പനാജി: ഗോവയിൽ നടക്കുന്ന അമ്പത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുട ക്കമാകും. കോവിഡ് പശ്ചാത്തലത്തിൽ ജനുവരി 16 മുതൽ 24 വരെ ഹൈബ്രിഡ് രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്. 2500 ഡെലിഗേറ്റുകൾക്ക് മാത്രമേ പ്രവേശനമുള്ളൂ. അല്ലാത്തവർക്ക് ഓൺലൈനായി സിനിമ കാണാം.ഡാനിഷ് സംവിധായകൻ തോമസ് വിന്റർബെർഗിന്റെ അന തർ റൗണ്ടാണ് ഉദ്ഘാടന ചിത്രം.

ആകെ 224 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക. മത്സരവിഭാഗത്തിൽ ഇത്തവണ മലയാ ളചിത്രങ്ങളില്ല. 23 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് പനോരമ വിഭാഗ ത്തിലുള്ളത്. മലയാളത്തിൽനിന്ന് അഞ്ച് ഫീച്ചർ സിനിമകളും ഒരു നോൺ ഫീച്ചർ ചിത്രവും ഇടംനേടിയിട്ടുണ്ട്.പ്രദീപ് കാളിപുറം സംവിധാനംചെയ്ത 'സേഫ്', അൻവർ റഷീദ് ചിത്രം 'ട്രാൻസ്', നിസാം ബഷീർ സംവിധാനം ചെയ്ത 'കെട്ട്യോളാണ് എന്റെ മാലാഖ', സിദ്ദിഖ് പരവൂരിന്റെ 'താഹിറ', മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത 'കപ്പേള' എന്നിവയാണ് ഫീച്ചർ വിഭാഗത്തിൽ ഇടംപിടിച്ചത്. ശരൺ വേണുഗോപാലിന്റെ 'ഒരു പാതിരാസ്വപ്നം പോലെ' ആണ് നോൺ ഫീച്ചർ വിഭാഗത്തിൽ മലയാളത്തിൽനിന്ന് ഇടംപിടിച്ച ചിത്രം.

ജയറാം കുചേലനായി വേഷമിടുന്ന സംസ്‌കൃത സിനിമ നമയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. അർജന്റീനയിൽ നിന്നുള്ള സംവിധായകൻ പാബ്ലോ സെസാറാണ് അന്താരാഷ്ട്ര ചിത്രങ്ങളുടെ ജൂറി അധ്യക്ഷൻ. പ്രിയദർശൻ, പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്കർ ഷോകി (ഓസ്ട്രിയ), റുബയ്യാത്ത് ഹൊസൈൻ (ബംഗ്ലാദേശ്) എന്നിവർ ജൂറി അംഗങ്ങളാണ്.