പാലക്കാട്: പാലക്കാട് ജില്ലാ ഭാഗ്യക്കുറി ഓഫീസറുടെ നേതൃത്വത്തിൽ അനധികൃത ലോട്ടറി വിൽപ്പന തടയാൻ അതിർത്തി പ്രദേശങ്ങളായ വേലന്താവളം, കൊഴിഞ്ഞാമ്പാറ, ഗോപാലപുരം മേഖലകളിൽ മിന്നൽ പരിശോധന നടത്തി. ഭാഗ്യക്കുറി ചട്ടങ്ങൾക്ക് വിരുദ്ധമായുള്ള എഴുത്തു ലോട്ടറിയും മറ്റു അനധികൃത ഭാഗ്യക്കുറി വിൽപ്പനയും വ്യാപകമായി നടക്കുന്നുണ്ടെന്ന് സംശയത്തിലാണ് പൊലീസ് സഹായത്തോടെ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അനധികൃത ഭാഗ്യക്കുറി വിൽപ്പന ശ്രദ്ധയിൽപ്പെട്ടാൽ ഏജൻസി റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ.എസ് ഷാഹിത അറിയിച്ചു.

കൂടാതെ, ഭാഗ്യക്കുറി ടിക്കറ്റുകളിൽ ഏജൻസി സീൽ പതിപ്പിച്ച് മാത്രമേ വിൽപ്പന നടത്താവൂയെന്നും 12-ലധികം സീരീസ് ഭാഗ്യക്കുറികൾ വിൽപ്പന നടത്തരുതെന്നും എഴുത്തു ലോട്ടറി വിൽപന തടയേണ്ടതിനെക്കുറിച്ചും ബോധവത്കരണം നടത്തുകയും ചെയ്തു.

ജൂനിയർ സൂപ്രണ്ട് പി എസ് ശ്രീധരൻ, സീനിയർ ക്ലാർക്കുമാരായ എസ് പ്രവീൺ, ആർ രജിത്ത് എന്നിവരാണ് പരിശോധന സംഘത്തിലെ മറ്റ് അംഗങ്ങൾ. അനധികൃത ഭാഗ്യക്കുറി വിൽപ്പനയുമായി ബന്ധപ്പെട്ട പരാതികൾ 18004258474 ടോൾഫ്രീ നമ്പറിലോ www.statelottery.kerala.gov.in ലോ അറിയിക്കാം.