തിരുവനന്തപുരം: നാൽപ്പത്തിയൊമ്പത് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ച ഹോക്കി ടീമിലെ ഗോളിയും മലയാളി സാന്നിദ്ധ്യവുമായ ശ്രീജേഷിന് തിരുവനന്തപുരത്തെ പെട്രോൾ പമ്പിന്റെ ആദരം.ശ്രിജേഷ് എന്നു പേരുള്ള യാത്രക്കാർ 101 രൂപയുടെ പെട്രോൾ സൗജന്യമായി നൽകിയാണ് ശ്രിജേഷിനോടുള്ള ആദരം പമ്പുടമ പ്രകടിപ്പിക്കുന്നത്.കാഞ്ഞിരംപാറയിലെ ഹരേ കൃഷ്ണ പെട്രോൾ പമ്പുടമ സുരേഷാണ് രാജ്യത്തുതന്നെ വളരെ വ്യത്യസ്തമായ സമ്മാനപദ്ധതി ഏർപ്പെടുത്തിയത്.

പേര് ശ്രീജേഷാണെന്ന് തെളിയിക്കുന്ന അംഗീകൃത ഐഡി കാർഡുമായി വന്നാൽ 101 രൂപയുടെ ഇന്ധനം സൗജന്യമായി നൽകും. ഓഗസ്റ്റ് 31 വരെയാണ് ഓഫർ. ഒരാൾക്ക് ആഴ്ചയിൽ ഒരു തവണ മാത്രമേ ഇന്ധനം അടിക്കാനാകൂ. അടുത്തയാഴ്ച വീണ്ടും ഇന്ധനം നിറയ്ക്കാം. ബുധനാഴ്ച വൈകിട്ട് സമ്മാനപദ്ധതി പ്രഖ്യാപിച്ചതിനുശേഷം പന്ത്രണ്ടോളം ശ്രീജേഷുമാർ എത്തിയതായി പമ്പുടമ സുരേഷ് പറഞ്ഞു.

ഒളിംപിക്‌സ് പുരുഷ ഹോക്കിയിൽ ജർമനിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീം വെങ്കലം നേടിയത്. നിർണായകമായത് ഗോൾക്കീപ്പറായ ശ്രീജേഷിന്റെ പ്രകടനമാണ്. 41 വർഷത്തിനുശേഷമാണ് ഇന്ത്യയ്ക്കു ഹോക്കി മെഡൽ ലഭിക്കുന്നത്. 49 വർഷത്തിനുശേഷമാണ് മലയാളിക്കു ഒളിംപിക്‌സ് മെഡൽ ലഭിക്കുന്നത്.

ശ്രീജിത്തിന് വേറിട്ട രീതിയിൽ ആദരമൊരുക്കണമെന്ന ചിന്ത ഉണ്ടയപ്പോൾ മക്കളായ സൂര്യയും മീനാക്ഷിയുമാണ് ഇത്തരമൊരു ആശയം മുന്നോട്ട് വച്ചത്. ഇത്തരം വേറിട്ട പ്രവർത്തനങ്ങളിലുടെ ഹരേ കൃഷ്ണ പമ്പ് വാർത്തകളിൽ ഇടം നേടിയിരുന്നു. യാത്രക്കാർക്ക് ചായയും സംഭാരവും നൽകി നേരത്തെയും പമ്പ് ശ്രദ്ധ നേടിയിരുന്നു.1997ലാണ് പമ്പ് ആരംഭിച്ചത്.

ഇന്ന് രാവിലെ മെഗാ സ്റ്റാർ മമ്മൂട്ടി ശ്രീജിത്തിന്റെ വീട്ടിൽ നേരിട്ടെത്തി ആദരമർപ്പിച്ചിരുന്നു. വൈകീട്ടോടെ മോഹൻലാലും ശ്രീജിത്തിനെ വിളിച്ച് അഭിനന്ദനമറിയിച്ചു.