തൊടുപുഴ: മുല്ലപ്പെരിയാറിൽ നിന്നും വെള്ളം കൂടുതൽ തുറന്നു വിടുകയും ഇടുക്കിയൽ മഴ തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഇടുക്കി ചെറുതോണി ഡാമിലെ ഷട്ടർ തുറന്നു. ചെറുതോണി ഡാമിന്റെ മൂന്നാം നമ്പർ ഷട്ടർ 40 സെന്റിമീറ്ററാണ് ഇന്ന് പുലർച്ചെ തുറന്നു. രാവിലെ ആറു മണിയോടെയാണ് തുറന്നത്. ഡാമിൽനിന്ന് 40 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. പെരിയാറിന്റെയും ചെറുതോണി പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഇടുക്കി ഡാം ആദ്യമായാണ് ഒരു വർഷം നാലുതവണ തുറക്കുന്നത്. മുല്ലപ്പെരിയാർ ഡാമിന്റെ തുറന്ന 9 ഷട്ടറുകളിൽ മൂന്നെണ്ണം അടച്ചു. ഷട്ടറുകൾ 120 സെന്റിമീറ്റർ വീതമായിരുന്നു ഉയർത്തിയത്. മുല്ലപ്പെരിയാർ ഡാമിൽനിന്ന് വൻ തോതിൽ വെള്ളം പുറത്തേക്കൊഴുക്കാൻ തുടങ്ങിയതോടെ വള്ളക്കടവിൽ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറിയിരുന്നു. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പരമാവധി സംഭരണശേഷിയായ 142 അടി വെള്ളമെത്താനുള്ള സാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച രാത്രിയിൽ എട്ടരയോടെയാണ് ഒൻപത് സ്പിൽവേ ഷട്ടറുകൾ തമിഴ്‌നാട് ഉയർത്തിയത്. 120 സെന്റിമീറ്ററുകൾവീതം ഉയർത്തിയ ഷട്ടറുകൾവഴി 12,654 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കി വിട്ടു. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഇത്രയും അധികം വെള്ളം പെരിയാറിലേക്കൊഴുക്കുന്നത്.

അണക്കെട്ടിലേക്ക് സെക്കൻഡിൽ 10,354 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് 1867 ഘനയടി വെള്ളം ടണൽവഴി കൊണ്ടുപോകുന്നുണ്ട്. വള്ളക്കടവ്, വികാസ്നഗർ, മഞ്ചുമല പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായിരുന്നു. അതേസമയം രാത്രിയിൽ വെള്ളം തുരന്നു വിടരുത്ന്ന കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തയച്ചിരുന്നു. എന്നിട്ടും യാതൊരു പരിഗണനയും തമിഴ്‌നാട് നൽകുന്നില്ലെന്നതിന്റെ തെളിവാണ് തുടർച്ചയായി പുലർച്ചെ സ്പിൽവേ ഷട്ടറുകൾ ഉയർത്തുന്നതിലൂടെ വ്യക്തമാകുന്നത്. വണ്ടിപ്പെരിയാർ മേഖലയിൽ തമിഴ്‌നാടിന്റെ രാത്രികാല സ്പിൽവേ ഷട്ടർ ഉയർത്തുന്നതിനെതിരേ വ്യാപക പ്രതിഷേധമാണുയരുന്നത്.

മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് രാത്രിയിൽ ഷട്ടറുകൾ തുറന്ന് വലിയ തോതിൽ വെള്ളം പുറത്തേക്കൊഴുക്കുന്നതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിനും വ്യക്തമാക്കി. 142 അടിയിൽ എത്തുന്നതിനു മുൻപ് ഇത്തരത്തിൽ തുറന്നു വിട്ടത് അനുവദിക്കാവുന്നതല്ലെന്നും കേരള സർക്കാർ ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ ഇക്കാര്യത്തിൽ തീവ്രമായ അറിയിപ്പ് തമിഴ് നാടിന് നൽകും. ഇക്കാര്യത്തിൽ അതീവമായ ദുഃഖം ഉണ്ടെന്നും വിഷയം ഇന്നുതന്നെ സുപ്രീം കോടതിയെ അറിയിക്കുമെന്നും ജല വിഭവ മന്ത്രി വ്യക്തമാക്കി.

മേൽനോട്ട സമിതി കൂടാതെ ഇങ്ങനെ ചെയ്തത് സമിതിയെ അറിയിക്കും. എത്ര കാലം ഇങ്ങനെ രാത്രിയിൽ സുരക്ഷ ഒരുക്കുമെന്നും മന്ത്രി ചോദിച്ചു. ദുരന്ത നിവാരണ നിയമം ഉപയോഗിച്ച് നടപടി എടുക്കാൻ ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം രാത്രി പത്തു മണിയോടെ മുല്ലപ്പെരിയാർ ഡാമിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവിൽ തമിഴ്‌നാട് കുറവ് വരുത്തിയിരുന്നു. രാത്രി പത്ത് മണിക്ക് മൂന്ന് ഷട്ടർ അടച്ചാണ് വെള്ളത്തിന്റെ അളവിൽ തമിഴ്‌നാട് കുറവ് വരുത്തിയത്.