മൂലമറ്റം: ഇടുക്കി അണക്കെട്ടിൽ നിന്നും വെള്ളം അതിവേഗം പുറത്തേക്ക് ഒഴുക്കി 2018ലെ മഹാപ്രളയം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലിലാണ് സംസ്ഥാന സർക്കാർ. അണക്കെട്ടിൽ നിന്നും തുറന്ന വെള്ളം പുറത്തേക്കു പോകുമ്പോൾ ദുഃഖിക്കുന്നത് കെഎസ്ഇബിയാണ്. കാരണം വൈദ്യുതി ബോർഡിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ നഷ്ടക്കച്ചവടമാണ്.

ഇടുക്കി അണക്കെട്ടിലെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുമ്പോൾ വൈദ്യുതി ബോർഡിന് പ്രതിദിന നഷ്ടം 6.72 കോടി രൂപയോളം വരും. അണക്കെട്ടിൽനിന്ന് ഒരു മണിക്കൂറിൽ ഒഴുക്കിക്കളയുന്നത് .378 ദശലക്ഷം ക്യുബിക് മീറ്റർ ജലമാണ്. ഇത് ഉപയോഗിച്ച് ശരാശരി 5.6 ലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാം. ഇത് 24 മണിക്കൂർ നേരത്തേക്ക് കണക്കാക്കിയാൽ 28 ലക്ഷം യൂനിറ്റിലെത്തും. വൈദ്യുതിയുടെ നിലവിലെ ശരാശരി വിലയായ അഞ്ച് രൂപ നിരക്കിൽ നോക്കിയാൽ ഒരു ദിവസം ഉണ്ടാകുന്ന നഷ്ടമാണ് 6.72 കോടി.

അതേസമയം, കൽക്കരി ക്ഷാമം മൂലം പുറം വൈദ്യുതിക്ക് വില കൂടിയതോടെ ഒരു യൂനിറ്റിന്റെ വില 10 മുതൽ 20 രൂപ വരെ എത്തിയിരുന്നു. അങ്ങനെയാകുമ്പോൾ നഷ്ടം മൂന്ന് ഇരട്ടിയിലധികമാകും. കേന്ദ്രസർക്കാർ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ വേണ്ടി ജലവൈദ്യുതി ഉൽപ്പാദനം വർധിപ്പിക്കണമെന്നും കെഎസ്ഇബിയോട് നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് കെഎസ്ഇബിക്ക് നഷ്ടമുണ്ടാകുന്നത്.

ഇപ്പോഴത്തെ നിലയിൽ അണക്കെട്ടിന്റെ ഷട്ടൽ അടയ്ക്കാൻ വൈകും തോറും കെ.എസ്.ഇ.ബിയാണ് പ്രതിസന്ധിയിലാകുന്നത്. ബുധനും വ്യാഴവും ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഈ മഴ പ്രതീക്ഷിച്ച അളവിൽ ലഭിക്കാതെ വന്നാതും കെഎസ്ഇബി പ്രതിസന്ധിയിലാകും. ഈ ദിവസങ്ങളിലെ മഴയുടെ തോത് നോക്കിയ ശേഷം മാത്രമാകും ഷട്ടർ അടക്കുന്ന കാര്യത്തിൽ സംസ്ഥാനം തീരുമാനം കൈക്കൊള്ളുകയുള്ളൂ.

അതിനുശേഷം മാത്രമേ ഷട്ടർ അടക്കാൻ സാധ്യതയുള്ളൂ. ജലനിരപ്പ് 2397 അടിയിൽ എത്തിക്കുകയാണ് നിലവിലെ ആലോചന. അതിലേക്ക് എത്തിയാൽ ഷട്ടർ അടക്കുകയോ പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് കുറക്കുകയോ ചെയ്യും. ജലനിരപ്പ് ഉയർന്നതോടെ മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനം പരമാവധിയാണ്. തിങ്കളാഴ്ച 14.145 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു.

ആറ് ജനറേറ്ററുകളിൽ ഒരെണ്ണം വാർഷിക അറ്റകുറ്റപ്പണി മൂലം പ്രവർത്തിക്കുന്നില്ല. രണ്ട് ദിവസത്തിനകം ഇതുകൂടി പ്രവർത്തനക്ഷമമാകും. ഇതോടെ പ്രതിദിനം 18 ദശലക്ഷം യൂനിറ്റ് വൈദ്യുതി പ്രതിദിനം ഉൽപാദിപ്പിക്കാം. അതേസമയം ഇടുക്കി അണക്കെട്ട് ഇതുവരെ തുറന്നത് അഞ്ച് തവണയാണ്. അപ്പോഴെല്ലാം അതിന് സാക്ഷികളായി രണ്ട് പേരുണ്ടായിരുന്നു; പവിത്രൻ എന്ന 77കാരനും രവീന്ദ്രനാഥ് എന്ന 89കാരനും.

1981 ഒക്ടോബറിലെ മഴക്കാലത്താണ് ഡാം ആദ്യമായി തുറന്നത്. പെരിയാറ്റിലൂടെ വെള്ളം ഇരമ്പിയെത്തുന്നത് പഴയ വീടിന്റെ വരാന്തയിലിരുന്ന് ഭാര്യക്കും മക്കൾക്കുമൊപ്പം കണ്ടു പവിത്രൻ. കൂട്ടുകാരോടൊപ്പം മീൻ പിടിക്കാൻ പോയ ഓർമകളും ഉണ്ട്. 1992ൽ രണ്ടാമത് തുറന്നപ്പോൾ പെരിയാറ്റിലെ ജലപ്രവാഹം നോക്കിനിന്നത് മറക്കാനാവാത്ത അനുഭവമാണ്. എന്നാൽ, 2018ലെ ഡാം തുറക്കൽ നടുക്കുന്ന ഓർമയാണ്.

1959ൽ തൊടുപുഴ ഉടുമ്പന്നൂരിൽനിന്ന് വാഴത്തോപ്പിലെത്തിയ ഇദ്ദേഹം ഇ.എം.എസ് നമ്പൂതിരിപ്പാട് തറക്കല്ലിട്ടത് മുതൽ ഇന്ദിരാഗാന്ധി ഡാം രാഷ്ട്രത്തിന് സമർപ്പിച്ചതുവരെയുള്ള സംഭവങ്ങൾക്കെല്ലാം സാക്ഷിയുമാണ്. അണക്കെട്ട് തുറക്കുന്നത് കാണാൻ കാർത്തിക വീട്ടിൽ ഡോ. പി.സി. രവീന്ദ്രനാഥ് ഇത്തവണയും എത്തി. 1961ൽ കൊൽക്കത്ത ഹോമിയോപതിക് മെഡിക്കൽ കോളജിൽനിന്ന് ഡി.എം.എസ് നേടിയ ശേഷം ജോലിയുമായി ബന്ധപ്പെട്ടാണ് ഇടുക്കിയിലെത്തിയത്. ഡാമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുതലുള്ള കാര്യങ്ങൾക്ക് സാക്ഷിയാണ്. ആദ്യം അണക്കെട്ട് തുറന്നപ്പോൾ കാണാൻ നൂറുകണക്കിന് ആളുകൾ മല കയറിയെത്തിയതായി ഇദ്ദേഹം ഓർക്കുന്നു.