ന്യൂഡൽഹി:18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ്-19 വാക്സിൻ ഉടൻ വിതരണം ചെയ്യാൻ അനുമതി തേടി പ്രധാനമന്ത്രിക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കത്ത്.

നിലവിൽ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് കോവിഡ് വാക്സിൻ നൽകുന്നത്. എന്നാൽ രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുന്ന സാഹചര്യത്തിൽ നമ്മുടെ പ്രതിരോധ കുത്തിവെപ്പ് യജ്ഞം കൂടുതൽ വിപുലപ്പെടുത്തേണ്ടതുണ്ട്. 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഉടൻ വാക്സിൻ വിതരണം ചെയ്യണണെന്ന് ഐഎംഎ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.

വാക്സിൻ വിതരണത്തിൽ കൂടുതൽ സ്വകാര്യ ക്ലിനിക്കുകളേയും സ്വകാര്യ ആശുപത്രികളേയും ഉൾപ്പെടുത്തണണെന്നും ഇത് വാക്സിൻ യജ്ഞത്തിന് കരുത്ത് പകരമെന്നും കത്തിൽ പറയുന്നുണ്ട്.

പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്ന എല്ലാവർക്കും കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം, സിനിമ തീയറ്റർ, സാംസ്‌കാരിക-മതപരമായ ചടങ്ങുകൾ, കായിക പരിപാടികൾ എന്നിവ നടത്തുന്ന സ്ഥലങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളും കത്തിലുണ്ട്.