തിരുവനന്തപുരം: ഡോക്ടർമാർക്കെതിരെ അടിക്കടിയുണ്ടാവുന്ന അതിക്രമത്തിൽ മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം. ഇത്തരത്തിൽ അതിക്രമങ്ങളുമായി മുന്നോട്ടു പോയി വാക്സിനേഷൻ നിർത്തിവെയ്ക്കേണ്ട സാഹചര്യത്തിലേക്കെത്തിക്കരുത്. ഡോക്ടർമാർക്കെതിരെയുള്ള അതിക്രമങ്ങൾ സഹിക്കാൻ കഴിയുന്നതിനും അപ്പുറത്തെത്തുന്നത് കയ്യുംകെട്ടി നോക്കി നിൽക്കില്ലെന്നും ഐഎംഎ വ്യക്തമാക്കി.

ഡോക്ടർമാരെ കൈയേറ്റം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസ് തയ്യാറാക്കുന്നില്ലെന്ന് ഐഎംഎ ആരോപിച്ചു. രാഷ്ട്രീയപ്രവർത്തകർ പറയുന്ന ആളുകൾക്ക് വാക്സിൻ നൽകാത്തത്തിന്റെ പേരിൽ ആരോഗ്യപ്രവർത്തകർക്ക് മർദ്ദനമേൽക്കുന്ന അവസ്ഥയാണുള്ളത്.

വിഷയത്തിൽ മുഖ്യമന്ത്രി അപലപിക്കുവാനോ, എംഎൽഎമാർ നിയമസഭയിൽ വിഷയം ഉന്നയിക്കാനോ തയ്യാറാകുന്നില്ല. ഈ സ്ഥിതി തന്നെ തുടർന്നുപോകുകയാണെങ്കിൽ പ്രവർത്തനം നിർത്തിവെച്ച് മുന്നോട്ടുപോകേണ്ടി വരുമെന്നും ഐഎംഎ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വനിത ഡോക്ടറെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്യുന്ന സാഹചര്യത്തിൽറെ പശ്ചാത്തലത്തിലാണ് ഐഎംഎ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ഈ കോവിഡ് കാലത്തുപ്പോലും ഇങ്ങനെ സംഭവിക്കുന്നത് ഇനിയും നോക്കി നിൽക്കാനാവില്ല. കോവിഡ് ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിന്നും മാറി നിന്നുകൊണ്ടുള്ള സമരപരിപാടികളിലേക്ക് കേരളത്തിലെ ഡോക്ടർമാരെ തള്ളിവിടാതിരിക്കുവാനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.