ഇടുക്കി: ശാന്തൻപാറ തൊട്ടിക്കാനത്ത് മോഷണത്തിനായി അടുക്കള വാതിൽ തുറന്നു വീടിനകത്തു കയറിയ കള്ളൻ അടുപ്പിനു സമീപത്തു വച്ചിരുന്ന മീൻകറിയും കപ്പ പുഴുങ്ങിയതും കഴിച്ചു മടങ്ങി. തൊട്ടിക്കാനം സ്വദേശി ബെന്നി ജോസഫിന്റെ വീട്ടിൽ കയറിയ മോഷ്ടാവാണു വയറു നിറച്ച ശേഷം മോഷണം നടത്താതെ മടങ്ങിയത്.

പുലർച്ചെ മൂന്നരയോടെ അടുക്കളയിൽ നിന്നു പാത്രം നിലത്തു വീണ ശബ്ദം കേട്ടു വീട്ടുകാർ ലൈറ്റിട്ടതോടെ മോഷ്ടാവ് കടന്നുകളയുകയായിരുന്നു. മീൻകറി വച്ച കലത്തിലേക്കു കപ്പപ്പുഴുക്ക് അപ്പാടെ കമഴ്‌ത്തിയ ശേഷമാണു തിന്നു തീർത്തത്.

അതേ ദിവസം തന്നെ സമീപത്തെ മറ്റൊരു വീട്ടിലും മോഷണശ്രമം നടന്നു. വാതിൽ തുറക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ ഉണർന്നു. അതോടെ മോഷ്ടാവ് സ്ഥലം വിട്ടു. ഇവരുടെ പരാതിയിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.