കലഞ്ഞൂർ: അടിസ്ഥാന വർഗ്ഗങ്ങളെ സംരക്ഷിക്കുന്ന സർക്കാറാണ കേരളത്തിന്റേത് എന്നാണ് പൊതുവേ എല്ലാവരും പറയാറ്. എന്നൽ, സർക്കാറിന്റെ പരിഗണനകൾക്കും മലയാളികളുടെ പൊതു പരിഗണനകൾക്കും അപ്പുറം ചില കുടുംബങ്ങളുണ്ട്. കയറിക്കടിക്കാൻ ഒരു വീടിനായി കൊതിക്കുന്നവർ. അത്തരമൊരു കുടുംബത്തിന്റെ ദുരിതാവസ്ഥ അധികാരികളുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. ടാർപോളിൻ കെട്ടിയ കൂരയിൽ കഴിയേണ്ടി വരുന്നത് ഏഴ് പേർ അടങ്ങുന്ന കുടുംബമാണ്.

പൂമരുതിക്കുഴി വടക്കേ ഈട്ടിമൂട്ടിൽ യേശുദാസന്റെ വീട്ടിലാണ് ഈ ദുരവസ്ഥ. ഭാര്യ സുമ, മക്കളായ പ്രിൻസി, പ്രീനി, പ്രീതി, പ്രിൻസ്, ഒപ്പം സുമയുടെ അമ്മ രാജമ്മയും. വളരെ ഉയരമുള്ള പാറയുടെ പുറത്ത് കാട്ടുകമ്പുകൾ കൂട്ടിക്കെട്ടി അതിന് മുകളിൽ പഴകി ദ്രവിച്ച ടിൻഷീറ്റും കീറിനശിച്ച ഒരു ടാർപ്പോളിനും. വീടിന് കതക് എന്നൊന്നില്ല. ഇവിടെ എന്തിനാണ് കതക് എന്നൊരു മറുചോദ്യമാണ് ഈ വീട്ടുകാർ ചോദിക്കുന്നത്.

മഴ പെയ്താൽ ഒരൊറ്റതുള്ളി വെള്ളം പുറത്തേക്ക് പോകില്ല. മാത്രമല്ല മഴയും കാറ്റും ഉണ്ടെങ്കിൽ ഈ കൂരയിൽ ആരും ഉറങ്ങുകയുമില്ല.ചോർച്ച കുറവുള്ള ഭാഗത്തേക്ക് എല്ലാവരുംകൂടി ചേർന്നിരിക്കും. കഴിഞ്ഞ ഏപ്രിൽ 15-നാണ് യേശുദാസന്റെ ഇളയ മകന് കുടലിലെ പ്രശ്നത്തിന് കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ചെയ്തത്. മെയ്‌ 17-ന് കുത്തിക്കെട്ട് എടുക്കുന്നതിനായി ചെല്ലുവാനാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്.കോട്ടയം വരെ രണ്ട് പേർക്ക് പോകുന്നതിനുള്ള വണ്ടിക്കൂലിപോലും ഇപ്പോൾ ഇവരുടെ കൈയിലില്ല. കൂലിപ്പണിക്കാരനായ യേശുദാസന് ഇപ്പോൾ പണി കിട്ടിയിട്ട് തന്നെ നാളേറെയായി.

65 വയസ്സുള്ള രാജമ്മയും തൊഴിലുറപ്പ് പണികൾക്ക് പോകാറുണ്ട്. ഇപ്പോൾ പണി ഇല്ലാത്തതിനാൽ ദുരിതം മാത്രമാണിപ്പോൾ കുടുംബത്തിന്. രണ്ട് പെൺമക്കൾ നഴ്സിങ് പഠിക്കുകയാണ്. അവരുടെ പഠനാവശ്യത്തിനായി സഹായിക്കേണ്ടവരെല്ലാം സഹായിച്ചു. വീട്ടിലെ അവശ്യത്തിന് വെള്ളം വേണമെങ്കിൽ പാറയിറങ്ങി വഴിയില്ലാത്തതിനാൽ ആന വരുന്ന ഭാഗത്തുകൂടി അര കിലോമീറ്റർ നടന്ന് തലച്ചുമടായി കൊണ്ടുവരണം.

ഇത്തരത്തിൽ ദിവസവും പത്തിലധികം പ്രാവശ്യമാണ് ഇവർ വെള്ളത്തിനായി യാത്രചെയ്യുന്നത്. മൂന്ന് പെൺമക്കളെയുംകൂട്ടി അടച്ചുറപ്പില്ലാത്ത ഈ കൂരയിൽ വളരെ ഭീതിയോടെയാണ് ഇവർ കഴിയുന്നത്. വീടിന് അടുത്തുവരെ കാട്ടാന എപ്പോഴും എത്തും.വളർത്തുനായകൾ വലിയ രീതിയിൽ കുരയ്ക്കുന്നത് കേൾക്കുമ്പോൾ തന്നെ ഈ അച്ഛനും അമ്മയും കുട്ടികളെ ചേർത്തുപിടിക്കും.

മഴ ശക്തമാകുന്നു എന്ന് കേൾക്കുമ്പോൾ തന്നെ ഇവർക്ക് ഭീതിയാണ്. ചെറിയ ഒരു കാറ്റ് മതി കാട്ടുകമ്പ് കോർത്ത് നിർമ്മിച്ച ഈ കൂര പറന്നുപോകാൻ. ഒപ്പം ഏഴ് ജീവിതങ്ങളുടെ ജീവിതവും. തീർത്തും ദുസ്സഹായവസ്ഥയിൽ കഴിയുന്ന ഇവരുടെ കുടുംബത്തെ സഹായിക്കാൻ അധികരമാകും രംഗത്തില്ലെന്നതാണ് വാസ്തവം. കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിൽ വീടും വസ്തുവും ഇല്ലാത്തവരുടെ ലിസ്റ്റിൽ ഇവർ ഉൾപ്പെട്ടിട്ടുള്ളതായും ഇനിവരുന്ന പട്ടികയിൽ ഇവർക്ക് സ്ഥലം വാങ്ങുന്നതിന് അനുമതിയുണ്ടാകുമെന്നും വാർഡംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മിനി എബ്രഹാം പറഞ്ഞു.