ന്യൂഡൽഹി: അലോപ്പതി ചികിത്സയെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയ രാംദേവിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്ത്. രാംദേവിനെതിരെ കൂടുതൽ ശക്തമായ നടപടികളിലേക്ക് കടക്കാനാണ് സംഘടനയുടെ തീരുമാനം. രാജ്യമെങ്ങുമുള്ള ഐഎംഎ യൂണിറ്റുകൾ രാം ദേവിനെതിരെ പരാതി നൽകും. ഐഎംഎയുടെ 3.5 ലക്ഷം അംഗങ്ങളും 1700 പ്രാദേശിക യൂണിറ്റുകളും പരാതിയുടെ ഭാഗമാകും.നേരത്തെ ചത്തീസ്ഗഢ് സംസ്ഥാന യൂണിറ്റ് രാംദേവിനെതിരെ മാനനഷ്ടക്കേസ് കൊടുത്തിരുന്നു. എന്നാൽ രാംദേവ് വീണ്ടും അവഹേളനപരമായ പ്രസ്താവനകളും വെല്ലുവിളികളും നടത്തുന്നതിനിടെയാണ് ഐ എം എ രാജ്യമെങ്ങും നടത്തുന്ന പ്രതിഷേധമെന്ന രീതിയിൽ രാംദേവിനെതിരെ എല്ലാ യൂണിറ്റുകളും പരാതികൾ നല്കാൻ തീരുമാനിച്ചത്.

കൊവിഡിന്റെ മുന്നണിപ്പോരാളികളായി പ്രവർത്തിക്കുന്ന ലക്ഷകണക്കിന് അലോപ്പതി ഡോക്ടർമാരെയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധീകരിക്കുന്നത്. ഐ എം എ ഒരു രാഷ്ട്രീയ പാർട്ടിക്കും എതിരല്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ വാക്സിനേഷനെതിരെയാണ് രാംദേവ് നടത്തിയ പ്രസ്താവന അതുകൊണ്ട് തന്നെ അതു ശക്തമായി എതിർക്കപ്പെണ്ടതുമാണെന്ന് ഐ എം എ മുൻ പ്രസിഡന്റ് രവി വങ്കേഡെക്കർ അഭിപ്രായപ്പെട്ടു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ മൗനം വെടിയണമെന്ന് സംഘടന ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാംദേവിന്റെ പ്രസ്താവനയോട് പ്രതികരിക്കണമെന്ന് ഐ എം എ ജനറൽ സെക്രട്ടറി ജയേഷ് ലാല പറഞ്ഞു.കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ നേരത്തെ രാംദേവിന്റെ പ്രസ്താവനയെ തള്ളിക്കളഞ്ഞിരുന്നു.എന്നാൽ സർക്കാർ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണങ്ങൾ നടത്തേണ്ടതുണ്ടെന്നാണ് ഐ എം എ അഭിപ്രായപ്പെടുന്നത്.അലോപ്പതി വിഡ്ഢിത്തവും പാപ്പരായതുമായ ചികിത്സാസമ്പ്രദായമാണെന്നായിരുന്നു രാംദേവ് നടത്തിയ പ്രസ്താവന.

അതിനിടെ ദേശീയ മെഡിക്കൽ കമ്മീഷൻ സംബന്ധിച്ച നിർദേശങ്ങളിൽ ഐ എം എ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.കൂടാതെ ആയുർവേദ ഡോക്ടർമാർക്കും സർജിറി ചെയ്യാൻ അനുവാദം നല്കുന്നതിനേയും ഐ എം എ എതിർക്കുന്നുണ്ട്.