ഇടുക്കി: ഇടുക്കി എൻജിനീയറിങ് കോളജിൽ യൂണിയൻ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിനിടെ കോളജ് വിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുമായ ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് കസ്റ്റഡിയിലായത്. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

കണ്ണൂർ സ്വദേശിയും ഏഴാം സെമസ്റ്റർ കംപ്യൂട്ടർ സയൻസ് വിദ്യാർസ്ഥിയുമായ ധീരജ് കുത്തേറ്റാണ് മരിച്ചത്. കുത്തിയവർ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നിൽ യൂത്ത് കോൺഗ്രസാണെന്ന് എസ്എഫ്‌ഐ ആരോപിക്കുന്നു. അക്രമത്തിന് പിന്നിൽ പുറത്തു നിന്നെത്തിയ ക്രിമിനൽ സംഘമുണ്ടെന്നും ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുമെന്നും എസ്എഫ്‌ഐ നേതൃത്വം അറിയിച്ചു.

കണ്ണൂർ തളിപ്പറമ്പ്, പാലക്കുളങ്ങര സ്വദേശിയാണ് ധീരജ്. ധീരജിന്റെ കഴുത്തിലാണ് കുത്തേറ്റത്. കുത്തേറ്റ ധീരജിനെ ഉടനെ തന്നെ ഒപ്പമുള്ളവർ ഇടുക്കി മെഡിക്കൽ കോളജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആക്രമണത്തിൽ രണ്ടു പേർക്കു പരുക്കേറ്റു. തൃശൂർ സ്വദേശി ടി.അഭിജിത്ത്, അമൽ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരുടെ നില ഗുരുതരമാണ്. ചെറുതോണി പൊലീസ് കോളജിലെത്തി സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.ധീരജിനെ കുത്തിയത് കെ.എസ്.യു പ്രവർത്തകൻ നിഖിൽ പൈലിയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

കോളേജിന് പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ്- ക്രമിനൽ സംഘമാണ് ആക്രമണം നടത്തിയതെന്ന് എസ് എഫ് ഐയും സിപിഎമ്മും ആരോപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി ഓടിരക്ഷപ്പെടുന്നത് കണ്ടിരുന്നുവെന്ന് കുത്തേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ച സിപിഎം ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം സത്യൻ പറഞ്ഞു.

ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗമായ സത്യന്റെ വാഹനത്തിലായിരുന്നു കുത്തേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ചത്. ധീരജിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഒരു സംഘർഷവുമില്ലാതെയുള്ള ഏകപക്ഷീയമായ ആക്രമണമാണിത്. അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമെന്നും മന്ത്രി പറഞ്ഞു. വർഷങ്ങളായി എസ്എഫ്‌ഐയാണ് ഇടുക്കി എൻജിനീയറിങ് കോളജ് യൂണിയൻ ഭരിക്കുന്നത്.

അതേസമയം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇടുക്കി എൻജിനീയറിങ് കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പ് നിർത്തിവയ്ക്കാൻ സാങ്കേതിക സർവകലാശാല നിർദ്ദേശം നൽകി. പ്രിൻസിപ്പലിനോട് റിപ്പോർട്ട് തേടി, പ്രോ വൈസ് ചാൻസലർ കോളജ് സന്ദർശിക്കും.

എസ്എഫ്‌ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചതിനെ തുടർന്ന് ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. ഹോസ്റ്റലുകളിലും മറ്റുമുള്ള വിദ്യാർത്ഥികളും എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്നും പ്രിൻസിപ്പൽ നിർദ്ദേശിച്ചു.

ഇടുക്കി കൊലപാതകത്തിന് പിന്നാലെ മറ്റ് കോളജ് ക്യാമ്പസുകളിലേക്കും സംഘർഷം വ്യാപിക്കുകയാണ്. എറണാകുളം മഹാരാജാസ് കോളജിൽ സംഘർഷമുണ്ടായി. ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ഇടുക്കി കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവർത്തകർ ക്യാംപസിൽ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.

പതിനൊന്ന് കെ.എസ്.യു പ്രവർത്തകർക്ക് പരുക്കേറ്റു. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ പ്രവർത്തകർ അകാരണമായി മർദിച്ചുവെന്ന് കെ.എസ്.യു ആരോപിച്ചു. എസ്എഫ്‌ഐ തിരുവനന്തപുരത്തും പ്രതിഷേധ പ്രകടനങ്ങൾ നടത്തി. സെക്രട്ടേറിയേറ്റിന് മുന്നിലെ കോൺഗ്രസ് ഫ്‌ളക്‌സുകൾ കീറി.

അപലപിച്ച് മുഖ്യമന്ത്രി
ധീരജ് രാജേന്ദ്രന്റെ കൊലപാതകം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലാലയങ്ങളിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല. ധീരജിന്റെ കൊലപാതകികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന നിർദ്ദേശം പൊലീസിനു നൽകിയിട്ടുണ്ട്. ധീരജിന്റെ കുടുംബാംഗങ്ങളുടേയും സഹപാഠികളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെപിസിസി അധ്യക്ഷനായി കെ സുധാകരൻ വന്ന ശേഷം കോൺഗ്രസ് പ്രവർത്തകരെ അക്രമത്തിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പ്രകോപന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. അതിന്റെ ഭാഗമാണ് ഇടുക്കിയിൽ നടന്ന സംഭവമെന്നും അക്രമങ്ങളിലൂടെ കേരളത്തിന്റെ സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിക്കരുതെന്നും കോടിയേരി ആവശ്യപ്പെട്ടു. കോളേജ് തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോൾ പുറത്തുനിന്ന് സംഘടിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിദ്യാർത്ഥികളെ ആക്രമിച്ചത്. ഇങ്ങനെയാണ് സുധാകരന്റെ സെമി കേഡറെങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകുമെന്ന് ജനങ്ങൾ ആലോചിക്കണമെന്നും ധീരജിന്റേത് കോൺഗ്രസ് നേതൃത്വം അറിഞ്ഞ് നടത്തിയ കൊലപാതകമാണെന്നും കോടിയേരി വ്യക്തമാക്കി.


നാളെ എസ്എഫ്ഐ പഠിപ്പ് മുടക്ക്
മരണകാരണം ഹൃദയത്തിനേറ്റ കുത്ത്; കൊല നടത്തിയത് പുറത്തുനിന്നെത്തിയ യൂത്ത് കോൺഗ്രസ് സംഘമെന്ന് എസ്എഫ്ഐ; മറ്റൊരു വിദ്യാർത്ഥിയുടെ നില ഗുരുതരം
കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ എസ്എഫ്ഐ സംസ്ഥാന വ്യാപക പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. കൊലപാതകം ആസൂത്രിതമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് ആരോപിച്ചു. ക്യാമ്പസിനു പുറത്തുനിന്ന് സംഘടിച്ചെത്തിയ യൂത്ത് കോൺഗ്രസ് സംഘം എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു എന്ന് സച്ചിൻദേവ് പറഞ്ഞു.

കെഎസ്‌യു നടത്തുന്നത് അതിഭീകരമായ അക്രമമാണ്. അതിന് എല്ലാ സഹായവും നൽകുന്നത് യൂത്ത് കോൺഗ്രസാണ്. ഭ്രാന്ത് പിടിച്ച അക്രമി സംഘമായി കെഎസ്‌യു മാറി. വിദ്യാർത്ഥികളെയും ജനങ്ങളെയും അണിനിരത്തി ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോവുമെന്നും സച്ചിൻദേവ് പറഞ്ഞു.