. ഇതിൽ നിന്നും ജലനിരപ്പ് ഉയരുമോ എന്ന ആശങ്ക സർക്കാറിനുണ്ടെന്ന് മന്ത്രി പറഞ്ഞു. 2397.86 അടിയാകുമ്പോൾ റെഡ് അലേർട്ട് പ്രഖ്യാപിക്കും. ശക്തമായ മഴ തുടരുകയാണെങ്കിൽ ഡാം തുറക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

വളരെ വേഗത്തിൽ ഡാം തുറക്കുന്നതിലേക്ക് കടക്കില്ല. എന്നാൽ ഇടമലയാറും ഇടുക്കിയും ഒരുമിച്ച് തുറക്കാതിരിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. ഡാമുകൾ തുറക്കുന്നതിന് 24 മണിക്കൂറിന് മുമ്പേ ഇത് സംബന്ധിച്ച് അറിയിപ്പ് പൊതു ജനങ്ങൾക്ക് നൽകും. രാത്രി സമയത്ത് ഒരു കാരണവശാലും ഡാം തുറക്കരുത് എന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നിർദ്ദേശിച്ചതായാണ് വിവരം.

2403 ആണ് ഇടുക്കി ഡാമിന്റെ ജലസംഭരണ ശേഷി. ഇത് എത്തുന്നത് വരെ കാത്തിരിക്കേണ്ട ആവശ്യമില്ല എന്നാണ് കെഎസ്ഇബി അധികൃതരും മന്ത്രിയും വ്യക്തമാക്കുന്നത്. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ തന്നെ നിലവിൽ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി വകുപ്പ് വ്യക്തമാക്കുന്നത്. എന്നാൽ രണ്ട് ദിവസം ശക്തമായ മഴ ഉണ്ടായാൽ ഡാം തുറക്കേണ്ടി വരുമെന്നാണ് വിവരം.

അതേസമയം തൃശ്ശൂർ ജില്ലയിലും വിവിധ ഇടങ്ങളിൽ ജലനിരപ്പ് ഉയർന്നിരിക്കയാണ്. കനത്തമഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ വിവിധ ഡാമുകളിലെ ഷട്ടറുകൾ തുറന്നതിനാൽ തൃശൂർ ജില്ലയിൽ അതീവ ജാഗ്രതയാണ് ജില്ലാ ഭരണകൂടം പുലർത്തുന്നത്. ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ 10 സെന്റിമീറ്ററിൽ നിന്ന് 13 സെന്റിമീറ്റർ ആയി ഉയർത്തി. പീച്ചി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യതയുള്ളതിനാൽ പുഴയോരത്തുള്ളവർ കൂടുതൽ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. നിലവിലെ എട്ട് ഇഞ്ച് ഇനിയും ഉയർത്തിയേക്കും.

ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ തുറന്നു

ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ തുറന്നതിനാൽ കുറുമാലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഇനിയും ഉയരും.ഡാമിന്റെ വെള്ളം ഒഴുകിയെത്തുന്ന താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ആവശ്യപ്പെടുന്ന മുറയ്ക്ക് ക്യാമ്പുകളിലേയ്ക്ക് നിർബന്ധമായും മാറി താമസിക്കേണ്ടതാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

100 ക്യു മെക്സ് വെള്ളം പുറത്തേയ്ക്ക്, ഷോളയാർ ഡാമിന്റെ ഷട്ടർ തുറന്നു; ചാലക്കുടി പുഴയിൽ നാലുമണിയോടെ ചാലക്കുടിപ്പുഴയിൽ വെള്ളം ഉയർന്നു. പറമ്പിക്കുളത്ത് നിന്ന് ജലമൊഴുക്ക് കൂടിയ സാഹചര്യത്തിൽ ചാലക്കുടി പുഴയിൽ വെള്ളം ഉയർന്നു തുടങ്ങി. പെരിങ്ങൽക്കുത്ത്, ഷോളയാർ ഡാമുകളിൽ നിന്നാണ് ചാലക്കുടി പുഴയിൽ വെള്ളമെത്തുന്നത്. ചാലക്കുടി പുഴയിൽ തുമ്പൂർമുഴി ഭാഗത്ത് വെള്ളം നിറഞ്ഞൊഴുകുകയാണ്. വൈകീട്ട് നാലുമണിക്കും ആറുമണിക്കും ഇടയിൽ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഇനിയും ഉയരും.

ആദ്യ ഘട്ടത്തിൽ അതിരപ്പിള്ളി, മേലൂർ, പരിയാരം, കറുകുറ്റി, അന്നമനട, കൂഴൂർ, പൊയ്യ മേഖലകളിൽ വെള്ളം കയറും. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. ഉടൻ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറണം. ചാലക്കുടി പുഴയിൽ വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.